
കോട്ടയം: ലൈഫ് മിഷനുമായി ബന്ധപ്പെട്ട് യൂണിടാക് ഉടമ കമ്മിഷനായി നൽകിയ അഞ്ചാമത്തെ ഐ ഫോൺ ആരുടെ പക്കലാണെന്ന് തനിക്കറിയാമെന്നും എന്നാൽ,വെളിപ്പെടുത്തില്ലെന്നും പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല പറഞ്ഞു.
കോട്ടയം മണ്ഡലത്തിലെ വികസനം മുരടിച്ചതിനെതിരെയും ലഹരി, സ്വർണക്കള്ളക്കടത്ത്, അഴിമതി മാഫിയയ്ക്കെതിരെയും തിരുവഞ്ചൂർ രാധാകൃഷണൻ എം.എൽ.എ നടത്തുന്ന 24 മണിക്കൂർ ഉപവാസ സമരം തിരുനക്കര മൈതാനത്ത് ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം.
സ്വർണക്കള്ളക്കടത്തിലെ കള്ളപ്പണം വെളിപ്പിച്ച കേസിൽ അഞ്ചാം പ്രതിയായ ശിവശങ്കറിനെ ഇന്ത്യൻ ഭരണഘടന ആർട്ടിക്കിൾ 311 പ്രകാരം സർവീസിൽ നിന്ന് പുറത്താക്കണം. ശിവശങ്കർ വാ തുറന്നാൽ ഉന്നതങ്ങളിലിരിക്കുന്ന പലരുടെയും നെഞ്ചിടിപ്പുയരും. ഉദ്യോഗസ്ഥനെ ചാരിയല്ല മുഖ്യമന്ത്രിയെ തന്നെ ചൂണ്ടിക്കാട്ടിയാണ് പ്രതിപക്ഷം കേരള ജനതയ്ക്കു വേണ്ടി യുദ്ധം നയിക്കുന്നത്.
ഇത്രയും വലിയ ലഹരിമരുന്ന് കേസിൽ ഉൾപ്പെട്ടിട്ടും പാർട്ടി സെക്രട്ടറിയുടെ മകനെതിരെ സംസ്ഥാന പൊലീസ് എഫ്.ഐ.ആർ ഇട്ട് അന്വേഷിക്കുന്നില്ല.പാർട്ടി സെക്രട്ടറിയുടെ രണ്ട് മക്കൾ കാട്ടിക്കൂട്ടുന്ന വിക്രിയകൾ കൊണ്ട് കേരള പൊതുസമൂഹം നാണംകെട്ട് തലതാഴ്ത്തുകയാണെന്നും ചെന്നിത്തല പറഞ്ഞു.
ഡി.സി.സി.പ്രസിഡന്റ് ജോഷി ഫിലിപ്പ് അദ്ധ്യക്ഷത വഹിച്ചു. പ്രതിപക്ഷ ഉപനേതാവ് കെ.സി.ജോസഫ്, കുര്യൻ ജോയ് , കെ. പി. സി. സി ജനറൽ സെക്രട്ടറിമാരായ ടോമി കല്ലാനി, പി.ആർ.സോന, എം.എം.നസീർ, മഹിളാ കോൺഗ്രസ് സംസ്ഥാന പ്രസിഡന്റ് ലതികാ സുഭാഷ് തുടങ്ങിയവർ പ്രസംഗിച്ചു.