വൈക്കം: മഹാദേവക്ഷേത്രത്തിലെ അഷ്ടമിയാഘോഷങ്ങൾ ആചാരലംഘനമുണ്ടാകാതെ പൂർത്തിയാക്കാൻ രണ്ട് ആനകളെയെങ്കിലും അനുവദിക്കണമെന്ന് ഹിന്ദു ഐക്യവേദി. വൈക്കത്തപ്പന്റയും ഉദയനാപുരത്തപ്പന്റെയും കൂടിയെഴുന്നള്ളിപ്പ്, ആചാരത്തിന്റെ ഭാഗമായ വിടപറച്ചിൽ എന്നിവ ഒരാനയെ മാത്രമുപയോഗിച്ച് നടത്താൻ കഴിയില്ല. ഈ ചടങ്ങിനു കൂടി ആനയ്ക്കു അനുമതി നൽകുന്നതുവരെ നാമജപവുമായി മുന്നോട്ടുപോകുമെന്നും ഹിന്ദു ഐക്യവേദി ജില്ലാ ജനറൽ സെക്രട്ടറി രാജേഷ് നട്ടാശേരി അറിയിച്ചു. ഇതിന്റെ ഭാഗമായി നവംബർ 2 നു രാവിലെ 10ന് വൈക്കം മഹാദേവ ക്ഷേത്രത്തിന്റെ നാല് ഗോപുരനടയിലും നാമജപ സംഗമം കൊവിഡ് മാനദണ്ഡങ്ങൾ പാലിച്ച് നടത്തും. പന്തളം കൊട്ടാരം നിർവ്വാഹക സംഘം സെക്രട്ടറി പി.എൻ.നാരായണവർമ്മ, തന്ത്രി അക്കീരമൺ കാളിദാസ ഭട്ടതിരിപ്പാട്, ഭാഗവതാചാര്യൻ മള്ളിയൂർ പരമേശ്വരൻ നമ്പൂതിരി, ദേവസ്വം ബോർഡ് മുൻ പ്രസിഡന്റ് ജി.രാമൻ നായർ തുടങ്ങിയവർ നാല് ഗോപുര നടയിലും ഉദ്ഘാടനം ചെയ്യും. വരും ദിവസങ്ങളിൽ പ്രക്ഷോഭം ശക്തമാക്കുമെന്ന് സെക്രട്ടറി കെ. ഡി.സന്തോഷ്, ട്രഷറർ പി.എൻ.വിക്രമൻനായർ, വൈക്കം താലൂക്ക് ഉപാദ്ധ്യക്ഷൻ റ്റി.കെ.ശിവരാജൻ എന്നിവർ അറിയിച്ചു.