
ലോകത്ത് ആരേയും ഭയക്കുന്ന ഏർപ്പാട് രാവണനില്ലായിരുന്നു. ഏതുലോകത്തും ഏതു നേരത്തും സ്വതന്ത്രനായി കയറിച്ചെല്ലാനും മനസിൽ തോന്നുന്നതൊക്കെ ചെയ്യാനും രാവണന് ഒരു തടസവും ഉണ്ടായിട്ടില്ല. ആയുധം കൊണ്ടോ ശരീരം കൊണ്ടോ രാവണനെ നേരിടാൻ ആർക്കും ധൈര്യമില്ലായിരുന്നു. പല സന്ദർഭങ്ങളിലും രാവണനെ കാണുന്ന ത്രിമൂർത്തികൾ ഒഴികെയുള്ള ദേവന്മാർ പല വേഷങ്ങളിൽ രാവണ ദൃഷ്‌ടിയിൽപ്പെടാതെ രക്ഷപ്പെടുന്ന സംഭവങ്ങൾ പുരാണങ്ങളിൽ ധാരാളം കാണാം. രാവണൻ രാക്ഷസനായിരുന്നെങ്കിലും നരമാംസം, ദേവമാംസം, നാഗമാംസം, അസുരമാംസം എന്നിവയൊന്നും രാവണൻ ഭക്ഷിച്ചിരുന്നില്ല. അതി മഹത്തായ ഒരു വീരചൈതന്യം രാവണനിൽ കുടികൊണ്ടിരുന്നു എന്നുവേണം കരുതാൻ. രാവണനെ വധിക്കുന്ന സമയം മഹാവിഷ്‌ണുവായ ശ്രീരാമൻ പോലും വളരെ ബഹുമാനത്തോടെയാണ് രാവണനെക്കുറിച്ച് പറയുന്നത്.
രാവണൻ എന്ത് അനീതി കാണിച്ചാലും രാവണനോട് എതിരിടാൻ ധൈര്യപ്പെടാതെ ശപിക്കാൻ മാത്രമേ ദേവകൾക്കും മഹർഷിമാർക്കും കഴിഞ്ഞിരുന്നുള്ളൂ. പുരാണങ്ങളിൽ സാധാരണ കാണുന്ന ശാപങ്ങളെല്ലാം ശപിച്ച ഉടൻ നടപ്പിൽ വരുന്നവയാണ്. എന്നാൽ രാവണന്റെ കാര്യത്തിൽ രാവണന് കിട്ടിയ ശാപങ്ങളിൽ ഒന്നൊഴികെ എല്ലാം ജീവിതാവസാനത്തിൽ മാത്രമാണ് ഫലിക്കുന്നത്. അറിഞ്ഞോ അറിയാതെയോ രാവണന് കിട്ടിയ ശാപങ്ങളിൽ ഏറെയും 'രാവണനേയും കുടുംബത്തേയും വാനരന്മാർ നശിപ്പിക്കാനിട വരട്ടെ" എന്നായിരുന്നു ഈയൊരു പ്രതിഭാസം കാരണം കുറേ ശാപങ്ങൾ ഒരു ശാപമായി മാത്രമേ രാവണന് അനുഭവപ്പെടേണ്ടതായി വന്നുള്ളൂ.
രാവണൻ കഠിന തപസ് ചെയ്‌ത് ബ്രഹ്മാവിൽ നിന്നും വരങ്ങൾ വാങ്ങിയപ്പോൾ മനുഷ്യനൊഴികെ ആരാലും വധിക്കപ്പെടരുത് എന്നായിരുന്നു. കാരണം രാവണന്റെ കാലത്ത് മനുഷ്യൻ ഭൂമിയിൽ മാത്രം കാണപ്പെടുന്ന വെറും ഒരു സാധു ജീവി ആയിരുന്നു എന്നതുതന്നെ. ഈ മനുഷ്യൻ തന്നെ എതിരിടാൻ ധൈര്യപ്പെടുമെന്ന് സ്വപ്‌നത്തിൽ പോലും രാവണൻ ചിന്തിച്ചിട്ടില്ല. അതുകൊണ്ടുതന്നെയാണ് വരം വാങ്ങിയപ്പോൾ 'മനുഷ്യനൊഴികെ" എന്നാവശ്യപ്പെട്ടതും.
രാവണൻ നേടിയ ശാപങ്ങളിലേറെയും സ്ത്രീ സംബന്ധമായവയാണ്. ഏതു സ്ത്രീയെ കണ്ടാലും അവൾ ആരെന്നോ ഏതെന്നോ ഒന്നും നോക്കാറില്ല. രാവണനെ സംബന്ധിച്ചിടത്തോളം അവന്റെ ആഗ്രഹം നടപ്പാകണം എന്നു മാത്രമേയുള്ളൂ. രാവണൻ നേടിയ ശാപങ്ങളുടെ ക്രമം കൃത്യമായി മനസിലാക്കാൻ പുരാണങ്ങളിൽ നിന്നും സാദ്ധ്യമല്ല. രാവണന്റെ സ്വഭാവവും പ്രവൃത്തികളും വച്ചുനോക്കിയാൽ രാവണന് ലഭിക്കാൻ സാദ്ധ്യതയുള്ള ശാപങ്ങളിൽ ഒരു ന്യൂനപക്ഷം മാത്രമേ പുരാണങ്ങളിൽ രേഖപ്പെടുത്തിയിരിക്കാൻ സാദ്ധ്യതയുള്ളൂ. ബ്രഹ്മശാപം ഏറെക്കുറെ ജീവിതാവസാനത്തിലായിരിക്കാം ഉണ്ടായത് എന്നും കരുതേണ്ടിയിരിക്കുന്നു. ബ്രഹ്മശാപത്തെ മാത്രമേ രാവണൻ വില കല്‌പിക്കുകയോ ഭയപ്പെടുകയോ ചെയ്‌തിട്ടുള്ളൂ. മറ്റു ശാപങ്ങളൊന്നും രാവണൻ പരിഗണിച്ചിട്ടേയില്ല.
