
അടിമാലി: അടിമാലി ഗ്രാമപഞ്ചായത്തിന്റെ ഉടമസ്ഥതയിൽ ഉള്ള കാലപ്പഴക്കം ചെന്ന ബഹുനിലകെട്ടിടം പൊളിച്ച് നീക്കൽ ആരംഭിച്ചു.
ഗ്രാമപഞ്ചായത്ത് പണികഴിപ്പിച്ച സ്വാതന്ത്ര സുവർണ്ണ ജൂബിലി സ്മാരക മന്ദിരമാണ് പൊളിച്ച് നീക്കുന്നത്.ടൗണിലെ മാർക്കറ്റ് ജംഗ്ഷനിൽ നാല് നിലകളായിട്ടായിരുന്നു കെട്ടിടം നിർമ്മിച്ചിരുന്നത്.കാലപ്പഴക്കത്താൽ ബലക്ഷയം സംഭവിച്ചതോടെ കെട്ടിടത്തിൽ ഉണ്ടായിരുന്ന വ്യാപാരികൾ ഉൾപ്പെടെയുള്ളവരെ പഞ്ചായത്ത് ഒഴിപ്പിച്ചിരുന്നു.കെട്ടിടത്തിന്റെ പൊളിക്കൽ ജോലികൾ പുരോഗമിക്കുകയാണെന്നും കെട്ടിടം പൊളിച്ച് നീക്കുന്ന സ്ഥലത്ത് ഉടൻ പഞ്ചായത്ത് പുതിയ കെട്ടിടം നിർമ്മിക്കുമെന്നും ഗ്രാമപഞ്ചായത്ത് സെക്രട്ടറി കെ എൻ സഹജൻ പറഞ്ഞു.സ്വകാര്യ കരാർ ഗ്രൂപ്പിനാണ് പൊളിക്കൽ ജോലികളുടെ ഉത്തരവാദിത്വം.ആളുകളെ ഒഴിപ്പിച്ചിട്ടും പഞ്ചായത്ത് പൊളിക്കൽ ജോലികൾ വൈകിപ്പിച്ചത് വലിയ ആക്ഷേപത്തിന് ഇടവരുത്തിയിരുന്നു.ഇവിടെ പുതിയതായി പണിയാൻ ലക്ഷ്യമിട്ടിട്ടുള്ള കെട്ടിടത്തിന്റെ ടെൻഡർ നടപടികൾ പൂർത്തികരിച്ചതായും പഞ്ചായത്ത് സെക്രട്ടറി അറിയിച്ചു.