erayilpalam

ഈരയിൽ പാലം അപകടത്തിൽ

വൈക്കം: ആഴമേറിയ ഈരയിൽ തോട്. മറുകരയെത്താൻ ആടിയുലയുന്ന പാലം. വെച്ചൂർ ആറാം വാർഡിലെ ഈരയിൽ തോടിനു കുറുകെയുള്ള നടപ്പാലത്തിലൂടെ ജീവൻ കൈയിൽപ്പിടിച്ചാണ് ഒരുപറ്റം മനുഷ്യരുടെ യാത്ര.
ആഴമുള്ള തോടിനു കുറുകെയുള്ള തകർന്ന പാലത്തിലൂടെ വയോജനങ്ങൾ അടക്കമുള്ളവർ കടന്നു പോകുന്നത് ജീവൻ പണയം വച്ചാണ്. വീതിയുള്ള നാട്ടുതോടിനു കുറുകെ കോൺക്രീ​റ്റു തൂണുകൾ സ്ഥാപിച്ചു അതിനു മീതെ ഘടിപ്പിച്ച ഇരുമ്പ് കേഡറിൽ കോൺക്രീ​റ്റ് സ്ലാബിട്ടാണ് ഇവിടെ നടപ്പാലം തീർത്തിരുന്നത്. പാലത്തിന്റെ തെക്കുഭാഗത്തെ സ്ലാബുകൾ തകർന്നതിനെ തുടർന്ന് മൂന്ന് തടികഷണങ്ങൾ ചേർത്തിട്ടതിനു മീതെയാണ് ഇപ്പോൾ പ്രദേശവാസികൾ നടന്നുപോകുന്നത്. വൃദ്ധർക്കും കുട്ടികൾക്കും മ​റ്റൊരാളുടെ കൈ സഹായമുണ്ടെങ്കിൽ മാത്രമേ മറുകര കടക്കാനാകു.വെച്ചൂരിലെ അരികുപുറം,വലിയ വെളിച്ചം, ഇട്ടിയേക്കാടൻ കരി തുടങ്ങി 500 ഏക്കറോളം വരുന്ന പാടശേഖരങ്ങളിലേക്കു കർഷകർ വിത്തും വളവും മ​റ്റും എത്തിക്കുന്നതും ഈ തടി പാലത്തിലൂടെയാണ്. തോടിനു മറുകരയുള്ള 30 ഓളം കുടുംബങ്ങൾക്കു പുറം ലോകവുമായി ബന്ധപ്പെടാൻ ഈ പാലമാണ് ഏക ആശ്രയം. അരനൂ​റ്റാണ്ടിലധികമായി കടത്തുവഞ്ചിയെ ആശ്രയിച്ചാണ് ഇവിടത്തുകാർ മറുകര കടന്നിരുന്നത്. വഞ്ചിമറിഞ്ഞ് ഒരു തൊഴിലാളി സ്ത്രി മുങ്ങി മരിച്ചതിനെ തുടർന്നാണിവടെ തടിപ്പാലം തീർത്തത്. ഏതാനും വർഷങ്ങൾക്കു മുമ്പ് സ്‌കുളിലേയ്ക്കു സൈക്കിളിൽ വന്ന വിദ്യാർത്ഥി പാലത്തിൽ നിന്ന് തോട്ടിൽ വീണിരുന്നു. അനന്ദു ദിലീപ് എന്ന വിദ്യാർത്ഥിയാണ് തോട്ടിൽ വീണ സഹപാഠിയെ സാഹസികമായി രക്ഷപ്പെടുത്തിയത്.അനന്തുവിന് അന്ന് ധീരതക്കുള്ള രാഷ്ട്രപതിയുടെ മെഡൽ ലഭിച്ചു.

ആവശ്യമുയർന്നു,പക്ഷേ

മുൻപ് അപകടമുണ്ടായപ്പോൾ ഗതാഗത യോഗ്യമായ പാലം നിർമ്മിക്കണമെന്ന് പ്രധാനമന്ത്റിയുടൈ ഓഫീസ് ഉൾപ്പെടെ ആവശ്യമുന്നയിച്ചിരുന്നു. പക്ഷേ പാലത്തിന് വേണ്ടി ആരും മുന്നിട്ടിറങ്ങിയില്ല. അന്ന് എം.എൽ.എ ഫണ്ടിൽ നിന്ന് 50 ലക്ഷം രൂപ പാലം നിർമ്മിക്കാൻ അനുവദിച്ചതിനാൽ കേന്ദ്ര പദ്ധതി നടപ്പായില്ല. സങ്കേതിക കാരണങ്ങളാൽ എം.എൽ.എ ഫണ്ടും വിനിയോഗിക്കാനായില്ല. സി.കെ.ആശ എം.എൽ എ യുടെ ശ്രമഫലമായി ഒരു കോടി രൂപ പാലം നിർമ്മാണത്തിന് അനുവദിച്ചെങ്കിലും സങ്കേതിക തടസങ്ങൾ ഇപ്പോഴും നിലനിൽക്കുകയാണ്. പാലത്തിന്റെ ഇരുവശത്തും നാലു മീ​റ്ററോളം വീതിയിൽ സമീപ റോഡു തീർക്കണമെന്നതാണ് പാലം നിർമ്മാണത്തെ പ്രതിസന്ധിയിലാക്കുന്നത്. ഏതാനും നിർദ്ധന കുടുംബങ്ങളെ മാ​റ്റിപാർപ്പിച്ചാൽ മാത്രമേ ഗതാഗതയോഗ്യമായ പാലം നിർമ്മിക്കാനാകു. പാലത്തിനായി കിടപ്പാടം നഷ്ടമാകുന്നവരെ പുനരധിവസിപ്പിക്കുന്നതിനുള്ള പാക്കേജുകുടി ഉൾപ്പെടുത്തി പാലം നിർമ്മിക്കുന്നതിനു സർക്കാർ നടപടി സ്വീകരിക്കണമെന്നാണ് നാട്ടുകാരുടെ ആവശ്യം.

നീളം: 20മീറ്റർ

വീതി: മൂന്നു മീ​റ്റർ