kids

നഗരൂർ പൊലീസ് സ്റ്റേഷൻ അതിർത്തിയിൽ ഏഴാംക്ളാസുകാരനായ ഉപമന്യു പരാതിയുമായി ചിരിയിലേക്ക് വിളിച്ചത് അവൻ വളർത്തിയ ഏഴ് കോഴികളിൽ ആറിനെയും അയൽവാസിയുടെ പട്ടി കടിച്ചു കൊന്നെന്ന പരാതിയുമായാണ്. കൊവിഡ് കാലത്ത് സ്‌കൂളിന്റെ തണൽ നഷ്‌ടമായി, കളിക്കൂട്ടുകാരെ പിരിഞ്ഞ് , അനിശ്ചിതമായ ഏകാന്തതയിൽ അകപ്പെട്ടതിന്റെ തീവ്രവേദന ആ ശബ്ദത്തിലുണ്ടായിരുന്നു. ചിരിയിൽ നിന്ന് നഗരൂർ പൊലീസ് സ്‌റ്റേഷനിൽ വിവരം അറിയിച്ചു. അവർ അയൽവാസിയെ താക്കീത് ചെയ്‌തു.

ആറ് കോഴികളെ വാങ്ങി നല്‌കണമെന്നും നിർദേശം നല്‌കി. ഇതുപോലെ നിരവധി പരാതികൾ ദിവസവും ചിരിയിലേക്ക് എത്തുന്നുണ്ട്. വളർത്തു മീനിനെ ആരോ പിടിച്ചു കൊണ്ടുപോയതും ഓമനിച്ചു വളർത്തിയ നെല്ലിമരം സാമൂഹ്യവിരുദ്ധർ മുറിച്ചു കളഞ്ഞതുമെല്ലാം വേദനയോടെയാണ് കുട്ടികൾ ചിരിയിൽ അറിയിച്ചത്. പരാതി പരിഹരിച്ച് അവരെ ചിരിപ്പിക്കാൻ, കഴിഞ്ഞെന്ന ചാരിതാർത്ഥ്യമുണ്ട്.

കൂട്ടുകാരില്ലാതെ,​ സ്‌കൂളില്ലാതെ, മനസിന്റെ വെട്ടം കെട്ടുപോകുന്ന കുട്ടികൾ നാളെയുടെ നഷ്ടമായി മാറരുത്. സമ്മർദ്ദം കാരണം കുട്ടികൾ ആത്മഹത്യ ചെയ്‌ത നിരവധി കേസുകൾ കൊവിഡ് കാലത്ത് റിപ്പോർട്ട് ചെയ്യപ്പെട്ടിട്ടുണ്ട്. സാഹചര്യത്തിന്റെ ഗൗരവം കണക്കിലെടുത്ത്, കുട്ടികളിലെ മാനസിക സംഘർഷം കുറയ്‌ക്കാൻ സംസ്ഥാന സർക്കാർ തുടക്കമിട്ട പദ്ധതിയാണ് ചിരി ഹെൽപ്പ് ലൈൻ. കേരള പൊലീസിനാണ് പദ്ധതിയുടെ നടത്തിപ്പ് ചുമതല. തിരുവനന്തപുരത്ത് ചിൽഡ്രൻ ആൻഡ് പൊലീസ് പദ്ധതിയുടെ സ്‌റ്റേറ്റ് റിസോഴ്‌സ് സെന്ററാണ് ചിരി ഹെൽപ്പ് ഡെസ്‌കിന്റെ ആസ്ഥാനം.

ദിവസം 80- 100 കോളുകൾ ഹെൽപ്പ് ഡെസ്‌കിലേക്ക് എത്തുന്നുണ്ട്. കുട്ടികൾ മാത്രമല്ല,​ മാതാപിതാക്കൾ,​കുട്ടികളുടെ ബന്ധുക്കൾ,​ അദ്ധ്യാപകർ എന്നിവരൊക്കെ വിളിക്കുന്നുണ്ട്.

