
തന്റെ കാമമോഹങ്ങളാണ് ആപത്തായതെന്ന് ശൂർപ്പണഖയ്ക്ക് അറിയാം. എങ്കിലും സ്വന്തം കുറ്റവും പരാജയവും ഏറ്റുപറയാനുള്ള വിവേകം അധികം പേരിലും കാണില്ല.ശൂർപ്പണഖയും ആ വിഭാഗത്തിൽ തന്നെ. രക്തമൊലിച്ചും വൈരൂപ്യം ബാധിച്ചും സഹോദരനായ ഖരന്റെ മുന്നിൽ വന്നു നിലത്തുകിടന്നു വിലപിക്കുകയാണ് ശൂർപ്പണഖ. സഹോദരിയുടെ ദുരവസ്ഥ കണ്ടപ്പോൾ ഖരന്റെ രക്തം തിളച്ചു. ക്രോധം കണ്ണുകളിൽ ആളിക്കത്തി. ആശ്വസിപ്പിക്കാനായി ശൂർപ്പണഖയുടെ അരികിലെത്തിയ ഖരൻ ക്രോധമടക്കാനാകാതെ ഇപ്രകാരം ചോദിച്ചു: ''പ്രിയസഹോദരി! ഈ കാഴ്ചകണ്ടു നിൽക്കാനാകുന്നില്ല. പരിഭ്രമിക്കാതെ എണീറ്റാലും. എന്താണ് സംഭവിച്ചതെന്ന് വ്യക്തമായി പറഞ്ഞാലും. ആരാണ് ഇത്തരത്തിൽ അംഗഭംഗം വരുത്തിയത്. ഉഗ്രവിഷമുള്ള കൃഷ്ണസർപ്പം അനങ്ങാതെ കിടക്കുന്നതുകണ്ട് വിവേകമുള്ള ആരെങ്കിലും വിനോദത്തിനായി വിരൽത്തുമ്പുകൊണ്ട് കുത്തുമോ? അറിവുള്ള ആരെങ്കിലും കാലപാശത്തെ ഹാരമായി കഴുത്തിലെടുത്തണിയുമോ? സ്വബുദ്ധി നശിച്ച ഭ്രാന്തനായിരിക്കും അവൻ.
ഈ രീതിയിൽ നിന്നെ വിരൂപിയാക്കുവാൻ കരുത്തുള്ള ആരാണ് ഈ ലോകത്തുള്ളത്? ഗന്ധർവന്മാർ, ഋഷിമാർ, ദേവന്മാർ എന്നിവരിലാരും ഇത്തരത്തിൽ ചിന്തിക്കുകപോലുമില്ല. ഏതൊരുവനാണ് നിന്നെ വിരൂപിയാക്കിയതെന്ന് തുറന്നുപറയുക.
ശൂർപ്പണഖയോട് എതിരിടത്തക്ക ശക്തി ആർക്കുണ്ട്? ദേവേന്ദ്രന് മാത്രമേ ഒരുപക്ഷേ അതിനുള്ള ശക്തിയുണ്ടാകൂ. അരയന്നം വെള്ളത്തിൽ നിന്ന് പാല് വേറെയാക്കി കുടിക്കുമെന്നാണല്ലോ ചൊല്ല്. എന്റെ ശരമാരിയേറ്റ് നിന്നെ ദ്റോഹിച്ചവന്റെ പ്രാണൻ ശരീരത്തിൽ നിന്ന് വേർപെടും. നിന്നെ നോവിച്ചവനെ ഘോരയുദ്ധത്തിൽ ഞാൻ തറപറ്റിക്കും. എന്റെ അസ്ത്രങ്ങളേറ്റ് അവന്റെ മർമ്മം മുറിഞ്ഞ് ചോരപുറത്ത് ചാടും. ഈ ഭൂമിക്ക് അത് പാനം ചെയ്യേണ്ടിവരും. യുദ്ധത്തിൽ ഞാൻ സംഹരിക്കുന്നവന്റെ ശരീരം ഏതു പക്ഷികളായിരിക്കും കൊത്തിത്തിന്നുക. ഞാൻ എതിരിട്ടു അടിയറവ് പറയിക്കുന്നവനെ രക്ഷിക്കുവാൻ ദേവന്മാർക്കോ രാക്ഷസന്മാർക്കോ ഗന്ധർവ്വന്മാർക്കോ കഴിയില്ല. വേദനയൊന്നടങ്ങുമ്പോൾ ആലോചിച്ച് പറഞ്ഞാൽ മതി. ആരാണ് നിന്നോട് ഈ കൊടും ക്രൂരത കാട്ടിയത്.
