കട്ടപ്പന: സാമ്പത്തിക സംവരണത്തിലൂടെ സാമുദായിക സംവരണം അട്ടിമറിക്കാൻ ശ്രമിക്കുന്നതിനെതിരെ എസ്.എൻ.ഡി.പി. യോഗം നാളെ രാവിലെ 11ന് ജനസംഖ്യ ആനുപാതിക പ്രാതിനിധ്യ ദിനമായി ആചരിക്കും. മലനാട് യൂണിയനിലെ 38 ശാഖായോഗങ്ങളിലും വൻ പ്രതിഷേധം സംഘടിപ്പിക്കും. ശാഖയിൽ ഭാരവാഹികൾ ഒത്തുചേർന്ന് സാമുദായിക സംവരണ പ്രതിജ്ഞയെടുക്കും. തുടർന്ന് സാമുദായിക സംവരണ വിഷയം ചർച്ച ചെയ്യും. പോഷക സംഘടനകളുടെയും കുടുംബയോഗങ്ങളുടെയും നേതൃത്വത്തിൽ പ്രതിഷേധ യോഗങ്ങൾ ചേരും. മലനാട് യൂണിയൻ ആസ്ഥാനത്ത് ഭാരവാഹികൾ പ്രതിജ്ഞ ചൊല്ലി സംവരണ വിഷയം ചർച്ച ചെയ്യും. ഡോ. പൽപ്പുവിന്റെ നേതൃത്വത്തിൽ ഈഴവ മെമ്മോറിയൽ ശ്രീമൂലംതിരുനാൾ മഹാരാജാവിന് സമർപ്പിച്ചതിന്റെ ശതോത്തര രജത ജൂബിലിയാഘോഷങ്ങൾക്ക് അദ്ദേഹത്തിന്റെ ജന്മദിനമായ നാളെ തുടക്കും കുറിക്കും. 38 ശാഖാകളിലും നടക്കുന്ന പ്രതിഷേധത്തിൽ കൊവിഡ് മാനദണ്ഡങ്ങൾ പാലിച്ച് പ്രവർത്തകർ പങ്കെടുക്കുമെന്ന് മലനാട് യൂണിയൻ പ്രസിഡന്റ് ബിജു മാധവൻ, യൂണിയൻ സെക്രട്ടറി വിനോദ് ഉത്തമൻ എന്നിവർ അറിയിച്ചു.