joseph

കോട്ടയം : തദ്ദേശ തിരഞ്ഞെടുപ്പിന് മുന്നോടിയായുള്ള യു.ഡി.എഫ് സീറ്റ് ചർച്ച നാളെ നടക്കും. ഉമ്മൻചാണ്ടിയും പി.ജെ. ജോസഫും പങ്കെടുക്കുന്ന ചർച്ചയിൽ ജില്ലാ പഞ്ചായത്ത് സീറ്റുകളിൽ ധാരണ ഉണ്ടാക്കാനാണ് ശ്രമം. ബ്ലോക്ക് , പഞ്ചായത്ത് സമിതികളിലെ സീറ്റുകൾ പ്രാദേശിക തലത്തിൽ ചർച്ച ചെയ്തു തീരുമാനിച്ചാൽ മതിയെന്നാണ് യു.ഡി.എഫ് നിർദ്ദേശം.

22 അംഗ ജില്ലാ പഞ്ചായത്തിൽ കേരള കോൺഗ്രസ് (എം) 11 സീറ്റിലാണ് കഴിഞ്ഞ തവണ മത്സരിച്ചത് . ആറ് സീറ്റിൽ ജയിച്ചു. ഇതിൽ രണ്ട് പേർ മാത്രമാണ് ജോസഫ് വിഭാഗത്തിലുള്ളത്. ജോസ് വിഭാഗം മുന്നണി വിട്ടെങ്കിലും മത്സരിച്ച 11 സീറ്റും വേണമെന്ന ജോസഫിന്റെ നിലപട് ആദ്യ ചർച്ചയിൽ തന്നെ കോൺഗ്രസ് നേതാക്കൾ തള്ളിയിരുന്നു. എന്നാൽ ജോസ് വിഭാഗത്തെ തോൽപ്പിക്കാൻ കൂടുതൽ സീറ്റിന് തങ്ങൾക്ക് അർഹതയുണ്ടെന്ന നിലപാടിലാണ് ജോസഫ് വിഭാഗം. ഇന്നലെ പി.ജെ.ജോസഫിന്റെ നേതൃത്വത്തിൽ കോട്ടയത്ത് നേതൃയോഗം ചേർന്നിരുന്നു. ജില്ലാ പഞ്ചായത്തിൽ വലിയ വിട്ടു വീഴ്ച വേണ്ടെന്ന പൊതുനിലപാടാണ് യോഗത്തിൽ ഉണ്ടായത്. ഒഴിവു വന്ന സീറ്റുകളിൽ മത്സരിക്കാൻ സ്ഥാനാർത്ഥികൾ ഇടി തുടങ്ങിയതോടെ ജോസഫ് വിഭാഗത്തിന് പരമാവധി ആറ് സീറ്റ് നൽകാമെന്ന നിർദ്ദേശമാണ് കോൺഗ്രസ് നേതാക്കളുടേത്. പത്തെങ്കിലും കിട്ടണമെന്ന നിലപാടിലാണ് ജോസഫ് വിഭാഗം.

22 ജില്ലാ പഞ്ചായത്ത് സീറ്റിനായി മൂന്നിരട്ടി സ്ഥാനാർത്ഥികൾ രംഗത്തുണ്ട് . ആരെയും തള്ളാൻ കഴിയാത്തതിനാൽ സീറ്റു വിഭജനത്തിന് ശേഷം റിബൽ സ്ഥാനാർത്ഥി പടയുണ്ടാകുമോ എന്ന ഭീതിയിലാണ് കോൺഗ്രസ് നേതാക്കൾ.

ജയിച്ച സീറ്റുകൾ വീതം വച്ച് ഇടതു മുന്നണി

ജില്ലാ പഞ്ചായത്തിൽ കഴിഞ്ഞ തവണ മത്സരിച്ച പതിനൊന്ന് സീറ്റുകൾ ജോസ് വിഭാഗം ആവശ്യപ്പെട്ടെങ്കിലും ജയിച്ച സീറ്റുകൾ മാത്രമേ സിറ്റിംഗ് സീറ്റായി കണക്കാക്കൂ എന്നാണ് എൽ. ഡി. എഫ് നിലപാട്. 13 സീറ്റിലായിരുന്നു സി.പി.എം കഴിഞ്ഞ തവണ മത്സരിച്ചത് . ആറിൽ ജയിച്ചു. സി.പി.ഐയ്ക്ക് ഒരു സീറ്റു ലഭിച്ചു. ഇരു പാർട്ടികളും മത്സരിച്ചു തോറ്റ സീറ്റുകളിൽ നിന്നു വേണം ജോസ് വിഭാഗത്തിന് സീറ്റു നൽകാൻ. ഇക്കാര്യത്തിൽ വിട്ടുവീഴ്ച വേണ്ടിവരുമെന്ന് സി.പി.ഐ ജില്ലാ സെക്രട്ടറി സി.കെ. ശശിധരനെ സി.പി.എം ജില്ലാ സെക്രട്ടറി വി.എൻ.വാസവൻ ഓർമിപ്പിച്ചിട്ടുണ്ട്.