അടിമാലി: കുരിശുപാറമേഖലയിൽ പൊലീസിന്റെ രാത്രികാല പട്രോളിംഗ് ശക്തമാക്കണമെന്നാവശ്യം.രാത്രികാലങ്ങളിൽ പ്രദേശത്ത് മോഷണശ്രമം നടക്കുന്നതായുള്ള സംശയത്തിന്റെ അടിസ്ഥാനത്തിലാണ് ആവശ്യം ശക്തമായത്.കഴിഞ്ഞ ഏതാനും നാളുകൾക്കിടയിൽ കുരിശുപാറ,കോട്ടപ്പാറ മേഖലകളിൽ നിരവധി മോഷണ സംഭവങ്ങൾ നടന്നിട്ടുണ്ട്.കവർച്ചാശ്രമങ്ങൾക്ക് മോഷ്ടാക്കൾ ശ്രമം നടത്തുന്നതായുള്ള സംശയം ആളുകളുടെ ഉറക്കം കെടുത്തുന്നുണ്ട്.കഴിഞ്ഞ ദിവസം പുലർച്ചെ മൂന്നുമണിയോടെ കോട്ടപ്പാറ മേഖലയിലെ ഒരു വീട്ടിലെത്തിയ അജ്ഞാതൻ ജനലിനുള്ളിലൂടെ വീടിനുള്ളിലേക്ക് ടോർച്ച് തെളിച്ച് നോക്കുകയും വെളിച്ചം കണ്ട് വീട്ടുകാർ ഉണരുകയും ചെയ്തു.തുടർന്നിവർ വീടിന് പുറത്തെ ലൈറ്റുകൾ തെളിയിച്ചതോടെ ഇയാൾ കടന്നു കളഞ്ഞു.നേരം പുലർന്നപ്പോൾ വീടിന് പിൻഭാഗത്തെ വാതിലിന് സമീപം അജ്ഞാതൻ എടുത്തവച്ച അതേ വീട്ടിലെ കോടാലിയും വീട്ടുകാരുടെ ശ്രദ്ധയിൽപ്പെട്ടു.ഏതാനും മാസങ്ങൾക്ക് മുമ്പ് കോട്ടപ്പാറയിൽ വീട്ടുമുറ്റത്ത് നിർത്തിയിട്ടിരുന്ന ഓട്ടോറിക്ഷ മോഷണം പോയി. പിന്നീട് പരിസരപ്രദേശത്ത് തന്നെ ഉപേക്ഷിച്ച നിലയിൽ കണ്ടെത്തുകയും ചെയ്തു.മുമ്പും കുരിശുപാറമേഖലയിൽ ഇത്തരം സംഭവം അരങ്ങേറിയിട്ടുണ്ട്.നാളുകൾക്ക് മുമ്പ് കോട്ടപ്പാറമേഖലയിലെ മറ്റൊരു വീട്ടിൽ നിന്നും പണവും സ്വർണ്ണവും മോഷണം പോയിരുന്നു.രാത്രികാലത്തുണ്ടാകുന്ന ഇത്തരം സംഭവങ്ങൾ പ്രദേശവാസികളിൽ ആശങ്ക ജനിപ്പിക്കുന്നുണ്ട്.പൊലീസ് പട്രോളിംഗ് ശക്തമാക്കി നാട്ടുകാരുടെ ആശങ്ക അകറ്റണമെന്ന ആവശ്യം ഇതോടെ ശക്തമായിരിക്കുകയാണ്.