
ഉപരിപ്ലവവും നിസാരവുമായ കാര്യങ്ങൾക്ക് വേണ്ടി ബൗദ്ധിക വ്യായാമവും പ്രചരണപരിപാടികളും നടത്തേണ്ടിവരുമ്പോൾ അവനവൻ സ്വയം ഉള്ളിലേക്ക് നോക്കാറില്ല. ജീവൻ നിലനിൽക്കുന്നതു കൊണ്ടാണ് നിഷ്പ്രയോജനകരമായ കാര്യങ്ങളിൽ പിടിച്ച് പരസ്പരം വഴക്കടിക്കുന്നത് എന്ന് മനസിലാവും
ചുറ്റുപാടും നടക്കുന്ന ബഹളങ്ങൾ കാണുമ്പോൾ എത്ര അർത്ഥശൂന്യമെന്ന് തോന്നിയാലും നാം അറിഞ്ഞോ അറിയാതെയോ അതിൽ ഭാഗഭാക്കാകുന്നു. മനസുകൊണ്ടോ വാക്കുകൊണ്ടോ കർമ്മം കൊണ്ടോ നാം ഈ നിസാരതകളിൽ അഭിരമിക്കുന്നു. ആശയപരമായ ഭിന്നതകളും കാഴ്ചപ്പാടുകളിലെ വൈരുദ്ധ്യവുമൊക്കെ ചർച്ചകളായും ഗ്രൂപ്പുകളായും സമൂഹത്തിൽ മേൽക്കൈ നേടുമ്പോൾ നാം ചില അടിസ്ഥാന കാര്യങ്ങൾ മറന്നുപോകുന്നു.
ഈ വിഷയത്തെക്കുറിച്ച് ഉപനിഷത്തിൽ മനോഹരമായ ഒരു കഥയുണ്ട്. ശ്വേതകേതുവിന്റെ കഥ. ഉദ്ദാലകന്റെ പുത്രനായിരുന്നു ശ്വേതകേതു. ഗുരുകുലവിദ്യാഭ്യാസമൊക്കെ കഴിഞ്ഞ് അറിവിന്റെ നിറകുടമായി ശ്വേതകേതു പിതാവിന്റെ അടുക്കൽ തിരികെയെത്തി. ഏറ്രവും മിടുക്കനായ വിദ്യാർത്ഥിയ്ക്കു ലഭിക്കേണ്ടതായ എല്ലാ ഉപഹാരങ്ങളും അതിന്റെ അഭിമാനവുമായിട്ടായിരുന്നു ശ്വേതകേതു മടങ്ങിവന്നത്. മകന്റെ ഉള്ളിൽ ജ്ഞാനിയാണെന്ന അഹങ്കാരം ഉണ്ടെന്ന് ഉദ്ദാലകൻ മനസിലാക്കി. അദ്ദേഹം ശ്വേതകേതുവിനോട് ചോദിച്ചു.
''മകനേ! നീ ഈ ലോകത്തുള്ള സകല വിജ്ഞാനവും ഉൾക്കൊണ്ടുകൊണ്ടാണല്ലോ വന്നിരിക്കുന്നത്. അറിവിന്റെ ഒരു മഹാസമുദ്രം നിന്റെയുള്ളിലുണ്ട്. എന്നാൽ എനിക്കൊരു ചെറിയ സംശയം? ഈ അറിവുകൾ ഒക്കെ അറിഞ്ഞത് ആരാണ്? നീ കടം വാങ്ങിവന്ന വിജ്ഞാനം ആരാണ് അറിയുന്നത്? നിന്റെ ബോധതലം മുഴുവൻ ഈ ജ്ഞാനമാണ്. പക്ഷേ എന്താണ് ആ ബോധം? നിനക്ക് നീ ആരാണെന്നു പറയാൻ കഴിയുമോ?""
പിതാവ് ചോദിച്ച ഈ ചോദ്യം ഞങ്ങളുടെ സിലബസിൽ ഉള്ളതല്ല. ഞാൻ വേദങ്ങളും പുരാണങ്ങളും ചരിത്രവും ഭൂമിശാസ്ത്രവും സാഹിത്യവുമൊക്കെ പഠിച്ചു. അതേക്കുറിച്ച് എന്തുവേണമെങ്കിലും ചോദിച്ചുകൊള്ളൂ. പക്ഷേ ഇത്തരമൊരു ചോദ്യം ആരും ചോദിച്ചിട്ടില്ല. ആരും അതെന്താണെന്ന് പറഞ്ഞിട്ടുമില്ല.
ഉദ്ദാലകൻ പറഞ്ഞു ''മകനേ നീ രണ്ടാഴ്ചക്കാലം ഉപവസിക്കൂ. അപ്പോൾ നിനക്ക് തീർച്ചയായും ഇതിന്റെ ഉത്തരം കിട്ടും.""
ശ്വേത കേതുവിന് സന്തോഷമായി. രണ്ടാഴ്ചയ്ക്കുള്ളിൽ പിതാവിന്റെ ഈ വിചിത്രമായ ചോദ്യത്തിന് ഉത്തരം കൊടുക്കാൻ കഴിയുന്നതോർത്തപ്പോൾ അയാൾക്ക് അഭിമാനം തോന്നി. അത്രയേറെ പ്രാധാന്യമുള്ള രഹസ്യജ്ഞാനമാണ് തനിക്ക് ലഭിക്കാൻ പോകുന്നത്.
