കട്ടപ്പന: ഭൂപതിവ് ചട്ടങ്ങൾ ഭേദഗതി ചെയ്യണമെന്ന് ആവശ്യപ്പെട്ട് ഡീൻ കുര്യാക്കോസ് എം.പി. കേരളപ്പിറവി ദിനത്തിൽ കട്ടപ്പനയിൽ നിരാഹാര സമരം ആരംഭിക്കും. മിനി സ്റ്റേഡിയത്തിൽ നടക്കുന്ന സമരം വൈകിട്ട് നാലിന് പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല വീഡിയോ കോൺഫറൻസിലൂടെ ഉദ്ഘാടനം ചെയ്യുമെന്ന് ഡി.സി.സി. പ്രസിഡന്റ് ഇബ്രഹിംകുട്ടി കല്ലാർ അറിയിച്ചു. കട്ടപ്പന, കാഞ്ചിയാർ, ഇരട്ടയാർ, വണ്ടൻമേട് മണ്ഡലത്തിൽ നിന്നുള്ള പ്രവർത്തകരും നേതാക്കളും പങ്കെടുക്കും. രണ്ടിന് ഇടുക്കി നിയോജകമണ്ഡലത്തിലെ മറ്റു മണ്ഡലങ്ങളിൽ നിന്നുള്ള പ്രവർത്തകരും മൂന്നിന് ഉടുമ്പൻചോല, നാലിന് പീരുമേട്, അഞ്ചിന് ദേവികുളം, ആറിന് തൊടുപുഴ എന്നീ നിയോജകമണ്ഡലങ്ങളിൽ നിന്നുള്ളവരും വിവിധ സമയങ്ങളിൽ സമരപ്പന്തലിലെത്തും.
ഇപ്പോഴത്തെ സാഹചര്യത്തിൽ നിയമസഭ ചേരാൻ സർക്കാരിന് ഭയമാണ്. മുഖ്യമന്ത്രിയുടെ സാന്നിദ്ധ്യത്തിൽ ചേർന്ന സർവകക്ഷി യോഗതീരുമാനം നടപ്പാക്കണം. മന്ത്രി എം.എം. മണിയും നിലപാട് വ്യക്തമാക്കണം. എന്നാൽ ചട്ടം ഭേദഗതിക്കുള്ള മുന്നൊരുക്കങ്ങൾ ഒന്നും റവന്യു വകുപ്പ് നടത്തിയിട്ടില്ല. വിഷയത്തിൽ ജില്ലയിലെ എൽ.ഡി.എഫ്. നേതൃത്വത്തിന്റെ നിലപാടും അറിയിക്കണമെന്ന് ഡി.സി.സി. പ്രസിഡന്റ് ആവശ്യപ്പെട്ടു. നേതാക്കളായ തോമസ് രാജൻ, എ.പി. ഉസ്മാൻ, ജോയി വെട്ടിക്കുഴി, മനോജ് മുരളി, തോമസ് മൈക്കിൾ എന്നിവരും പങ്കെടുത്തു.