ഖരൻ തനിക്കൊപ്പമാണെന്ന് ബോദ്ധ്യമായപ്പോൾ കണ്ണീരൊഴുക്കി കൊണ്ട് ശൂർപ്പണഖ തുടർന്നു: '' പ്രിയസഹോദരാ നിന്റെ വാക്കുകൾ എത്ര ആശ്വാസപ്രദമാണ്. ഏറ്റവും സുന്ദരന്മാരായ ബലശാലികളായ നീണ്ട നേത്രങ്ങളുള്ള രണ്ടുപേരെ ഞാൻ കണ്ടുമുട്ടി. മാൻതോലും മരവുരിയുമാണ് അവരുടെ വേഷം. എന്തും സഹിക്കാനും ഏതു കൊടും കൃത്യം ചെയ്യാനും അവർക്ക് കെല്പുണ്ട്. താപസവേഷധാരികളായ അവർ ദശരഥപുത്രന്മാരായ രാമലക്ഷ്മണന്മാരാണത്രേ. സുലക്ഷണന്മാരായ അവർ ദേവന്മാരോ മനുഷ്യരോ എന്ന് നിശ്ചയിക്കാനാവുന്നില്ല. അവർക്കൊപ്പം അതിസുന്ദരിയായ ഒരു സ്ത്രീയുമുണ്ട്. അവൾ ആഭരണങ്ങളും അണിഞ്ഞിട്ടുണ്ട്. ആ സ്ത്രീ നിമിത്തമാണ് എനിക്ക് ഈ ദുർഗതിയുണ്ടായത്. അവളെയും ഒപ്പമുള്ള സുന്ദരന്മാരെയും കൊല്ലണം. അവരുടെ ചുടുരക്തം എനിക്ക് കുടിക്കണം. ഇതാണ് എന്റെ ആഗ്രഹം. അതു സാധിച്ചുതരണം. മൂവരുടെയും ചുടുചോര പാനം ചെയ്താലേ എന്റെ ദാഹമടങ്ങൂ.
വേദനയുടെ നടുവിൽ നിന്ന് ഇത്തരത്തിൽ കേണപേക്ഷിക്കുന്ന ശൂർപ്പണഖയെ ഖരൻ ദയനീയമായി നോക്കി. പിന്നെ ക്രോധവും പ്രതികാരവും ആളിക്കത്തിയ ഹൃദയത്തോടെ എന്തിനും പോന്ന പ്രമുഖരാക്ഷസവീരന്മാരെ വിളിച്ചുവരുത്തി. അവരോട് ഗർജ്ജിക്കുന്ന സ്വരത്തിൽ പറഞ്ഞു: താപസവേഷധാരികളും ആയുധധാരികളുമായ രണ്ടുപേർ ഈ ദണ്ഡകാരണ്യത്തിലെത്തിയിട്ടുണ്ടത്രേ. ഒരു സുന്ദരിയും അവർക്കൊപ്പമുണ്ട്. മൂന്നുപേരെയും ഇനി ഭൂമിയിൽ വച്ചേക്കരുത്. അവരെ നിഗ്രഹിച്ചവാർത്തയാണ് ആദ്യം കേൾക്കേണ്ടത്. എന്റെ സഹോദരി ശൂർപ്പണഖയുടെ അപേക്ഷയാണ്. അവരുടെ രക്തം സഹോദരിക്ക് പാനം ചെയ്യണം. അതാണ് അവളുടെ ആഗ്രഹം. എന്റെ ആഗ്രഹവും അതുതന്നെ. എത്രയും വേഗം ആ ആഗ്രഹം സാധിച്ചുതന്നാലും. ഖരന്റെ വാക്കുകൾ കേട്ട് രാക്ഷസവീരന്മാർ ആവേശഭരിതരായി. കോപം കൊണ്ട് തുടുത്ത കണ്ണുകളോടെ സംഹാരരുദ്രരായി അവർ കലിതുള്ളി നിന്നു.
(ഫോൺ: 9946108220)