കട്ടപ്പന: കട്ടപ്പന നഗരസഭ മുൻ അദ്ധ്യക്ഷൻ ജോണി കുളംപള്ളി കുമളി പഞ്ചായത്തിലെ വോട്ടർ പട്ടികയിൽ ഇടംനേടി. സംഭവം വിവാദമായതോടെ വോട്ടർ പട്ടികയിൽ നിന്നു പേര് ഒഴിവാക്കി. ഓൺലൈനായി അപേക്ഷ നൽകിയതല്ലാതെ ഹിയറിംഗിനു ഹാജരാകുകയോ രേഖകൾ നൽകുകയോ ചെയ്തില്ലെന്നാണ് ജോണി കുളംപള്ളിയുടെ വിശദീകരണം. അപേക്ഷ പരിശോധിച്ചപ്പോൾ തന്നെ തള്ളിയതാണെന്നും സാങ്കേതിക പിഴവ് മൂലമാണ് വോട്ടർപട്ടികയിൽ ഉൾപ്പെട്ടതെന്നുമാണ് പഞ്ചായത്ത് സെക്രട്ടറി പറയുന്നത്. പിഴവ് ശ്രദ്ധയിൽപെട്ടപ്പോൾ ഇന്നലെ തന്നെ വോട്ടർ പട്ടികയിൽ നിന്നു ഒഴിവാക്കി. കട്ടപ്പന നഗരസഭയിലെ 32ാം വാർഡായ കല്യാണത്തണ്ടിൽ നിന്നുള്ള ജനപ്രതിനിധി ജോണി കുളംപള്ളി സ്റ്റാൻഡിംഗ് കമ്മിറ്റി ചെയർമാനുമാണ്. കുമളി പഞ്ചായത്ത് 12ാം വാർഡിലെ വോട്ടർ പട്ടികയിലാണ് പേര് ഉൾപ്പെട്ടത്.