പുരാണങ്ങളിൽ നിന്നും കണ്ടെത്താൻ കഴിഞ്ഞ ചില ശാപങ്ങൾ ചുവടെ ചേർക്കുന്നു.
1. കുബേരന്റെ പുത്രനായ നളകുബേരനും അപസ്‌രസായ രംഭയും ഒരുനാൾ രാത്രി രഹസ്യ സമാഗമത്തിനായി തീരുമാനിച്ചിരുന്നു. ഇതിൻപ്രകാരം രാത്രിയിൽ ഒരു വനപ്രദേശത്തുകൂടി നടന്ന രംഭയെ യാദൃശ്ചികമായി രാവണൻ കാണാനിടയായി. നളകുബേരൻ രാവണന്റെ ജ്യേഷ്‌ഠപുത്രനാണെന്നറിഞ്ഞിട്ടും രംഭയെ ബലമായി മാനഭംഗം ചെയ്‌തു. ഇതറിഞ്ഞ നളകുബേരൻ 'നിന്റെ തല ഏഴായി പൊട്ടിത്തെറിക്കട്ടെ " എന്നു ശപിച്ചു.
2. ശിവൻ രാവണന് നൽകിയ ഒരു വിഗ്രഹം പ്രതിഷ്‌ഠിക്കാനായി ഏർപ്പാട് ചെയ്‌തിരുന്ന ബ്രാഹ്മണൻ എത്താൻ വൈകിയതിന് ബ്രാഹ്മണനെ ഏഴുദിവസം തടവിലിട്ടു. 'ഒരു മനുഷ്യൻ നിന്നെ ഏഴു മാസം തടവിലിടട്ടെ "എന്ന് ബ്രാഹ്മണൻ ശപിച്ചു.
3. രാവണൻ ശിവനെ കാണാനായി കൈലാസത്തിൽ എത്തിയപ്പോൾ നന്ദികേശനെ അവിടെകണ്ട് ' കുരങ്ങാ" എന്ന് കളിയാക്കി വിളിച്ചു. 'നീയും നിന്റെ നഗരിയും കുരങ്ങന്മാരാൽ നശിപ്പിക്കട്ടെ "എന്ന് നന്ദികേശൻ ശപിച്ചു.
4. രാവണനെ കണ്ടിട്ട് ബഹുമാനിച്ചില്ല എന്ന കാരണത്താൽ മാണ്ഡവ്യമുനിയെ രാവണൻ കഠിനമായി മർദ്ദിച്ചു. 'ഒരു വാനരൻ നിന്നേയും ഇതുപോലെ മർദ്ദിക്കാനിട വരട്ടെ " എന്ന് മാണ്ഡവ്യൻ ശപിച്ചു.
5. അത്രിമഹർഷിയുടെ മകളെ മഹർഷിയുടെ മുമ്പിലിട്ട് മുടിയിൽ പിടിച്ച് വലിച്ച രാവണനെ 'നിന്റെ മുന്നിൽ വച്ച് നിന്റെ പത്നിയെ വാനരന്മാർ പിടിച്ചുവലിച്ച് അപമാനിക്കട്ടെ "എന്ന് അത്രിമഹർഷി ശപിച്ചു.
6. പ്രണവം എന്ന വാക്കിന്റെ അർത്ഥം പറഞ്ഞുകൊടുക്കാത്തതിന് നാരദന്റെ 'നാവുമുറിച്ചുകളയും " എന്നു പറഞ്ഞ രാവണനോട് 'നിന്റെ തലണ ഒരു മനുഷ്യൻ മുറിച്ചുകളയട്ടെ "എന്ന് നാരദൻ ശപിച്ചു.
7. ഗുരുവിനെ അഭിഷേകം ചെയ്യാനായി പൂജിച്ചുവച്ച തീർത്ഥജലം സ്വയം എടുത്തു തലയിലൂടെ ഒഴിച്ച രാവണനെ 'നിന്റെ ശിരസ് വാനരന്മാർ ചവിട്ടി അശുദ്ധമാകട്ടെ " എന്ന് ദത്താത്രേയ മഹർഷി ശപിച്ചു.
8. സഹോദരിയെ കൺമുന്നിൽവച്ച് ഉപദ്രവിച്ചതിന് 'നിന്റെ സഹോദരിയെ ഒരു മനുഷ്യൻ അംഗഭംഗം വരുത്തട്ടെ " എന്ന് ദ്വൈപായന മഹർഷി ശപിച്ചു.