
കട്ടപ്പന: ഡി.വൈ.എഫ്.ഐ. പ്രവർത്തകൻ പീഡിപ്പിച്ചതിനെ തുടർന്ന് തീകൊളുത്തി ആത്മഹത്യയ്ക്ക് ശ്രമിച്ച പതിനാറുകാരിയായ ദളിത് പെൺകുട്ടി ഒടുവിൽ മരണത്തിനു കീഴടങ്ങി.
40 ശതമാനത്തോളം പൊള്ളലേറ്റ പെൺകുട്ടി
തിരുവനന്തപുരം മെഡിക്കൽ കോളജ് ആശുപത്രിയിൽ ചികിത്സയിലായിരുന്നു. വെള്ളിയാഴ്ച രാത്രിയോടെ ആരോഗ്യനില വഷളായി. ഇന്നലെ രാവിലെയാണ് മരിച്ചത്. പെൺകുട്ടിയെ പീഡിപ്പിച്ച ഡി.വൈ.എഫ്.ഐ. പ്രവർത്തകൻ നരിയംപാറ തടത്ത്കാലായിൽ മനുമനോജ്(24) റിമാൻഡിലാണ്.
കഴിഞ്ഞ 22നാണ് പെൺകുട്ടിയുടെ ബന്ധുക്കൾ കട്ടപ്പന പൊലീസിൽ പരാതി നൽകിയത്. കട്ടപ്പന ഡിവൈ.എസ്.പിയുടെ നേതൃത്വത്തിൽ അന്വേഷണം ആരംഭിച്ചതോടെ മനു ഒളിവിൽ പോയി. 23ന് പുലർച്ചെ പെൺകുട്ടി വീട്ടിലെ ശുചിമുറിക്കുള്ളിൽ കയറി ദേഹത്ത് മണ്ണെണ്ണ ഒഴിച്ച് തീകൊളുത്തുകയായിരുന്നു. വീട്ടുകാരും അയൽവാസികളും ചേർന്ന് കട്ടപ്പനയിലെ സ്വകാര്യ ആശുപത്രിയിലും പിന്നീട് കോട്ടയം മെഡിക്കൽ കോളജ് ആശുപത്രിയിലും പ്രവേശിപ്പിച്ചു. പിന്നീട് തിരുവനന്തപുരം മെഡിക്കൽ കോളജിലേക്കു മാറ്റുകയായിരുന്നു.
രണ്ടുദിവസം ഒളിവിൽ കഴിഞ്ഞശേഷം 24നാണ് പ്രതി മനു കട്ടപ്പന ഡിവൈ.എസ്.പി. ഓഫീസിൽ കീഴടങ്ങിയത്. പോക്‌സോ, എസ്.സി/എസ്.ടി, ബലാത്സംഗം എന്നീ വകുപ്പുകളാണ് ഇയാൾക്കെതിരെ ചുമത്തിയിരിക്കുന്നത്. കട്ടപ്പനയിൽ നിന്നുള്ള അന്വേഷണ സംഘം തിരുവന്തപുരം മെഡിക്കൽ കോളജിലെത്തി. നടപടിക്രമങ്ങൾ പൂർത്തിയാക്കി കൊവിഡ് പരിശോധന, പോസ്റ്റ്‌മോർട്ടം എന്നിവയ്ക്കുശേഷം മൃതദേഹം വീട്ടിലെത്തിക്കും.