
കോട്ടയം: രണ്ടുദിവസമായി വില ചെറുതായി പിന്നോട്ടിറങ്ങിയെങ്കിലും റബർ വിപണിയിൽ അപ്രതീക്ഷിതമായുണ്ടായ കുതിപ്പിന്റെ സന്തോഷത്തിലാണ് കർഷകർ. അന്താരാഷ്ട്ര വിപണിയിൽ സ്വാഭാവിക റബറിനുണ്ടായ ആവശ്യം ഗുണകരമായത് കൊവിഡിൽ നട്ടംതിരിഞ്ഞ കർഷകർക്കാണ്. അതേസമയം, ആഭ്യന്തര വിപണിയിൽ 161 രൂപ വരെയെത്തിയ റബർ വില രണ്ട് ദിവസംകൊണ്ട് 159 രൂപയായി കുറഞ്ഞു.
123 രൂപ വിലയുണ്ടായിരുന്ന റബറിന് പത്ത് ദിവസത്തിനുള്ളിൽ 38 രൂപയോളമാണ് വർദ്ധിച്ചത്. 71 രൂപയുണ്ടായിരുന്ന ഒട്ടുപാൽ 90 രൂപയിലുമെത്തി. അപ്രതീക്ഷിത വിലക്കയറ്റത്തെ തുടർന്ന് ടാപ്പിംഗ് ഉഷാറാക്കുകയാണ് കർഷകർ. എന്നാൽ, റബർ വില 200ലേക്ക് പോകുമെന്ന പ്രതീതിക്കിടെയാണ് രണ്ട് ദിവസമായുള്ള വിലക്കുറവ്.
2017 ഒക്ടോബറിലും സമാനമായ വിലവർദ്ധനയുണ്ടായെങ്കിലും വൈകാതെ കുറഞ്ഞിരുന്നു. ഇനിയും വില വർദ്ധിക്കുമെന്ന പ്രതീക്ഷയിൽ കർഷകർ വിൽക്കാതെ ശേഖരിച്ചുവച്ചതിനാൽ ഉത്പന്നം മാർക്കറ്റിലെത്തിക്കാനുള്ള തന്ത്രമാണ് പെട്ടെന്നുള്ള വിലയിറക്കമെന്ന കണക്കുകൂട്ടലുമുണ്ട്. ആന്താരാഷ്ട്ര വിപണിയിൽ വില 200 രൂപ കടന്നിട്ട് ദിവസങ്ങളായി.
റബറിന് വൻ ഡിമാൻഡ്
കൊവിഡിന് ശേഷം വാഹന വിപണിയിലുണ്ടായ ഉണർവിൽ റബറിന്റെ ഡിമാൻഡ് കൂടി. ടയറിന് പുറമേ, സീറ്റും ചവിട്ടിയുമടക്കമുള്ള സാമഗ്രികൾക്കായി വൻതോതിൽ റബർ വേണം. ചൈനയടക്കമുള്ള രാജ്യങ്ങൾ സ്വാഭാവിക റബർ വാങ്ങിക്കൂട്ടുകയാണ്. റബർ സുലഭമായി ലഭിക്കുന്ന മലേഷ്യയും ഇൻഡോനേഷ്യയും ഉൾപ്പെടെയുള്ള രാജ്യങ്ങളെ മഴ ബാധിച്ചു. കൊവിഡ് മൂലം തൊഴിലാളികളെ കിട്ടാനില്ലാത്തതും പ്രതിസന്ധിയായി.
കേരളത്തിൽ കിട്ടാനില്ല
കാലങ്ങളായി റബറിന് വിലയില്ലാത്തതിനാൽ ഭൂരിഭാഗം കർഷകരും റബർ ഉപേക്ഷിച്ചമട്ടിലായിരുന്നു. പലരും റബർ വെട്ടിമാറ്റി പകരം പ്ളാവും തെങ്ങുമൊക്കെ നട്ടു. കൂലികൊടുത്താൽ നഷ്ടമായതിനാൽ വർങ്ങളായി ടാപ്പിംഗ് ഉപേക്ഷിച്ചവരും ഏറെ. ഏറ്റവും കൂടുതൽ ആദായം ലഭിക്കുന്ന സമയം കൂടിയാണ് ജൂലായ്-ഡിസംബർ കാലം. ഈ സമയത്ത് വിലകൂടിയത് റബറിനെ മാത്രം ആശ്രയിച്ച് ജീവിക്കുന്നവർക്ക് അനുഗ്രഹമായി.
''ലോക്ക്ഡൗണും പ്രതികൂല കാലാവസ്ഥയും മൂലം 40 ശതമാനത്തിന് മുകളിൽ ഉത്പാദനം കുറഞ്ഞു. അന്താരാഷ്ട്ര വില കുറയാത്തത് പ്രതീക്ഷയാണ്""
ജോഷി മംഗലം, ഹോൾസെയിൽ ഡീലർ
റബറിന്റെ കാലം
അന്താരാഷ്ട്ര വിപണിയിൽ വൻ ഡിമാൻഡ്, വില ₹200 കടന്നു
ഡിമാൻഡുള്ളതിനാൽ 150 രൂപയ്ക്ക് താഴെപ്പോവില്ലെന്ന് വ്യാപാരികൾ
എന്നാൽ, കൊവിഡ് മൂലം ഉത്പാദനം കുറവ്
കേരളത്തിൽ 161 രൂപ വരെയെത്തിയ വില രണ്ട് ദിവസംകൊണ്ട് 159 രൂപയായി കുറഞ്ഞു
കഴിഞ്ഞവർഷം ഇതേസമയത്ത് വില 120 രൂപയോളമായിരുന്നു