
കാടിനോടും വന്യമൃഗങ്ങളോടുമൊത്ത് ചേർന്ന് അവരിലൊരാളായി മാത്രം ജീവിച്ചവരാണ് വയനാട്ടിലെ ആദിമ ജനസമൂഹം. ചരിത്രത്തിന്റെ താളുകളിലേയ്ക്ക് മറഞ്ഞ ആ ജീവിതത്തെ ഓർമ്മപ്പെടുത്തുകയാണ് വയനാട് മടൂർ കാട്ടുനായ്ക്ക കോളനിയിലെ ചുണ്ടയെന്ന സ്ത്രീയും, അവർ സ്നേഹമുട്ടി വളർത്തുന്ന മുത്തുവെന്ന കാട്ടുപന്നിയും. മൂന്ന് ആൺമക്കളുള്ള ചുണ്ട, തന്റെ മക്കളെപ്പോലെ തന്നെ മുത്തുവിനേയും സ്നേഹിയ്ക്കുന്നു.
ആഴ്ചകൾ മാത്രം പ്രായമുള്ള പെൺ കാട്ടുപന്നിക്കുഞ്ഞിനെ രണ്ട് വർഷങ്ങൾക്ക് മുൻപാണ് ചുണ്ടയ്ക്ക് കിട്ടുന്നത്. അടുത്തുള്ള കാപ്പിത്തോട്ടത്തിൽ പശുക്കൾക്ക് പുല്ല് വെട്ടാൻ പോയപ്പോഴാണ് ഒറ്റയ്ക്ക് നിലത്ത് കിടക്കുന്ന പന്നിക്കുഞ്ഞിനെ കണ്ടത്. തിരിച്ച് പോകുമ്പോൾ പുല്ല് കെട്ടിന് മുകളിൽ ആ അതിഥിയുമുണ്ടായിരുന്നു. റസ്ക്കും പാലും കട്ടൻ ചായയുമൊക്കെ കൊടുത്ത് വളർത്തി. രാത്രിയിൽ പുതപ്പൊക്കെ പുതപ്പിച്ച് കൂടെത്തന്നെയുറക്കി. വലുതായിട്ടും ഉറങ്ങാൻ നേരം മുത്തു ചുണ്ടയുടെ അടുത്തെത്തും, കൂടെത്തന്നെ കിടന്നുറങ്ങും. നല്ലൊരു ക്ഷീരകർഷകയായ ചുണ്ടയുടെ തൊഴുത്തിലിപ്പോൾ നാല് പശുക്കളുണ്ട്. വെളുപ്പിന് അഞ്ചരയ്ക്ക് പശുക്കളെ കറക്കാനായി ചുണ്ട എഴുന്നേൽക്കുമ്പോ കൂടെ മുത്തുവുമുണരും. പാൽ കറന്ന് തീരും വരെ തൊഴുത്തിൽ തന്നെയങ്ങനെ ചുറ്റിപ്പറ്റി നിൽക്കും; കറന്ന പാലിൽ ഒരു പങ്ക് അവൾക്കുള്ളതാണ്.
രാവിലെ മേയാൻ കാട്ടിലേയ്ക്ക് പോകുന്ന പശുക്കളുടെ മുൻപിൽ വഴികാട്ടിയായി മുത്തുവുമുണ്ടാകും; പുല്ലാണ് പ്രഭാത ഭക്ഷണം. വീട്ടിലുണ്ടാക്കുന്ന ചോറും കറികളുമൊക്കെ മുത്തുവിനും വലിയ ഇഷ്ടമാണ്; സാമ്പാറുണ്ടെങ്കിൽ വയറ് നിറച്ചുണ്ണും. ചുണ്ട തന്റെ മകളെപ്പോലെ മുത്തുവിനേയും, മുത്തു അമ്മയെ പോലെ ചുണ്ടയെ തിരിച്ചും സ്നേഹിക്കുന്നു. വന്യമൃഗങ്ങളും മനുഷ്യനും തമ്മിലുള്ള സംഘർഷങ്ങൾ പതിവാകുന്ന ഇക്കാലത്തും ചുണ്ടയുടേയും മുത്തുവിന്റെയും സ്നേഹഗാഥ തുടരുകയാണ്...
വൈറലായ  ആത്മബന്ധം
വയനാട്ടിലെ മാരമലയിലെ കല്ലാണിയെന്ന വീട്ടമ്മയുടേയും അവർ വളർത്തുന്ന കിങ്ങിണിയെന്ന കാട്ടുപന്നിയുടേയും കഥ കൗമുദി യൂട്യൂബ് ചാനൽ പ്രസിദ്ധീകരിച്ചതിന് ശേഷമാണ് ചുണ്ടയുടേയും മുത്തുവിന്റേയും സമാനമായ കഥ അറിയുന്നത്. ഇവരുടെ സ്നേഹബന്ധവും ആദ്യം പുറംലോകമറിഞ്ഞത് കൗമുദി ചാനലിലൂടെയാണ്. ദിവസങ്ങൾക്കുള്ളിൽ ഈ 'അമ്മയും മകളും' വൈറലാവുകയായിരുന്നു, തുടർന്ന് ലക്ഷക്കണക്കിനാളുകളിലേയ്ക്കാണ് ഇവരുടെ നനുത്ത സ്നേഹം ഒഴുകിയിറങ്ങിയത്.