jose

കോട്ടയം : യു.ഡി.എഫ് വിട്ട് ഇടതുമുന്നണി ഘടകകക്ഷിയായി സി.പി.എം ജില്ലാ കമ്മിറ്റി ഓഫീസിലെത്തിയ കേരള കോൺഗ്രസ് ജോസ് വിഭാഗം നേതാക്കളെ നിറചിരിയോടെ ഇടതു മുന്നണി നേതാക്കൾ സ്വാഗതം ചെയ്തു. സ്റ്റീഫൻ ജോർജ്, സണ്ണി തെക്കേടം, ജോസ് ചാമക്കാല എന്നീ നേതാക്കളാണ് തദ്ദേശതിരഞ്ഞെടുപ്പിന് മുന്നോടിയായുള്ള ആദ്യവട്ട ചർച്ചയ്ക്ക് എത്തിയത്. സി.പി.എം ജില്ലാ സെക്രട്ടറി വി.എൻ.വാസവൻ, സി.പി.ഐ ജില്ലാ സെക്രട്ടറി സി.കെ.ശശിധരൻ , ജനതാദൾ ജില്ലാ പ്രസിഡന്റ് എം.ടി.കുര്യൻ തുടങ്ങിയവർ സ്വകീരിച്ചു. ഒന്നര മണിക്കൂറോളം ചർച്ച നീണ്ടു. ഘടകകകക്ഷികൾ സീറ്റുകൾ സംബന്ധിച്ച് അവകാശവാദമുന്നയിച്ചെങ്കിലും പ്രാദേശികതലത്തിൽ നടക്കുന്ന ചർച്ചകൾ പൂർത്തിയായ ശേഷം ഉഭയകക്ഷി ചർച്ച നടത്തി സീറ്റ് ധാരണ ഉണ്ടാക്കാൻ തീരുമാനിച്ചു. യു.ഡി.എഫിൽ ആയിരുന്നപ്പോൾ 22 അംഗ ജില്ലാ പഞ്ചായത്തിൽ 11 സീറ്റിലായിരുന്നു കേരള കോൺഗ്രസ് മത്സരിച്ചത്. ജില്ലയിൽ പാർട്ടിയുടെ സ്വാധീനം കണക്കിലെടുത്ത് അർഹമായ സീറ്റുകൾ വേണമെന്ന് ജോസ് വിഭാഗം ആവശ്യമുന്നയിച്ചു. സി.പി.എം ,സി.പി.ഐ കക്ഷികൾ തങ്ങളുടെ സീറ്റ് വിട്ടു കൊടുത്താലേ ജോസ് വിഭാഗത്തിന് സീറ്റുകൾ നൽകാൻ കഴിയൂ. എല്ലാവരും വിട്ടു വീഴ്ചകൾ നടത്തണമെന്ന അഭിപ്രായം യോഗത്തിൽ ഉയർന്നു.

അടുത്ത മൂന്നുദിവസം ബൂത്ത് ,വാർഡ് തലം മുതലുള്ള ഇടതുമുന്നണി കമ്മിറ്റികൾ രൂപീകരിക്കും. തങ്ങൾക്ക് ഊഷ്മളമായ വരവേൽപ്പാണ് ലഭിച്ചതെന്ന് കേരളകോൺഗ്രസ് ജോസ് വിഭാഗം ജനറൽ സെക്രട്ടറി സ്റ്റീഫൻ ജോർജ് പറഞ്ഞു.