kadhali

വാഴപ്പഴകളിൽ കേമനാരെന്ന് ചോദിച്ചാൽ ഒറ്റ ഉത്തരമേയുള്ളൂ,​ കദളി. വിലയിലും ഗുണത്തിലും മുമ്പൻ. ഔഷധഗുണമുള്ളതുകൊണ്ട് തന്നെ കദളിപ്പഴത്തിന് ആവശ്യക്കാരും ഏറെയാണ്.
മെച്ചപ്പെട്ട കുല തരുന്നതും രോഗകീട സാദ്ധ്യതയില്ലാത്തതുമായ മാതൃവാഴയിൽ നിന്ന് വേണം കന്നുകൾ തിരഞ്ഞെടുക്കേണ്ടത്. 3-4 മാസം പ്രായമുള്ള ആരോഗ്യമുള്ള കന്നുകൾ തിരഞ്ഞെടുക്കാം. മാതൃവാഴയിൽ നിന്നു വിളവെടുത്തതിനു പത്തു ദിവസത്തിനുള്ളിൽ വിത്തുകന്നുകൾ മാറ്റുന്നത് വണ്ടിന്റെ ആക്രമണം തടയാൻ സാധിക്കും. കന്നുകൾ ചാണകവെള്ളത്തിൽ മുക്കി ഒരാഴ്‌ച തണലത്തുവച്ച് ഉണക്കിയശേഷം നടാൻ ഉപയോഗിക്കാം. വാഴക്കന്ന് ചരിച്ചു നട്ടാൽ വേഗത്തിൽ മുളയ്‌ക്കും.

വാഴക്കന്ന് നട്ടു കഴിഞ്ഞാൽ പിന്നെയും ശ്രദ്ധിക്കാൻ ഒരുപാട് കാര്യങ്ങളുണ്ട്. യാതൊരു കാരണവശാലും വാഴയുടെ കടയ്‌ക്കൽ വെള്ളം കെട്ടി നിൽക്കാൻ അനുവദിക്കരുത്. ചെറിയ ചാലുകൾ കീറി വെള്ളം ഒഴുകിപ്പോകാൻ അനുവദിക്കണം. രാസവളങ്ങൾ വാഴയുടെ ചുവട്ടിൽ നിന്ന് 60 - 70 സെന്റീമീറ്റർ അകലത്തിൽ ചുറ്റിനും ഇട്ട് മണ്ണിൽ കലർത്തണം. വളപ്രയോഗ സമയത്ത് മണ്ണിൽ ഈർപ്പമുണ്ടായിരിക്കാൻ പ്രത്യേകം ശ്രദ്ധിക്കണം.
അസുഖം ബാധിച്ച വാഴകൾ ഉടൻ തന്നെ നീക്കം ചെയ്യുകയും തോട്ടം വൃത്തിയായി സൂക്ഷിക്കുകയും വേണം. വാഴകൾ തമ്മിൽ രണ്ടു മീറ്റർ അകലം നൽകുക. നടാനുള്ള കുഴിയുടെ വലുപ്പം 50 സെ. മീറ്റർ സമചതുരവും ആഴവും ഉണ്ടാവണം. കുഴി ഒന്നിന് 15 കി.ഗ്രാം ഉണങ്ങിയ ചാണകപ്പൊടിയും മേൽമണ്ണും ചേർത്തിളക്കി മൂടുക. കുമ്മായം വിതറി കൊടുക്കുന്നതും നല്ലതാണ്. ആവശ്യത്തിന് ജലസേചനം ചെയ്യുക. വളം ചേർക്കുമ്പോൾ ചുവട്ടിൽ നിന്ന് 30 സെ. മീ. അകലം വിട്ട് മണ്ണിൽ വിതറി അൽപ്പം മണ്ണിട്ടു മൂടുക. ആവശ്യത്തിന് നനവ് കിട്ടുന്നുണ്ടെന്ന് ഉറപ്പു വരുത്തുക.