പനച്ചിക്കാട്: പരുത്തുംപാറയിൽ ഇരുപതിനായിരം രൂപയിലധികം വിലയുള്ള ആടിനെ മോഷ്ടിച്ച് കടത്തിയതായി പരാതി. പരുത്തുംപാറ ഷാപ്പുകുന്ന് കാട്ടുപറമ്പിൽ കെ.ആർ പ്രസാദിന്റെ ഫാമിൽ നിന്നാണ് മുട്ടനാട് മോഷണം പോയത്. കഴിഞ്ഞ ദിവസം രാത്രിയിലായിരുന്നു കേസിനാസ്പദമായ സംഭവം. ആടിന് തീറ്റികൊടുക്കാൻ ചെന്നപ്പോഴാണ് കൂട്ടിൽ കിടന്ന കറുത്ത മുട്ടനാടിനെ കാണാനില്ലെന്നു കണ്ടെത്തിയത്. പ്രസാദിന്റെ വീട്ടിൽ നിന്നും 100 മീറ്റർ അകലെയാണ് ഫാം. 14 ആടുകൾ നിന്ന കൂട്ടിൽ നിന്നും ഈ ആടിനെ മാത്രം കാണാതാകുകയായിരുന്നു. സമീപത്ത് പയറു കൃഷി ചെയ്യുന്ന സ്ഥലത്ത് ആടിന്റെ കാൽപ്പാടുകളും, മോഷ്ടാക്കളുടേത് എന്നു സംശയിക്കുന്ന കാൽപ്പാടുകളും കണ്ടെത്തിയിട്ടുണ്ട്. ചുറ്റും ഇരുമ്പു വല കൊണ്ട് മറച്ച തുറസായ സ്ഥലത്തായിരുന്നു കൂട് സ്ഥാപിച്ചിരുന്നത്. ചിങ്ങവനം പൊലീസ് അന്വേഷണം ആരംഭിച്ചു.