വൈക്കം : സുഭിക്ഷ കേരളം പദ്ധതിയുടെ ഭാഗമായി ഫിഷറീസ് വകുപ്പും വൈക്കം നഗരസഭയും ചേർന്ന് ഒന്നാം വാർഡിൽ നടപ്പാക്കുന്ന പടുതാക്കുളത്തിലെ മത്സ്യകൃഷിയുടെ മീൻകുഞ്ഞ് നിക്ഷേപം വിദ്യാഭ്യാസ സ്റ്റാൻഡിംഗ് കമ്മി​റ്റി ചെയർമാൻ ജി.ശ്രീകുമാരൻ നായർ ഉദ്ഘാടനം ചെയ്തു.

ഗുണഭോക്താവ് സ്വന്തം പുരയിടത്തിൽ രണ്ട് സെന്റ് സ്ഥലത്ത് കുളം നിർമ്മിച്ച് മത്സ്യകൃഷി നടത്തുന്ന പദ്ധതിയാണിത്. കൃഷിക്കാവശ്യമായ മത്സ്യകുഞ്ഞുങ്ങളെ ഫിഷറീസ് വകുപ്പ് സൗജന്യമായി നൽകും. ആറ് മാസമാണ് വളർച്ചയുടെ കാലം. വിപണന സൗകര്യം ഫിഷറീസ് വകുപ്പ് തരപ്പെടുത്തി കൊടുക്കും. നഗരസഭ കൗൺസിലർ എസ്.ഹരിദാസൻ നായർ അദ്ധ്യക്ഷത വഹിച്ചു. ഫിഷറീസ് ഉദ്യോഗസ്ഥരായ എം.ബീനാമോൾ, മിൻസി മാത്യു, മുൻ കൗൺസിലർ കെ.ഷഡാനനൻ നായർ എന്നിവർ പങ്കെടുത്തു.