കുട്ടിപ്പരാതികൾ തള്ളിക്കളയരുത്

കൊവിഡ് കാലത്ത് കൂട്ടുകാരും സ്‌കൂൾ അന്തരീക്ഷവുമെല്ലാം നഷ്‌ടമായ കുട്ടികളിൽ പലരും കടുത്ത നിരാശയിലാണ്. വീടിനുള്ളിൽ അടച്ചിടപ്പെട്ട അവർ പറയുന്ന പരാതികൾ വേദന കിനിയുന്നതാണ്.

ലഹരിയ്‌ക്കടിമയായ അച്ഛനുണ്ടാക്കുന്ന കലഹങ്ങൾ, അച്ഛനിൽ നിന്ന് അമ്മയ്‌ക്ക് നേരിടേണ്ടി വരുന്ന ശാരീരിക, മാനസിക ഉപദ്രവങ്ങൾ, എന്നിവയ്‌ക്കെല്ലാം കുട്ടികൾ സാക്ഷികളാകുകയാണ്. കൊവിഡ് കാലത്തെ സാമ്പത്തിക ഞെരുക്കങ്ങൾ കൂടിയായപ്പോൾ പല വീടുകളിലും കലഹം പതിവായിട്ടുണ്ട്. പകൽ സ്‌കൂളിന്റെ ആശ്വാസത്തണൽ ഉണ്ടായിരുന്ന കുട്ടികൾ വീടുകളിലെ സംഘർഷങ്ങളിൽ പെട്ടുപോവുകയാണ്.

പെരുമാറ്റം മാറുന്നു

കൊവിഡ് കാലത്ത് കുട്ടികൾ മാത്രമല്ല,​ മാതാപിതാക്കളും ചിരി ഹെൽപ്പ് ഡെസ്‌കിന്റെ സഹായം തേടുന്നുണ്ട്. മക്കളുടെ പെരുമാറ്റത്തിൽ കാര്യമായ വ്യത്യാസങ്ങളുണ്ടായെന്നും നിസാരകാര്യങ്ങൾക്ക് പോലും വൈകാരികമായും തീവ്രമായും പ്രതികരിക്കുന്നതായും മാതാപിതാക്കൾ പറയുന്നു. ഓൺലൈൻ പഠനത്തിനായി കുട്ടികൾക്ക് മൊബൈൽ നല്‌കാതിരിക്കാനാവില്ലല്ലോ. എന്നാൽ

ഫോൺ അമിത ഉപയോഗത്തിലേക്ക് വഴിമാറി. വിലക്കിയാൽ പല കുട്ടികളും അക്രമാസക്തരായി പ്രതികരിക്കുന്നു.

പകൽ നേരത്ത് അവരെ ആരു നോക്കും?

ലോക്ഡൗൺ നീങ്ങിയതോടെ അച്ഛനമ്മമാർക്ക് ജോലിക്ക് പോകണം, സ്‌കൂളില്ലാത്തതിനാൽ കുട്ടികൾ പകൽ നേരങ്ങളിൽ വീടുകളിലും ഫ്ലാറ്റുകളിലും തനിച്ചാകുന്നതിന്റെ ആധികളിലാണ് മാതാപിതാക്കൾ.

അവർ അപകടത്തിന്റെ ചിലന്തി വലകളിലേക്ക് വീണുപോകുമോ എന്ന ആധി ഉറക്കം കെടുത്തിയിരിക്കുന്നു.

മക്കളുടെ മേൽ നിയന്ത്രണം നഷ്‌ടപ്പെട്ടെന്ന് പലരും പറഞ്ഞു. മാത്രമല്ല, പകൽ ഒറ്റയ്‌ക്കിരിക്കുന്ന കുട്ടികളെ ആരെങ്കിലും കണ്ണുവയ്‌ക്കുന്നുണ്ടോ എന്നും അറിയില്ല. ഭക്ഷണം മേശപ്പുറത്ത് അടച്ചുവച്ച് വീട് പൂട്ടി ഇറങ്ങുന്നവർ അക്ഷരാർത്ഥത്തിൽ പകുതി പ്രാണൻ തന്നെയാണ് വീട്ടിലാക്കി പോകുന്നത്.

