
കറുകച്ചാൽ: ഓരോ പഞ്ചായത്തും പ്രതിവർഷം വലിയൊരു തുകയാണ് വഴിവിളക്കുകൾ സ്ഥാപിക്കുന്നതിനും അറ്റകുറ്റപ്പണികൾക്കുമായി ചെലവഴിക്കുന്നത്. എന്നാൽ, ലക്ഷങ്ങൾ പാഴാകുന്നതല്ലാതെ ഉപകാരമൊന്നും ഉണ്ടാകാറില്ല. അശാസ്ത്രീയമായി സ്ഥാപിക്കുന്ന വിളക്കുകൾ മാസങ്ങൾക്കുള്ളിൽ പ്രവർത്തന രഹിതമാകുന്നതോടെ ജനങ്ങൾക്ക് യാതൊരു പ്രയോജനവും ഉണ്ടാകുന്നില്ല. രണ്ടായിരം രൂപയ്ക്ക് മുകളിൽ വിലയുള്ള വിളക്കുകൾ കരാറുകാരെ ഏൽപ്പിച്ചാണ് സ്ഥാപിക്കുന്നത്. മാസങ്ങൾക്കുള്ളിൽ 90 ശതമാനം വിളക്കുകളും പ്രവർത്തനരഹിതമാകും. ഓരോ വർഷവും വഴിവിളക്കിനായി വലിയൊരു തുക പഞ്ചായത്തുകൾ മുടക്കുന്നതല്ലാതെ കാര്യമായ പ്രയോജനം ജനത്തിനില്ല.
എർത്തിംഗ് സംവിധാനങ്ങളില്ല
പോസ്റ്റുകളിൽ സ്ഥാപിക്കുന്ന വഴിവിളക്കുകൾക്ക് എർത്തിംഗ് സംവിധാനമില്ലാത്തതാണ് വിളക്കിന്റെ ആയുസ് കുറയുന്നതിന് പ്രധാന കാരണം. അമിത വൈദ്യുതി പ്രവാഹം ഉണ്ടാകുമ്പോഴും മിന്നലേറ്റുമാണ് വിളക്കുകൾ നശിക്കുന്നത്. വൈദ്യുതി ഉപഭോഗം കുറയ്ക്കാനായി എൽ.ഇ.ഡി. സംവിധാനമുള്ള വിളക്കുകളാണ് ഇപ്പോൾ സ്ഥാപിക്കുന്നത്. വിളക്കൊന്നിന് 2000 മുതൽ 2500 രൂപ വരെയാണ് വില. ഇത് ഘടിപ്പിക്കാൻ മുന്നൂറ് മുതൽ അഞ്ചൂറ് രൂപ വരെ പഞ്ചായത്ത് അധികമായി മുടക്കണം. ഇവയ്ക്ക് ഒരു വർഷ കാലാവധിയാണ് കമ്പനികൾ നൽകുന്നത്. എന്നാൽ മൂന്നു മാസത്തിനുള്ളിൽ തന്നെ 90 ശതമാനം വിളക്കുകളും നശിക്കുകയാണ്.
പാഴായത് ലക്ഷങ്ങൾ
വാർഷിക പദ്ധതിയിൽ എല്ലാ പഞ്ചായത്തുകളും വലിയൊരു തുക വഴിവിളക്കിനായി മാറ്റിവെയ്ക്കാറുണ്ട്. കഴിഞ്ഞ വർഷം കങ്ങഴ പഞ്ചായത്ത് വിവിധ വാർഡുകളിൽ വിളക്കുകൾ സ്ഥാപിക്കാൻ അഞ്ചുലക്ഷം രൂപയാണ് മുടക്കിയത്. നെടുംകുന്നം പഞ്ചായത്ത് രണ്ടരലക്ഷം രൂപയും കറുകച്ചാൽ പഞ്ചായത്ത് അഞ്ചുലക്ഷം രൂപയും മുടക്കി. ഇതിന് പുറമെ അറ്റകുറ്റപ്പണികൾക്കും മറ്റും അധിക തുക ചെലവുണ്ട്. എ.പി, എം.എൽ.എ. ഫണ്ടുകളിൽ നിന്നും ലക്ഷങ്ങൾ പ്രതിവർഷം നിരവധി ഹൈമാസ്റ്റ് വിളക്കുകളാണ് സ്ഥാപിക്കുന്നത്. ഇത് വളരെ പെട്ടെന്ന് തകരാറിലാകുകയാണ് പതിവ്.