dharna

കോട്ടയം: ഇടത് സർക്കാർ കോട്ടയത്തോട് കാട്ടുന്ന അവഗണനക്കെതിരെയും സർക്കാരിന്റെ വികസന വിരുദ്ധ നിലപാടുകളിൽ പ്രതിഷേധിച്ചും ഇന്ദിരാഗാന്ധിയുടെ രക്തസാക്ഷി ദിനമായ ഇന്ന് തിരുവഞ്ചൂർ രാധാകൃഷ്ണൻ എം.എൽ.എ യുടെ നേതൃത്വത്തിൽ കോൺഗ്രസ് നേതാക്കളും ജനപ്രതിനിധികളും കോട്ടയം തിരുനക്കര മൈതാനത്ത് 24 മണിക്കൂർ ഉപവാസസമരം നടത്തും. രാവിലെ 10ന് പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല ഉപവാസം ഉദ്ഘാടനം ചെയ്തു. കേരളപ്പിറവി ദിനമായ ഞായറാഴ്ച രാവിലെ 10 ന് മുൻമുഖ്യമന്ത്രി ഉമ്മൻ ചാണ്ടി സമാപന സമ്മേളനം ഉദ്ഘാടനം ചെയ്യും.

നാലരവർഷമായി കോട്ടയത്ത് നടന്നുവന്ന വികസനപദ്ധതികളെല്ലാം സർക്കാർ ചുവന്ന നിർത്തി വെപ്പിച്ചിരിക്കുകയാണെന്ന് തിരുവഞ്ചൂർ രാധാകൃഷ്ണൻ എം.എൽ.എ വാർത്താസമ്മേളനത്തിൽ കുറ്റപ്പെടുത്തി. നിയമസഭയിലും പുറത്തും പല വട്ടം ഇക്കാര്യങ്ങൾ ബന്ധപ്പെട്ടവരുടെ മുന്നിൽ അവതരിപ്പിച്ച് നിവേദനങ്ങൾ നൽകിയിട്ടും നടപടി ഉണ്ടാകാത്ത സാഹചര്യത്തിലാണ് പ്രത്യക്ഷസമരത്തിലേക്ക് നീങ്ങാൻ നിർബന്ധിതരായത്. യു.ഡി.എഫ് സർക്കാർ കാലത്ത് ആരംഭിച്ച ഒട്ടേറെ വികസനപദ്ധതികൾ പാതിവഴി പണി മുടങ്ങിക്കിടക്കുകയാണ്.

ആരോപണങ്ങൾ

കൊട്ടയത്തെ കെ.എസ്.ആർ.ടി.സി ബസ് ടെർമിനലിന്റെ നിർമ്മാണം സർക്കാർ മാറിയത് കൊണ്ട് മാത്രം നിലച്ചു നിർമ്മാണം മുടങ്ങാതിരിക്കാൻ എം.എൽ.എ ഫണ്ടിൽ നിന്നും ഒന്നേമുക്കാൽ കോടിയിലേറെ രൂപ നൽകി മാസങ്ങളായിട്ടും മുടന്തൻ ന്യായങ്ങൾ പറഞ്ഞ് നിർമ്മാണത്തിന് തടസം സൃഷ്ടിക്കുകയാണ്.

കോടിമത രണ്ടാംപാലം പണി പൂർത്തിയായിട്ടും ഇരുവശത്തുമുള്ള റോഡ് ക്ളിയർ ആക്കുന്നതിന് നാലരവർഷമായി നടപടി എടുത്തിട്ടില്ല

കോട്ടയത്ത് സ്‌കൈവാക്ക് നിർമ്മാണവും തടസപ്പെടുത്തി

 ചിങ്ങവനത്ത് തുടക്കമിട്ട സ്‌പോർട്‌സ് അക്കാദമിയുടെ നിർമ്മാണവും നിലച്ചു. ഏറ്റെടുത്ത 11.5 ഏക്കർ സ്ഥലം കാട് പിടിച്ച നിലയിലാണ്.

 യു.ഡി.എഫ് സർക്കാർ കാലത്ത് പാതിവഴി എത്തിയ മീനച്ചിലാറ്റിലെ റഗുലേറ്റർ കം ബ്രിഡ്ജ് നിർമ്മാണം ഇപ്പോൾ പണി നിലച്ച അവസ്ഥയിലാണ്.

കച്ചേരിക്കടവ് ടൂറിസം പദ്ധതിയടക്കം ഒട്ടേറെ വികസനപ്രർത്തനങ്ങളാണ് സർക്കാർ നിലപാട് മൂലം ഫയലിൽ ഉറങ്ങുന്നത്.