മൊബൈൽ അഡിക്ഷൻ

ഓൺലൈൻ ക്ളാസുകളിൽ തുടങ്ങിയ മൊബൈൽ ഉപയോഗം ദുരുപയോഗത്തിലേക്ക് വഴിമാറിയിട്ടുണ്ട്. കുട്ടികളുടെ മൊബൈൽ ഗെയിം അഡിക്ഷനെക്കുറിച്ച് നിരവധി പരാതികളുണ്ട്. മാതാപിതാക്കൾ പകൽ ജോലിക്കു പോകുന്ന സാഹചര്യത്തിലാണ് കുട്ടികൾ മോശം സൈറ്റുകൾ സന്ദർശിക്കുന്നത്. പല മാതാപിതാക്കൾക്കും മക്കളുടെ തെറ്രായ പ്രവണതകളെക്കുറിച്ച് പൊലീസിനോടു പോലും പറയാൻ മടിയുണ്ട്.

ഓൺലൈൻ ക്ളാസ് പരാതികൾ

ഓൺലൈൻ ക്ളാസുകളെക്കുറിച്ച് പലരും പരാതി പറഞ്ഞു. ക്ളാസ് മുറികളിൽ നിന്നും തികച്ചും വ്യത്യസ്‌തമായ സാഹചര്യത്തിൽ സംഘടിപ്പിക്കപ്പെടുന്ന ഓൺലൈൻ ക്ളാസുകൾ പിന്തുടരാനുള്ള ബുദ്ധിമുട്ടുകളും സമ്മർദ്ദങ്ങളും വലിയൊരു ശതമാനം കുട്ടികൾ അനുഭവിക്കുന്നുണ്ട്.

ഇടുക്കി, പാലക്കാട് , വയനാട് ജില്ലകളിൽ നിന്ന് നെറ്റ് കണക്ഷൻ ഇല്ല എന്ന പരാതി വരുന്നുണ്ട്. 10 ശതമാനത്തിന് സ്മാർട്ട് ഫോൺ, ടി.വി എന്നിവയില്ലെന്ന പരാതിയുണ്ട്. സി.ബി.എസ്.ഇ സിലബസിൽ കൂടുതൽ സമയം ക്ളാസ് ഉള്ളതും പലരും ബുദ്ധിമുട്ടായി പറയുന്നുണ്ട്. ഓൺലൈൻ ട്യൂഷൻ ക്ളാസുകളും കൂടിയായപ്പോൾ ഭാരം ഏറി.

ചിരിയുടെ ഘടന

കുട്ടികൾക്കെതിരെയുള്ള അതിക്രമങ്ങൾ തടയുന്നതിനുള്ള ചിൽഡ്രൻ ആൻഡ് പൊലീസ് അഥവാ ക്യാപ് ആണ് ചിരി ഹെൽപ്പ് ഡെസ്‌ക് തുടങ്ങിയത്.

100 സൈക്കോളജിസ്‌റ്റ്

40 സൈക്യാട്രിസ്‌റ്റുകൾ

എൽഡർ മെന്റേഴ്‌സ്,

പിയർ മെന്റേഴ്സ് ( എസ്.പി.സി കേഡറ്റുകൾ ) എന്നിവരുൾപ്പെട്ടതാണ് ചിരി ഹെൽപ്പ് ഡെസ്‌ക്.

ചിരി ഹെൽപ്പ് ലൈനിൽ ലഭിക്കുന്ന കോളുകൾ ജില്ലാ കോർ കമ്മിറ്രി മുഖാന്തരം അതത് ജില്ലയിലെ സൈക്കോളജിസ്റ്രിന് കൈമാറും. സൈക്കോളജിസ്‌റ്ര് എന്ത് തരം സഹായമാണ് ആവശ്യമെന്ന് കണ്ടെത്തും.

