
സർക്കാരിന്റെ കൊവിഡ് 19 പ്രോട്ടോക്കോൾ കണ്ടപ്പോൾ ഞാനൊന്നു ഞെട്ടി!
65 വയസ്സിനു മുകളിൽ പ്രായമുള്ളവരും 10 വയസിനു താഴെയുള്ള കുട്ടികളും വീടിനു പുറത്തിറങ്ങരുത്.
ഞാൻ മാത്രമല്ല, ശിശുരോഗ വിദഗ്ദ്ധൻമാരെല്ലാം ഞെട്ടി!
18 വയസു വരെയുള്ളവരെയാണ് ഞങ്ങൾ ശിശുപാലകന്മാർ ചികിത്സിക്കുന്നതെങ്കിലും ഞങ്ങളുടെ ക്ലിനിക്ബൂത്തുകളിൽ കനത്ത പോളിംഗ് നടത്തുന്നത്
5 വയസിനു താഴെയുള്ളവരാണ്.
അപ്പോൾ 10 വയസിനു താഴെയുള്ള കുട്ടികളെ കൊണ്ട് വീടിനു പുറത്തിറങ്ങരുതെന്ന് പറയുന്നതിനേക്കാൾ ഭേദം അത്തരം കുട്ടികളും ശിശുരോഗ വിദഗ്ദ്ധരും വീടിനു പുറത്തിറങ്ങരുതെന്ന് പ്രഖ്യാപിക്കുന്നതായിരുന്നു!
ചരിത്രം കുറിച്ച ദേശീയ ലോക്ഡൗൺ വന്നതോടെ ഞങ്ങളെല്ലാം ആശുപത്രിയിൽ പോകാതെ വീട്ടിലിരുന്ന് കുട്ടിക്കളികളിൽ ഏർപ്പെട്ടു.
പ്രോട്ടോക്കോൾ, പ്രോട്ടോക്കോൾ എന്നുരുവിട്ടിരുന്നപ്പോഴാണ് വീഡിയോ കോൾ, വീഡിയോ കോൾ എന്ന ആശയം ഞങ്ങളുടെ മനസിലും ഉദിച്ചത്.
അതെ. നമ്മൾ മുമ്പു കണ്ടിരുന്ന നമ്മുടെ പഴയ കക്ഷികളെ/കുട്ടികളെ
വീഡിയോ വഴി കൺസൾട്ടേഷൻ നടത്തുക.
മുമ്പു ചികിത്സിച്ചിരുന്ന ഡോക്ടറെ വീഡിയോയിൽ നേരിൽ കാണുമ്പോൾ കുട്ടിക്കു സന്തോഷമാകും.
പിന്നെ ചെറിയ കൊഞ്ചലുകളും രോഗവിവരവും ഒക്കെ കഴിഞ്ഞ്, സർക്കാരിന്റെ അനുവാദത്തോടെ തന്നെ കുറിപ്പടിയും കൊടുക്കാം.
ആശുപത്രിപ്പേടിയും വേണ്ട!
അങ്ങനെ എന്റെ ആദ്യത്തെ ടെലി കൺസൾട്ടേഷൻ ഞാൻ തന്നെ സസന്തോഷം സ്വയം ഉദ്ഘാടനം ചെയ്തു.
രാവിലത്തെ മിനി നടത്തവും കഴിഞ്ഞ്, ഒരൽപ്പം പത്രപാരായണവും കഴിഞ്ഞ്, കുളിച്ച് കുട്ടപ്പനായി, ചൂട് ഇഡ്ഡലിയും സാമ്പാറും കഴിക്കാനായി വന്നിരുന്ന സമയത്താണ് ആദ്യത്തെ ടെലികൺസൾട്ടേഷൻ ഫോൺ വിളി വന്നത്!
ഡോക്ടറേ... കുഞ്ഞിന് ഭയങ്കര വയറിളക്കം.
തുടക്കം തന്നെ ശുഭകരം! ആഹാരം കഴിക്കുമ്പോൾ തന്നെ വിളിക്കാൻ പറ്റിയ കേസ്!.
'വയറിളക്കമെന്നു പറഞ്ഞാൽ...... ഓരോ അഞ്ചുമിനിട്ടു കൂടുന്തോറും വയറിളകിക്കൊണ്ടിരിക്കുകയാണ്. ഇന്നലെയൊക്കെ പച്ചനിറത്തിലായിരുന്നു. ഇന്ന് ഒരുതരം തരിതരിയായി......'
വായിൽ വച്ച ഒരു കഷണം ഇഡ്ഡലി ഞാനൊരുവിധം ഇറക്കി.
അപ്പോഴാണ് തുടർന്നുള്ള വർണന എന്നെ പിടിച്ചു കുലുക്കിയത്!
'.......തരിതരിയെന്നു പറഞ്ഞാൽ സാമ്പാറിലൊക്കെ കിടക്കുന്നതുപോലെ തെന്നിയും തെറിച്ചുമാണ് ഓരോ കഷണങ്ങൾ കിടക്കുന്നത്.....'
മുന്നിലിരിക്കുന്ന സാമ്പാറിന്റെ കഷണങ്ങൾ സ്പൂൺകൊണ്ട് കലക്കിക്കൊണ്ടിരുന്ന ഞാൻ ഷോക്കേറ്റതുപോലെ പെട്ടെന്ന് അത് നിറുത്തി.
വിസർജ്ജന വിശേഷണങ്ങൾ കേട്ടാൽ സാമ്പാർ വർണനയാണോ എന്ന് തോന്നിപ്പോകും. നല്ല ഉപമ!.
ടി.വിയിലെ ചർച്ചപോലെ ഇടയ്‌ക്കു കയറി ഇടപെടാൻ ഞാൻ ശ്രമിച്ചില്ല.
ഇടപെട്ടാൽ...
അവർ സംഗതി വിവരിച്ചു മുന്നേറിയാൽ ...............
എന്റെ പ്രാതൽ സ്വാഹ!
പിന്നെ, വോയ്‌സ് കോളിന് പകരം വീഡിയോ കോളാണ് വിളിച്ചിരുന്നതെങ്കിൽ മുഖ്യവിഷയം അവർ വീഡിയോയിൽ ലൈവായി എന്നെ കാണിച്ചേനെ!!
ടെലി കൺസൾട്ടേഷൻ കഴിഞ്ഞയുടൻ ഇതൊന്നും ശ്രദ്ധിക്കാതെ ഇഡ്ഡലി കഴിച്ചുകൊണ്ടിരുന്ന മകളുടെ വക!
'അച്ഛനെന്താ സാമ്പാർ കഴിക്കാത്തേ? നല്ല അടിപൊളി സാമ്പാറല്ലേ!'