cheepunkal

അയ്മനം: സംസ്ഥാനത്തെ ആദ്യത്തെ മാതൃക ഉത്തരവാദിത്വ വിനോദ സഞ്ചാര ഗ്രാമമായ അയ്മനം കൊവിഡാനന്തര ടൂറിസം പ്രയോജനപ്പെടുത്താൻ തയ്യാറെടുക്കുന്നു. ഇതിന്റെ ഭാഗമായി വേമ്പനാട്ട് കായലിന്റെ തീരത്തുള്ള ചീപ്പുങ്കലിൽ വിവിധ ടൂറിസം പദ്ധതികൾക്ക് 4 ന് തുടക്കം കുറിക്കും. കുമരകത്തോട് ചേർന്ന് കിടക്കുന്ന പ്രദേശം എന്ന നിലയിൽ അവിടെയെത്തുന്ന സഞ്ചാരികളെ ചീപ്പുങ്കലിലേയ്ക്ക് ആകർഷിക്കാൻ കഴിയും വിധമാണ് പദ്ധതികൾ നടപ്പാക്കുന്നത്. ഇറിഗേഷൻ വകുപ്പിൽ നിന്ന് അയ്മനം ഗ്രാമ പഞ്ചായത്തിന് വിട്ടുകിട്ടിയ ചീപ്പുങ്കൽ കായൽ തീരത്തെ അഞ്ചര ഏക്കർ സ്ഥലത്ത് പാർക്ക് ഉൾപ്പെടെയുള്ള പദ്ധതികളാണ് വിഭാവനം ചെയ്തിട്ടുള്ളത്. മുൻപ് കുടിവെള്ള സംഭരണി ആയിരുന്ന ചീപ്പുങ്കലിലെ വലിയ മടക്കുളം ജലാശയത്തിൽ വാട്ടർ ഫ്രണ്ടേജ് ടൂറിസം പദ്ധതിയും ചീപ്പുങ്കലിലെ ഹൗസ് ബോട്ട് മേഖലയിൽ പ്രവർത്തിക്കുന്നവരുടെ വളരെ നാളത്തെ ആവശ്യമായിരുന്ന ബോട്ട് ടെർമിനൽ നിർമ്മാണവുമാണ് ഉടൻ നടപ്പാക്കുന്നത്. ചീപ്പുങ്കലിന് സമീപം വേമ്പനാട്ട് കായൽ തീരത്ത് വിരിയുന്ന ആമ്പലുകളുടെ മനോഹരിത സഞ്ചാരികളിലെത്തിക്കാൻ ആമ്പൽ വസന്തോത്സവത്തിന് കഴിഞ്ഞ വർഷം പഞ്ചായത്ത് തുടക്കം കുറിച്ചിരുന്നു. ഉത്തരവാദിത്വ ടൂറിസം പദ്ധതിയിലൂടെ എത്തുന്ന സഞ്ചാരികൾക്ക് പരമ്പരാഗത കൈത്തൊഴിലുകൾ പരിചയപ്പെടുത്തുന്നതിനായി നിരവധി യൂണിറ്റുകൾ ചീപ്പുങ്കൽ മേഖലയിൽ പ്രവർത്തിക്കുന്നുണ്ട്. ഇതോടെ പടിഞ്ഞാറൻ മേഖലയിൽ വിനോദ സഞ്ചാരികളുടെ ഏറ്റവും വലിയ ആകർഷണ കേന്ദ്രമായി മാറാൻ ചീപ്പുങ്കൽ ഒരുങ്ങുകയാണ്.

 കായൽ തീരത്തെ അഞ്ചര ഏക്കറിൽ പാർക്ക് 8.5 കോടി

 മടക്കുളം ജലാശയത്തിൽ വാട്ടർ ഫ്രണ്ടേജ് പദ്ധതി 5 കോടി

 ചീപ്പുങ്കലിൽ ബോട്ട് ടെർമിനൽ നിർമ്മാണം 1.5 കോടി രൂപ

...........

കുമരകത്തെത്തുന്ന സഞ്ചാരികൾക്ക് കായൽയാത്രയ്ക്കൊപ്പം മറ്റ് വിനോദോപാധികൾ കൂടി ഒരുക്കിയാൽ കൂടുതൽ പേരെ ആകർഷിക്കാൻ സാധിക്കും. ചീപ്പുങ്കൽ ടൂറിസം പദ്ധതികൾ ഇതിന്റെ ഭാഗമായുള്ളതാണ്. ടൂറിസം മേഖലയിൽ ഏറെ പ്രവർത്തനങ്ങൾ മുന്നോട്ട് കൊണ്ടു പോകാൻ ഈ ഭരണ സമിതിക്ക് കഴിഞ്ഞു. ഇതിന്റെ അംഗീകാരമായാണ് സംസ്ഥാനത്തെ ആദ്യ മാതൃക ഉത്തരവാദിത്വ ടൂറിസം ഗ്രാമമായി അയ്മനം പഞ്ചായത്തിനെ സംസ്ഥാന സർക്കാർ പ്രഖ്യാപിച്ചത്.

-എ.കെ.ആലിച്ചൻ, അയ്മനം ഗ്രാമ പഞ്ചായത്ത് പ്രസിഡന്റ്

ചീപ്പുങ്കലിലെ വലിയ മടക്കുളം വാട്ടർ ഫ്രണ്ടേജ് ടൂറിസം പദ്ധതിയുടെയും ഹൗസ് ബോട്ട് ടെർമിനലിന്റെയും നിർമ്മാണ ഉദ്ഘാടനം 4 ന് ടൂറിസം മന്ത്രി കടകംപള്ളി സുരേന്ദ്രൻ നിർവ്വഹിക്കും. തദ്ദേശവാസികൾ ഗ്രാമസഭയിൽ നിർദ്ദേശിച്ച്, ഗ്രാമ പഞ്ചായത്തിന്റെ നേതൃത്വത്തിൽ ടൂറിസം വകുപ്പിന് സമർപ്പിച്ച പദ്ധതി കേരളത്തിൽ ആദ്യമായി നടപ്പാക്കുന്നു എന്ന പ്രത്യേകത രണ്ട് പദ്ധതികൾക്കുമുണ്ട്.

കെ രൂപേഷ് കുമാർ, സംസ്ഥാന കോ- ഒാർഡിനേറ്റർ

ഉത്തരവാദിത്വ ടൂറിസം മിഷൻ