clng

വാകത്താനം: ദിശാ ബോർഡുകൾ കാടുകയറിയപ്പോൾ നാട്ടുകാർ കൈക്കോട്ടുമായി നിരത്തിലിറങ്ങി. മണിക്കൂറുകൾ കൊണ്ട് ദിശാ ബോർഡ് ദിശകാട്ടി തുടങ്ങി. മണർകാട്-പെരുന്തുരുത്തി ബൈപ്പാസ് റോഡിലെ ദിശാ ബോർഡുകളാണ് നാട്ടുകാരുടെ കൂട്ടായ പരിശ്രമത്തിൽ വെളിച്ചം കണ്ടത്.

ദിശാബോർഡുകളെ മറച്ച് റോഡരികിൽ പൊക്കത്തിൽ പുല്ലുകളും പടർപ്പുകളും വളർന്നു നിൽക്കുകയായിരുന്നു. പുതുപ്പള്ളി ചങ്ങനാശേരി റോഡിലെ ഭൂരിഭാഗം റോഡരികുകളും കാട് പിടിച്ച നിലയിലായിരുന്നു. കാൽനടയാത്ര പോലും സാദ്ധ്യമല്ലായിരുന്നു. പലയിടങ്ങളിലും റോഡിലേക്ക് ഇറങ്ങി ഇവ വളർന്നു നിൽക്കുകയായിരുന്നു. റോഡിന്റെ വളവുള്ള ഭാഗങ്ങളിൽ എതിർദിശയിൽ നിന്നു വരുന്ന വാഹനങ്ങൾ കാണാൻ കഴിഞ്ഞിരുന്നില്ല.

കൂടാതെ പുല്ല് വളർന്ന ഭാഗങ്ങളിൽ മാലിന്യങ്ങളും തള്ളുന്നതും മദ്യകുപ്പികൾ വലിച്ചെറിയുന്നതും പതിവായിരുന്നു. കൂടാതെ പുല്ല് വളർന്നു നില്ക്കുന്ന റോഡരികിൽ പഴയ ഇലക്ട്രിക് പോസ്റ്റുകളും സോളാർലൈറ്റുകളും തുരുമ്പെടുത്ത് ദ്രവിച്ചു നിൽക്കുന്ന സ്ഥിതിയായിരുന്നു. രാത്രികാലങ്ങളിൽ ഇതുവഴിയുള്ള സഞ്ചാരവും ഭീതികരമാണ്. ഇഴജന്തുക്കളുടെ ശല്യവുമുണ്ട്. ദിശാസൂചികകൾ പലതും കാടും പടർപ്പും കയറി ഉപയോഗശൂന്യമായിരുന്നു. സ്ഥലനാമങ്ങളും കിലോമീറ്ററുകളും രേഖപ്പെടുത്തിയ ബോർഡുകൾ വെറുതെ നശിക്കുന്നതിനെതിരെ അധികൃതർ നടപടി എടുക്കണമെന്ന യാത്രക്കാർ ആവശ്യപ്പെട്ടിരുന്നെങ്കിലും ഫലമുണ്ടായില്ല.

കഴിഞ്ഞ ദിവസം തൃക്കോതമംഗലത്ത് നാല് പേർ മരിക്കാനിടയായ അപകടം നടന്നിരുന്നു. ഇവിടെ നിന്ന് രണ്ട് കിലോമീറ്ററോളം ദൂരത്തിൽ ദിശാ ബോർഡുകളും റിഫ്ളക്ടറുകളും കാണാത്ത രീതിയിൽ മറഞ്ഞു നിൽക്കുകയായിരുന്നു. തുടർന്നാണ് നാട്ടുകാർ കുറ്റിക്കാടുകളും മരച്ചില്ലകളും നീക്കം ചെയ്തത്. ചങ്ങനാശേരി മോട്ടോർ വെഹിക്കിൾ ഡിപ്പാർട്ട്‌മെന്റിന്റെയും വാകത്താനം ഗ്രാമപഞ്ചായത്തിന്റെയും സഹകരണത്തോടെയാണ് ശൂചീകരിച്ചത്. ചങ്ങനാശേരി ജോയിന്റ് ആർ ടി ഒ.പി.സി ചെറിയാന്റെ നേതൃത്വത്തിൽ വാകത്താനം പഞ്ചായത്ത് പ്രസിഡന്റ് പി.ബി. പ്രകാശ് ചന്ദ്രൻ ശുചീകരണം ഉദ്ഘാടനം ചെയ്തു. സ്റ്റാൻഡിംഗ് കമ്മറ്റി ചെയർമാൻ സി.ബി. ആന്റണി എന്നിവരുടെ സാന്നിദ്ധ്യത്തിൽ എം.വി.ഐമാരായ കെ ശ്രീജിത്ത്, അജിത്ത് ആൻഡ്രൂസ്, എ.എം.വി.ഐമാരായ എസ്. ബിജോയ്, ജോസ് ആന്റണി എന്നിവരുടെയും സന്നദ്ധപ്രവർത്തകരുടെ സഹായത്തോടെ നീക്കം ചെയ്തത്.