
അടിമാലി: അടിമാലി പഞ്ചായത്തിൽ ഈസ്റ്റേൺ സ്‌കൂളിന് സമീപം പണി കഴിപ്പിച്ചിട്ടുള്ള മണൽപടി പാലം ഉദ്ഘാടനം ചെയ്തു. ഗ്രാമപഞ്ചായത്തിലെ 15,16,17 വാർഡുകളിലെ മുന്നൂറോളം വരുന്ന കുടുംബങ്ങൾക്ക് പ്രയോജനപ്രദമാകുന്ന പാലമാണ് നിർമ്മാണം പൂർത്തീകരിച്ചിട്ടുള്ള പതിനാറാം വാർഡിലെ മണൽപടി പാലം.പാലത്തിന്റെ ഉദ്ഘാടനം ജില്ലാ പഞ്ചായത്തംഗം ഇൻഫന്റ് തോമസ് നിർവ്വഹിച്ചു.ജില്ലാപഞ്ചായത്ത് ഫണ്ട് വിനിയോഗിച്ചാണ് പാലത്തിന്റെ നിർമ്മാണ ജോലികൾ പൂർത്തീകരിച്ചിട്ടുള്ളത്.പാലം തുറന്നു നൽകിയതോടെ 200ഏക്കർ മെഴുകുംചാൽ റോഡിൽ നിന്നും ആളുകൾക്ക് എളുപ്പത്തിൽ കൊച്ചി ധനുഷ്‌ക്കോടി ദേശിയപാതയിൽ എത്തിച്ചേരാൻ സാധിക്കും.പഞ്ചായത്തിലെ ആറാം വാർഡിനേയും പതിനാറാം വാർഡിനേയും തമ്മിൽ ബന്ധിപ്പിക്കുന്ന പാലമെന്ന പ്രത്യേകതയും മണൽപടി പാലത്തിനുണ്ട്.ചടങ്ങിൽ ഗ്രാമ പഞ്ചായത്തംഗം ദീപാ മനോജ് ,ബ്ലോക്ക് പഞ്ചായത്ത് അംഗം ഷേർലി ജോസഫ് തുടങ്ങിയവർ പങ്കെടുത്തു.