
കോട്ടയം : ജില്ലയിൽ കൊവിഡ് ലോക്ക് ഡൗണിന് ശേഷം ബിവറേജസ് കോർപ്പറേഷൻ ചില്ലറ വില്പനശാലകൾ വഴിയുള്ള മദ്യ വില്പനയിൽ വൻ ഇടിവ്. 25 മുതൽ 30 ലക്ഷം രൂപയുടെ വരെ മദ്യം വിറ്റിരുന്ന ബിവറേജസ് ഷോപ്പുകളിൽ ഇപ്പോൾ 10 ലക്ഷത്തിൽ താഴെയാണ് കച്ചവടം.ബിവറേജിലെ വിലയിൽ മദ്യം വിൽക്കുന്നതിനാൽ ബാറുകളിൽ വൻതിരക്കാണ്. കഴിഞ്ഞ മാസം മുതൽ ഉപഭോക്താവിന് മദ്യശാല തിരഞ്ഞെടുക്കാനുള്ള ഓപ്ഷൻ അനുവദിച്ച് ബെവ്‌ക്യൂ ആപ്പ് ക്രമീകരണം ഏർപ്പെടുത്തിയിരുന്നു. എന്നിട്ടും ബിവറേജസിലേക്ക് ആരും എത്തുന്നില്ല.
രാവിലെ 9 മുതൽ വൈകിട്ട് 5 വരെയാണ് ബാറുകൾക്ക് പ്രവർത്തിക്കാൻ അനുവാദം. ബിവറേജസ് ഷോപ്പുകൾക്കു വൈകിട്ട് ഏഴു വരെയും. എന്നാൽ, നിശ്ചയിച്ചിരിക്കുന്ന സമയത്തിനു ശേഷവും ബാറുകൾ മദ്യം വിൽക്കുന്നുണ്ട്. ബാറുകളിൽ ബ്ലാക്കിൽ നടക്കുന്ന മദ്യക്കച്ചവടത്തിന്റെ കൃത്യമായ കണക്ക് എക്‌സൈസിനോ, ബിവറേജസ് കോർപ്പറേഷനോ ലഭിക്കുന്നില്ല. മാസം ഏഴു കോടിയുടെ മദ്യവില്പനയാണ് ജില്ലയിലെ ബാറുകളിൽ നടക്കുന്നത്. സെക്കൻഡ് ഇനത്തിൽ വൻ തോതിൽ മദ്യവിൽപ്പന നടക്കുന്നതായും ആരോപണമുണ്ട്.
ആപ്പ് എടുത്തു നൽകും
ആപ്പുമായി എത്തുന്ന ഒരാൾക്ക് മൂന്നു ലിറ്റർ മദ്യം വാങ്ങാനാവും. പലരും ഒരു ലിറ്ററിൽ താഴെ മദ്യം മാത്രമാണ് വാങ്ങുന്നത്. ഇത് മുതലെടുത്താണ് ബാറുകൾ കച്ചവടം കൊഴുപ്പിക്കുന്നത്. ഒരു ആപ്പുമായി എത്തുന്ന ആളുടെ പേരിൽ മൂന്നു ലിറ്റർ വരെ മദ്യം ബിൽ ചെയ്യും. ഇത് കൂടാതെയാണ് ബാറിന് മുന്നിൽ ജീവനക്കാരൻ മൊബൈൽ ഫോണുമായി നിൽക്കുന്നത്. എത്തുന്ന ഓരോ ഉപഭോക്താവിന്റെയും പേരിൽ ഫോൺ നമ്പരിൽ നിന്ന് ആപ്പിലൂടെ ക്യൂ ബുക്ക് ചെയ്യും. ഇത്തരത്തിൽ ക്യൂ ബുക്ക് ചെയ്യുന്നതു വഴി മദ്യം അടുത്ത ദിവസം വിൽക്കാൻ സാധിക്കും.