pc-george

കോട്ടയം : പി.സി.ജോർജിനെ യു.ഡി.എഫിൽ എത്തിക്കുന്നതിനെ അനുകൂലിച്ചും പ്രതികൂലിച്ചുമുള്ള ചർച്ച കോൺഗ്രസിൽ മുറുകുന്നതിനിടയിൽ പി.സി. ജോർജ് ചെയർമാനായുള്ള ജനപക്ഷം സംസ്ഥാന കമ്മിറ്റി ഇന്ന് കോട്ടയത്ത്ചേരും. യു.ഡി.എഫ് പ്രവേശത്തിന് അനുകൂലമായ ചർച്ച യോഗത്തിൽ ഉണ്ടാകുമെന്നാണറിയുന്നത്. ഐ വിഭാഗം അനുകൂല നിലപാടുമായി മുന്നോട്ടുപോകുമ്പോൾ എ വിഭാഗം ശക്തമായി എതിർക്കുകയാണ്. ഉമ്മൻചാണ്ടിയുടെ മനഃസാക്ഷി സൂക്ഷിപ്പുകാരനായ കെ.സി. ജോസഫ് എം.എൽ.എ കോട്ടയത്ത് കോൺഗ്രസ് നേതൃയോഗത്തിൽ ജോർജിനെതിരെ ശക്തമായ നിലപാടാണ് സ്വീകരിച്ചത്. എന്നാൽ കെ.സി. ജോസഫ് ഒഴികെ മറ്റു ഭൂരിപക്ഷം നേതാക്കളും തനിക്ക് അനുകൂലമാണെന്നായിരുന്നു ജോർജിന്റെ വിശദീകരണം.

വിലങ്ങുതടിയാകുമോയെന്ന ഭയം

എ വിഭാഗത്തിലെ ചില നേതാക്കളാണ് എതിർപ്പിന് പിന്നിൽ. അവർ ഒരു ന്യൂനപക്ഷം മാത്രമാണ്. ഇരിക്കൂറിൽ ഇനിയും മത്സരിക്കാൻ ചെന്നാൽ ജനങ്ങൾ എതിരാകുമെന്ന് ഭയന്ന് കോട്ടയത്ത് സുരക്ഷിത മണ്ഡലം തേടുന്ന കെ.സി.ജോസഫിന് താൻ വിലങ്ങുതടിയാകുമോ എന്നതാണ് എതിർപ്പിന് പിന്നിൽ. യു.ഡി.എഫിൽ നിന്ന് ഇങ്ങോട്ടാണ് ചർച്ചയ്ക്ക് ചില ഉന്നത നേതാക്കൾ താത്പര്യം പ്രകടിപ്പിച്ചത്. കേരള കോൺഗ്രസ് ജോസ് വിഭാഗം യു.ഡി.എഫ് വിട്ടതോടെ കോട്ടയം ജില്ലയടക്കം യു.ഡി.എഫിനുണ്ടാകുന്ന ക്ഷീണം മനസിലാക്കിയാണ് ജനപക്ഷത്തെ ഒപ്പം കൂട്ടാനുള്ള നീക്കം. ഒറ്റക്ക് ജയിക്കാനും പലരെയും തോൽപ്പിക്കാനുമുള്ള ശക്തി തങ്ങൾക്കുണ്ടെന്ന് മനസിലാക്കിയാണ് ചർച്ച നടക്കുന്നത്. ചില നേതാക്കളുടെ എതിർപ്പ് കാര്യമാക്കുന്നില്ല. നവംബർ ആദ്യ വാരത്തിൽ പാർട്ടി നിലപാട് പ്രഖ്യാപിക്കുമെന്ന് ജോർജ് പറഞ്ഞു

ജോർജ് പാരയാകുമോ

ജോർജ് മുന്നണിയിൽ വരുന്നത് പാരയാകുമെന്നാണ് എ വിഭാഗം വിലയിരുത്തൽ. ഉമ്മൻചാണ്ടി അടക്കം ഉന്നത നേതാക്കൾക്കെതിരെ പ്രചാരണം നടത്താൻ ജോർജിനെ ഉപയോഗിക്കാനുള്ള തന്ത്രമാണ് ഐ വിഭാഗത്തിനുള്ളതെന്ന് അവർ സംശയിക്കുന്നു. സോളാർ കേസിൽ ഉമ്മൻചാണ്ടിയെ വ്യക്തിപരമായി അധി ക്ഷേപിക്കുന്ന നിലപാട് ജോർജിൽ നിന്നുണ്ടായെന്നും അവർ പറയുന്നു.