vellari

കോട്ടയം: റബറാണ് ജില്ലയിലെ പ്രധാന കൃഷിയെങ്കിലും പച്ചക്കറികൾ ഉൾപ്പെടെയുള്ള ഭക്ഷ്യവിളകൾക്ക് തറവില നിശ്ചയിച്ച നടപടി താങ്ങാവുക ജില്ലയിലെ പതിനായിരത്തിലധികം കർഷകർക്ക്. 16 ഇനം ഭക്ഷ്യവിളകൾക്കാണ് ഇപ്പോൾ തറവില നിശ്ചയിച്ചിരിക്കുന്നത്. ഇതിൽ ഭൂരിഭാഗം ഇനങ്ങളും ജില്ലയിൽ വാണിജ്യാടിസ്ഥാനത്തിൽ കൃഷി ചെയ്യുന്നുണ്ട്. വെള്ളരി, ഏത്തക്കുല, കപ്പ, കുമ്പളങ്ങ, പടവലങ്ങ തുടങ്ങിയവയാണ് ജില്ലയിൽ ഏറെ ഉത്പാദിപ്പിക്കുന്നത്.

കൃഷി വകുപ്പിന്റെ കണക്കനുസരിച്ച് 1000 ഹെക്ടറിലധികം സ്ഥലത്ത് ഏത്തവാഴയും 300 ഹെക്ടറിൽ വെള്ളരിയും പടവലവും 40 ഹെക്ടറിൽ കുമ്പളവും 600 ഹെക്ടറിലധികം സ്ഥലത്ത് കപ്പയും കൃഷി ചെയ്യുന്നു. സുഭിക്ഷ കേരളം പദ്ധതിയുടെ ഭാഗമായി തരിശുഭൂമികൾ കൃഷിയിടങ്ങളാക്കിയും ഇത്തവണ കൂടുതൽ പച്ചക്കറിക്കൃഷി തുടങ്ങിയിട്ടുണ്ട്.

മാർക്കറ്റ് വിലയിലെ ചാഞ്ചാട്ടം ഒഴിവാക്കി ഒരു നിശ്ചിത തുക ഉറപ്പാക്കുന്ന 'കേരള ഫാം ഫ്രെഷ് ഫ്രൂട്‌സ് ആൻഡ് വെജിറ്റബിൾസ്' എന്ന പേരിലുള്ള ഈ പദ്ധതി കർഷകർക്ക് ഏറെ ഗുണകരമാകുമെന്നാണ് വിലയിരുത്തൽ. ജില്ലയിലെ അമ്പതോളം പ്രധാന സ്വാശ്രയ കർഷക സമിതികളെ നോഡൽ ഏജൻസികളായി നിശ്ചയിച്ച് ഇവരിലൂടെയാണ് പച്ചക്കറികളുടെയും പഴങ്ങളുടെയും സംഭരണം നടത്തുക.

രജിസ്റ്റർ ചെയ്യണം

കൃഷിവകുപ്പിന്റെ പോർട്ടലിൽ ഇന്ന് മുതലാണ് രജിസ്‌ട്രേഷൻ തുടങ്ങുന്നത്. പ്രാഥമിക സഹകരണ സംഘങ്ങൾ വഴി സംഭരണം ഉദ്ദേശിക്കുന്ന കർഷകർ ആദ്യഘട്ടത്തിൽ രജിസ്റ്റർ ചെയ്യേണ്ടതില്ലെന്നാണ് അറിയിച്ചിരിക്കുന്നതെങ്കിലും രജിസ്‌ട്രേഷൻ തുടക്കത്തിൽത്തന്നെ പൂർത്തിയാക്കുന്നതാണ് ഉചിതം.

ഒറ്റത്തവണ റജിസ്‌ട്രേഷൻ ആയതിനാൽ പിന്നീട് വിവിധ സബ്‌സിഡികൾക്കും സഹായങ്ങൾക്കും അപേക്ഷിക്കാൻ ഇതു ഗുണകരമാകും. കർഷകർക്ക് നേരിട്ടും അക്ഷയകേന്ദ്രങ്ങൾ വഴിയും രജിസ്‌ട്രേഷൻ പൂർത്തിയാക്കാം.

'' ഒരേ സമയം സന്തോഷവും ആശങ്കയുമുണ്ട്. സാധനങ്ങൾക്ക് കൂടുതൽ വിലകിട്ടേണ്ട സമയത്തും തറവിലയിൽ മാത്രം വ്യാപാരം നടന്നാൽ ലാഭമില്ല. അതേസമയം വിലകുറയുമ്പോൾ തറവിലയിലും താഴാതെ നിൽക്കുന്നത് ഗുണകരവുമാവും''

ജോസി തോമസ്, കർഷകൻ

തറവില ഇങ്ങനെ

 വെള്ളരി: 8

കുമ്പളങ്ങ: 9

പാവയ്ക്ക: 30

ഏത്തവാഴ: 30

 കപ്പ: 12