അതിനു ശേഷം കുട്ടിയുമായോ രക്ഷിതാവുമായോ സംസാരിക്കും. കൗൺസിലിംഗ് മാത്രം ആവശ്യമായവയാണെങ്കിൽ സൈക്കോളജിസ്‌റ്റ് കൈകാര്യം ചെയ്യും. ഗൗരവമേറിയ കേസാണെങ്കിൽ ആ കോർ കമ്മിറ്റിയിൽ തന്നെയുള്ള സൈക്യാട്രിസ്‌റ്റിനെ ഏല്‌പിക്കും. സൈക്യാട്രിസ്‌റ്റ് സംസാരിച്ച് കുട്ടിയെ നേരിൽ കാണേണ്ട കേസാണെങ്കിൽ നേരിൽ കാണുകയും വൈദ്യസഹായം വേണ്ടതാണെങ്കിൽ ഉറപ്പാക്കുകയും ചെയ്യും. ഈ വിവരം ക്യാപ് ഹൗസിൽ അറിയിക്കും. വിവരം ക്യാപ് ഹൗസ് രേഖയാക്കി സൂക്ഷിക്കും.

മെന്റേഴ്സ് ഗ്രൂപ്പുകൾ

ഓരോ ജില്ലയിലും പ്രത്യേക പരിശീലനം ലഭിച്ച 15 പിയർ മെന്റേഴ്സ് ( സീനിയർ എസ്.പി.സി കുട്ടികൾ ) , അഞ്ച് എൽഡർ മെന്റേഴ്സ് എന്നിവർ ഉൾപ്പെടുന്നതാണ് മെന്റേഴ്‌സ് ഗ്രൂപ്പ്.

എല്ലാ ജില്ലയിലെ കോർ ഗ്രൂപ്പിൽപ്പെട്ട സൈക്കോളജിസ്റ്റിന് ലഭിക്കുന്ന,​ താരതമ്യേന ഗൗരവം കുറഞ്ഞ കേസുകളാണ് മെന്റേഴ്‌സ് ഗ്രൂപ്പിന് കൈമാറുന്നത്. ഉദാ: പഠിക്കുന്നത് മനസിലാകുന്നില്ല, കൂട്ടുകാരനോട് സംസാരിച്ചാൽ പരിഹരിക്കപ്പെടാവുന്ന വിഷയങ്ങൾ എന്നിവയൊക്കെ മെന്റേഴ്‌സ് ഗ്രൂപ്പ് കൈകാര്യം ചെയ്യും. പെൺകുട്ടികളുടെ കേസ് പെൺകുട്ടികളും ആൺകുട്ടികളുടെ കേസ് ആൺകുട്ടികളുമാണ് കൈകാര്യം ചെയ്യുന്നത്.

പൊലീസ് സഹായം

വീട്ടുകളിലെ പ്രശ്‌നങ്ങൾ, സുരക്ഷിതത്വമില്ലായ്‌മ, രക്ഷിതാവിന്റെ മദ്യപാനം തുടങ്ങി കുടുംബവുമായി ബന്ധപ്പെട്ട പരാതികളുമുണ്ട്. ഇവ, വനിതാ സെല്ലിന് കീഴിൽ എല്ലാ ജില്ലയിലുമുള്ള ഡൊമസ്‌റ്രിക് കോൺഫ്ളിക്‌ട് റെസല്യൂഷൻ സെന്റർ കൈകാര്യം ചെയ്യും .

മൊബൈൽ ഫോൺ, ടിവി എന്നിവ ഇല്ലാത്തതു മൂലം പഠനം മുടങ്ങുന്ന സാഹചര്യം എന്നിവയും പൊലീസിന് കൈമാറും. അവർ നേരിട്ടെത്തി വിഷയം പരിഹരിക്കും.