അങ്ങനെ ശ്വേതകേതു ഉപവാസമാരംഭിച്ചു. ഫലമൂലങ്ങൾ വെടിഞ്ഞ് നിരാഹാരം. രണ്ടുദിവസം കഴിഞ്ഞപ്പോൾ അച്ഛനായ ഉദ്ദാലകൻ ചോദിച്ചു.
'' ഞാൻ ആരാണെന്നുള്ള ചോദ്യത്തിന് ഉത്തരം കിട്ടിയോ? ബ്രഹ്മം എന്തെന്ന് മനസിലായോ?""
ആദ്യ ദിവസങ്ങളിൽ ബ്രഹ്മത്തെ കുറിച്ചുള്ള ശ്ലോകങ്ങൾ ഒക്കെ പിതാവിനെ ഉരുവിട്ടുകേൾപ്പിച്ചു. പക്ഷേ അതൊന്നുമല്ല തനിക്ക് വേണ്ട ഉത്തരമെന്ന് അദ്ദേഹം പറഞ്ഞു. നാലാമത്തെയും അഞ്ചാമത്തെയും ദിവസങ്ങളിൽ ചോദ്യം ആവർത്തിച്ചു. പക്ഷേ വിശപ്പുകൊണ്ടു വലഞ്ഞ ശ്വേതകേതുവിന് ഒരു ശ്ലോകവും പഠിച്ച ഒരു ജ്ഞാനശകലവും പറയാനേ കഴിഞ്ഞില്ല. അയാൾ തളർന്നു വീഴുന്ന ഘട്ടമായി. അടുത്തദിവസം പിതാവ് വീണ്ടും ചോദിച്ചു:
'' എന്താണ് ബ്രഹ്മം എന്ന് മനസിലായോ?""
അയാൾക്ക് ദേഷ്യവും സങ്കടവും ഒന്നിച്ചുവന്നു.
'' അച്ഛൻ ഈ വിഡ്ഢിത്തം നിറഞ്ഞ ചോദ്യം നിറുത്തുന്നുണ്ടോ? എന്തു ബ്രഹ്മം. എന്റെയുള്ളിൽ ഇപ്പോൾ വിശപ്പുമാത്രമാണ്. ഞാൻ ഇപ്പോൾ ഭക്ഷണത്തെക്കുറിച്ച് മാത്രമാണ് ആർത്തിയോടെ ചിന്തിക്കുന്നത്. അപ്പോഴാണ് അങ്ങയുടെ ബ്രഹ്മത്തെക്കുറിച്ചുള്ള ചോദ്യം. അതൊന്നും എനിക്ക് വിഷയമേയല്ല. എനിക്കിപ്പോൾ ആഹാരം മാത്രമാണ് ബ്രഹ്മം. മറ്റൊന്നു ബ്രഹ്മമേ അല്ല.""
''അതെ മകനേ! നിന്റെ സർവവിജ്ഞാനവും നിനക്ക് കിട്ടിയത് നീ പട്ടിണിയെക്കുറിച്ച് അറിയാതെയാണ്. നിനക്ക് എല്ലാ സുഖസൗകര്യങ്ങളോടും കൂടിയ കരുതലും സ്നേഹവും നിറഞ്ഞ ജീവിതം ഉള്ളതുകൊണ്ടാണ് പുസ്തകവിജ്ഞാനം നിനക്ക് കിട്ടിയത്. തത്വചിന്താ പ്രഭാഷണങ്ങൾ നടത്താനും സംവാദം നടത്താനും നിനക്ക് കഴിയുന്നത് വിശപ്പില്ലാത്തതുകൊണ്ടാണ്. ഇപ്പോഴാണ് നീ യഥാർത്ഥചോദ്യത്തെ നേരിടുന്നത്. നിന്റെ സകല വിജ്ഞാനവും ഉപയോഗപ്പെടാതെ പോകുന്നത് വിശപ്പിന്റെ മുന്നിലാണ്."
''ശരിയാണ് പിതാവേ! ഞാൻ പഠിച്ചതൊക്കെ മറന്നു. രാവും പകലും എന്റെ  മനസിൽ വിശപ്പിനെക്കുറിച്ചുള്ള ചിന്തമാത്രം. എനിക്കുറങ്ങാനേ കഴിയുന്നില്ല. വിശ്രമിക്കാൻ പറ്റുന്നില്ല. ചിന്തിക്കാൻ പറ്റുന്നില്ല. ഞാൻ ഉള്ളിൽ നിന്നു ഉരുകിത്തീരുകയാണ്. വിശപ്പിന്റെ അഗ്നിയിൽ എല്ലാ അറിവും ചാമ്പലായിപ്പോകുന്നു. അറിവുകൾ ഒക്കെ വിഫലം.""
'' അതെ മകനേ! അന്നമാണ് ബ്രഹ്മത്തിലേക്കുള്ള ആദ്യപടി. അന്നമുണ്ടെങ്കിലേ ബ്രഹ്മത്തെ അറിയാൻ കഴിയൂ. അതെ. അന്നമാണ് ദൈവം.""
പട്ടിണിയും പരിവട്ടവും രോഗവും പ്രളയവും ദുരിതവും ദുരന്തങ്ങളുമുള്ളപ്പോൾ ഉപരിപ്ലവമായ ദുരഭിമാനത്തിനും ഗർവിനും ചർച്ചകൾക്കും എന്തു പ്രസക്തി?