കട്ടപ്പന: തൊഴിലാളികളുമായി പോയ ജീപ്പ് നിയന്ത്രണം വിട്ട് മറിഞ്ഞ് ഡ്രൈവർ ഉൾപ്പെടെ രണ്ട് പേർ മരിച്ചു. എട്ടുപേർക്ക് പരിക്കേറ്റു. ജീപ്പ് ഡ്രൈവർ പുളിങ്കട്ട മാത്രവിളയിൽ സ്റ്റാലിൻ (34), കോട്ടമല എസ്റ്റേറ്റ് ലയത്തിൽ ഗണേശന്റെ ഭാര്യ സ്വർണമാരി (51) എന്നിവരാണ് മരിച്ചത്. കോട്ടമല എസ്റ്റേറ്റ് സ്വദേശികളായ വീരമണലിൽ പുഷ്പ(46), സെൽവറാണി(50), മഹാലക്ഷമി(52), സിന്ധു ബിനു(30), ശാന്തി(41), വള്ളിയമ്മ(45), ഡെയ്‌സി മുരുകേശൻ(42), മുരുകേശൻ(45) എന്നിവർക്ക് ഗുരുതരമായി പരിക്കേറ്റു. ഇന്നലെ രാവിലെ എട്ടോടെ ഉപ്പുതറ പുളിങ്കട്ട കൂവലേറ്റത്തായിരുന്നു അപകടം. കോട്ടമല മൂന്നാം ഡിവിഷനിൽ നിന്നും പുളിങ്കട്ടയിലെ സ്റ്റാലിന്റെ ഏലത്തോട്ടത്തിലേക്കു തൊഴിലാളികളുമായി വരുന്നതിനിടെ ജീപ്പിന്റെ നിയന്ത്രണം നഷ്ടമായി. റോഡരികിൽ കിടന്നിരുന്ന തടിയിൽ ഇടിച്ച് 50 അടി താഴ്ചയിലെ കൃഷിയിടത്തിലേക്കു മറിയുകയായിരുന്നു. നാട്ടുകാർ ഓടിയെത്തി അപകടത്തിൽപ്പെട്ടവരെ ഉപ്പുതറ സാമൂഹികാരോഗ്യ കേന്ദ്രത്തിൽ എത്തിച്ചെങ്കിലും യാത്രാമദ്ധ്യേ സ്റ്റാലിൻ മരിച്ചു. ആശുപത്രിയിലെത്തിച്ച് അധികം വൈകാതെ സ്വർണമാരിയും മരണത്തിനു കീഴടങ്ങി.
പരിക്കേറ്റവരെ കോട്ടയം മെഡിക്കൽ കോളേജ് ആശുപത്രിയിലേക്കു മാറ്റി. മുംബയിൽ ജോലി ചെയ്തിരുന്ന സ്റ്റാലിൻ ഏതാനും ആഴ്ചകൾക്ക് മുമ്പാണ് നാട്ടിലെത്തിയത്. ബംഗളൂരുവിലെ മറ്റൊരു കമ്പനിയിൽ ജോലിക്കു കയറാനിരിക്കെയാണ് അപ്രതീക്ഷിത വിയോഗം. വാഗമൺ പൊലീസ് മേൽനടപടി പൂർത്തിയാക്കി മൃതദേഹങ്ങൾ പോസ്റ്റ്‌മോർട്ടത്തിനുശേഷം മോർച്ചറിയിൽ സൂക്ഷിച്ചിരിക്കുകയാണ്. സ്റ്റാലിന്റെ സംസ്‌കാരം ഇന്ന് 10.30ന് ചീന്തലാർ സെന്റ് സെബാസ്റ്റ്യൻസ് പള്ളിയിലും സ്വർണമാരിയുടേത് 11ന് വീട്ടുവളപ്പിലും നടക്കും. ലാസറും ജ്ഞാനസുന്ദരിയാണ് സ്റ്റാലിന്റെ മാതാപിതാക്കൾ. സഹോദരങ്ങൾ: ആൽവിൻ, ജമീല, ജോബിൻ, സെൽവ പ്രമുല. സ്വർണമാരിയുടെ മക്കൾ: ജയചന്ദ്രൻ, മാരിയമ്മ.