kobjoseph

പാലാ: പ്രമുഖ സിനിമ നിർമ്മാണ കമ്പനിയായ ചെറുപുഷ്പം ഫിലിംസിന്റെ ഉടമയും പാലായിലെ ആദ്യകാല വ്യാപാരിയുമായ ജോസഫ് ജെ. കക്കാട്ടിൽ (ചെറുപുഷ്പം കൊച്ചേട്ടൻ - 86) നിര്യാതനായി.

സംസ്‌കാരം ഇന്ന് വൈകിട്ട് നാലിന് കുരുവിനാൽ സെന്റ് മൈക്കിൾസ് പള്ളിയിൽ നടക്കും. ഭാര്യ : പരേതയായ അന്നക്കുട്ടി (തൊടുപുഴ വലിയമരുതുങ്കൽ കുടുംബാംഗമാണ്). മക്കൾ: മോളി, പരേതയായ വത്സമ്മ, റോസമ്മ, മേഴ്‌സി, കുഞ്ഞുമോൻ. മരുമക്കൾ: പരേതനായ ഡോ. ജോസി മാളിയേക്കൽ (എറണാകുളം), ജോയ് മാളിയേക്കൽ (പാലാ), വിൽസൺ നിരപ്പേൽ (തൊടുപുഴ), സണ്ണി പുത്തോക്കാരൻ (എറണാകുളം), ജ്യോതി ചെറക്കേക്കാരൻ (തൃശൂർ).

1975ൽ പുറത്തിറങ്ങിയ അനാവരണമാണ് ചെറുപുഷ്പം ഫിലിംസിന്റെ ആദ്യ മലയാള ചിത്രം. 1977ൽ തെന്നിന്ത്യൻ സൂപ്പർസ്റ്റാറായി മാറിയ ശ്രീദേവി, മധു എന്നിവരെ കേന്ദ്രകഥാപാത്രമാക്കി നിർമ്മിച്ച 'ആ നിമിഷം' വലിയ വിജയം നേടി. അടുത്തവർഷം (1978) കമലാഹാസൻ, മധു, ഷീല, സീമ എന്നിവരെ കഥാപാത്രങ്ങളാക്കി എത്തിയ 'ഈറ്റ'യും വൻവിജയം കണ്ടു. തുടർന്ന് നിദ്ര (1981), വീട് (1982), ഹിമവാഹിനി (1983), മൗനനൊമ്പരം (1985), ഇതിലെ ഇനിയും വരൂ (1986), അനുരാഗി (1988), പാവം പാവം രാജകുമാരൻ എന്നീ ഹിറ്റുകളും മലയാള സിനിമയ്ക്ക് സമ്മാനിച്ചു. 'നാടൻ പെണ്ണും നാട്ടുപ്രമാണിയും' എന്ന സിനിമയാണ് അവസാനമായി നിർമ്മിച്ചത്.