കോട്ടയം: ആരോഗ്യവകുപ്പിൽ ജെപിഎച്ച്എൻ ഗ്രേഡ്1 തസ്തികയിലെ ജീവനക്കാരുടെ പ്രൊമോഷൻ അനുവദിച്ച സർക്കാരിന് അഭിവാദ്യമർപ്പിച്ച് എൻ.ജി.ഒ യൂണിയൻ ജില്ലയിലെ വിവിധ കേന്ദ്രങ്ങളിൽ ആഹ്ലാദപ്രകടനം നടത്തി. സ്‌പെഷ്യൽ റൂളുകൾ പ്രകാരം 6 മാസത്തെ ഫീമെയിൽ ഹെൽത്ത് സൂപ്പർവൈസറി പരിശീലനം വിജയകരമായി പൂർത്തിയാക്കുന്നവരെയാണ് പബ്ലിക് ഹെൽത്ത് നഴ്‌സുമാരായി പ്രൊമോട്ട് ചെയ്യുന്നത്. നിലവിൽ തിരുവനന്തപുരത്തും കോഴിക്കോട്ടും മാത്രമാണ് പരിശീലനകേന്ദ്രങ്ങൾ. എൻജിഒ യൂണിയൻ സർക്കാരിനു നൽകിയ നിവേദനം പരിഗണിച്ചാണ് നിലവിലുള്ള ഒഴിവുകൾ നികത്താൻ ആവശ്യമായ ജെപിഎച്ച്എൻ ഗ്രേഡ്1 ജീവനക്കാരെ പബ്ലിക് ഹെൽത്ത് നഴ്‌സുമാരായി പ്രൊമോട്ട് ചെയ്യുന്നതിന് ആരോഗ്യവകുപ്പ് ഡയറക്ടർക്ക് അനുമതി നല്കി സർക്കാർ ഉത്തരവായത്. കോട്ടയം ജില്ലാ മെഡിക്കൽ ഓഫീസിനു മുന്നിൽ നടത്തിയ ആഹ്ലാദപ്രകടനത്തെ അഭിവാദ്യം ചെയ്ത് എൻ.ജി.ഒ യൂണിയൻ സംസ്ഥാന സെക്രട്ടറിയേറ്റംഗം സീമ എസ് നായർ, ജില്ലാ പ്രസിഡന്റ് കെ ആർ അനിൽ കുമാർ എന്നിവർ സംസാരിച്ചു.