fish

കോട്ടയം: മത്സ്യഫെഡിന്റെ സഹകരണത്തോടെ ജില്ലയിലെ സഹകരണ ബാങ്കുകൾ മത്സ്യ വിപണന രംഗത്തേയ്ക്കും ചുവടുവയ്ക്കുന്നു. ന്യായവിലയ്ക്ക് വിഷമില്ലാത്ത മീൻ എത്തിക്കുകയാണ് ലക്ഷ്യം. ആദ്യഘട്ടത്തിൽ കുടമാളൂർ, കുറിച്ചി സഹകരണ ബാങ്കുകളാണ് ഹൈടെക് ഫ്രഷ് ഫിഷ് മാർട്ടുകൾ തുടങ്ങുന്നത്.

വിൽപ്പനശാലകൾക്കായി കെട്ടിട സൗകര്യം ഒരുക്കുന്നതും ജീവനക്കാരെ നിയോഗിക്കുന്നതും സഹകരണ ബാങ്കുകളാണ്. മത്സ്യഫെഡിന്റെ എൻജിനീയറിംഗ് വിഭാഗത്തിന്റെ നിർദേശമനുസരിച്ചാണ് സ്റ്റാളുകൾ സജ്ജീകരിക്കുക. മത്സ്യം എത്തിച്ചുനൽകുന്നതിനു പുറമെ മത്സ്യഫെഡ് ജീവനക്കാർക്ക് പരിശീലനവും നൽകും. രണ്ടു ബൂത്തുകളിലുമായി എട്ടു പേർക്ക് തൊഴിൽ ലഭിക്കും. ഇതിൽ ആറു പേർ സ്ത്രീകളാണ്.

പച്ചമത്സ്യത്തിന് പുറമെ മത്സ്യഫെഡിന്റെ മൂല്യവർദ്ധിത ഉത്പന്നങ്ങളും മാർട്ടുകളിൽ ലഭിക്കും. ഇന്ന്

കുടമാളൂരിൽ രാവിലെ 11.30ന് നടക്കുന്ന ചടങ്ങിൽ സരേഷ് കുറുപ്പ് എം.എൽ.എ ഉദ്ഘാടനം ചെയ്യും. മത്സ്യ ഫെഡ് ചെയർമാൻ പി.പി ചിത്തരഞ്ജൻ അദ്ധ്യക്ഷത വഹിക്കും. വി.എൻ വാസവൻ ആദ്യ വിൽപ്പന നടത്തും.