കട്ടപ്പന: വിവിധ ആവശ്യങ്ങൾ ഉന്നയിച്ച് വ്യാപാരി വ്യവസായി ഏകോപന സമിതി ജില്ലാ കമ്മിറ്റിയുടെ നേതൃത്വത്തിൽ നവംബർ മൂന്നിന് വ്യാപാര ബന്ദ് നടത്തും. രാവിലെ 10 മുതൽ 12 വരെയുള്ള സമയത്ത് കടകൾ അടച്ചിടാതെ കച്ചവടക്കാരും ജീവനക്കാരും പുറത്തുനിന്ന് പ്രതിഷേധിക്കും. ഇതേസമയത്ത് സർക്കാർ ഓഫീസുകൾക്ക് മുമ്പിൽ ഉൾപ്പെടെ ജില്ലയിലെ 300 കേന്ദ്രങ്ങളിൽ സമരം നടത്തുമെന്നും ജനറൽ സെക്രട്ടറി കെ.പി. ഹസൻ, കട്ടപ്പന യൂണിറ്റ് പ്രസിഡന്റ് അഡ്വ. എം.കെ. തോമസ് എന്നിവർ അറിയിച്ചു.
കൊവിഡിന്റെ മറവിൽ വ്യാപാരികളിൽ നിന്നും അന്യായമായി പിഴ ഈടാക്കുന്നത് നിർത്തലാക്കുക, കണ്ടെയ്ൻമെന്റ് സോണുകൾ മൈക്രോ കണ്ടെയ്ൻമെന്റ് സോണുകളാക്കുക, സെക്ടറൽ മജിസ്‌ട്രേറ്റുമാരുടെ അനാവശ്യ കടന്നുകയറ്റം അവസാനിപ്പിക്കുക, കടകൾ തുറക്കുന്നതിനും അടയ്ക്കുന്നതിനും സംസ്ഥാനത്ത് ഒരേ മാനദണ്ഡം സ്വീകരിക്കുക, ഡി.ആൻഡ്.ഒ ലൈസൻസ് ഫീസിലെ പിഴ ഒഴിവാക്കുക, ജി.എസ്.ടിയുടെ പേരിൽ വ്യാപാരികളെ ദ്രോഹിക്കുന്ന നടപടിയിൽ നിന്നു പിന്തിരിയുക തുടങ്ങിയ ആവശ്യങ്ങൾ ഉന്നയിച്ചാണ് സമരം.