
ചങ്ങനാശേരി : യു.ഡി.എഫിന്റെ സാമ്പത്തിക സംവരണ നിലപാടിൽ തൃപ്തരല്ലാത്ത എൻ.എസ്.എസിനെ അനുനയിപ്പിക്കാൻ യു.ഡി.എഫ് കൺവീനർ എം.എം. ഹസൻ, എം.എൽ.എമാരായ കെ.സി. ജോസഫ് ,തിരുവഞ്ചൂർ രാധാകൃഷ്ണൻ എന്നിവർ എൻ.എസ്.എസ് ആസ്ഥാനത്തെത്തി ജനറൽ സെക്രട്ടറി ജി. സുകുമാരൻ നായരുമായി ചർച്ച നടത്തി. സൗഹൃദ സംഭാഷണത്തിനാണെത്തിയതെന്ന് ഹസൻ പറഞ്ഞു. സംവരണ വിഷയത്തിൽ യു.ഡി.എഫിനെതിരെ ലേഖനമെഴുതിയ ചങ്ങനാശേരി അതിരൂപത ആർച്ച് ബിഷപ്പ് മാർ ജോസഫ് പെരുന്തോട്ടത്തിനെ കാണാൻ ശ്രമിച്ചെങ്കിലും കൊവിഡ് നിരീക്ഷണത്തിലായതിനാൽ സാധിച്ചില്ല.
സാമ്പത്തിക സംവരണവുമായി ബന്ധപ്പെട്ട യു.ഡി.എഫ് പ്രഖ്യാപിത നിലപാടിൽ മാറ്റമില്ല. മുസ്ലിംലീഗ് നിലപാട് പുതിയതല്ല. ഇത് യു.ഡി.എഫിന്റെ കെട്ടുറപ്പിന് ഒരു കോട്ടവും വരുത്തില്ല. സാമുദായിക സംഘടനകളുമായി പ്രാദേശിക തലത്തിൽ നീക്കുപോക്കിന് ജില്ലാ യു.ഡി.എഫ് നേതൃത്വത്തിന് അധികാരം നൽകിയിട്ടുണ്ട്. കേരളപ്പിറവി ദിനം വഞ്ചനാ ദിനമായി ആചരിക്കും. യു.ഡി.എഫ് ഉടൻ വിപുലീകരിക്കുന്നില്ലെന്നും ഹസൻ പറഞ്ഞു.