
വ്യത്യസ്ത ലുക്കിൽ വന്ന് പ്രേക്ഷകരെ എപ്പോഴും ഞെട്ടിക്കുന്ന താരമാണ് നടി സാനിയ ഇയ്യപ്പൻ. വസ്ത്രത്തിലും മുടിയിലും മേക്കപ്പിലുമെല്ലാം മറ്റുള്ളവരിൽ നിന്നും വ്യത്യസ്തത വരുത്താൻ താരമെപ്പോഴും ശ്രദ്ധിക്കാറുണ്ട്.
ഇപ്പോഴിതാ താരത്തിന്റെ പുത്തൻ ഹെയർ കളർ ലുക്കാണ് സോഷ്യൽ മീഡിയയിൽ വൈറലാകുന്നത്. തലമുടിയിൽ ആകാശനീല നിറം പിടിപ്പിച്ച തന്റെ പുത്തൻ ലുക്ക് സാനിയ തന്നെയാണ് ഇൻസ്റ്റഗ്രാമിലൂടെ പങ്കുവച്ചത്. കളർ പിടിപ്പിക്കുന്നതിന് തൊട്ടുമുന്നേ മുടിയിൽ പുതിയ പരീക്ഷണം നടത്തുന്ന കാര്യം സാനിയ ഇൻസ്റ്റഗ്രാമിൽ പോസ്റ്റ് ചെയ്തിരുന്നു. അതിനു തൊട്ടുപിന്നാലെയാണ് പുതിയ ലുക്കിലെ ചിത്രങ്ങൾ സാനിയ പങ്കുവച്ചത്. പൊതുവെ അധികമാരും തലമുടിയിൽ പരീക്ഷിച്ചു കണ്ടിട്ടില്ലാത്ത നീല നിറമാണ് സാനിയ തിരഞ്ഞെടുത്തത്. എന്തായാലും പൊന്മാൻ നിറമെന്നും മയിൽവർണമെന്നുമൊക്കെയാണ് ആരാധകർ സാനിയയ്ക്ക് നൽകിയിരിക്കുന്ന അഭിനന്ദനങ്ങൾ.
പിറന്നാൾ 'അല്ലുഅർജുൻ"മയം

മക്കൾ രണ്ടാളും അല്ലു അർജുന്റെ ആരാധകരാകുമ്പോൾ അവരുടെ പിറന്നാളിന് സർവം അല്ലു അർജുൻ മയമാക്കാതെ നിവൃത്തിയില്ലല്ലോ. അജുവർഗീസിന്റെ ഇരട്ടക്കുട്ടികളായ ജെയ്കിന്റെയും ലൂക്കിന്റെയും ഇത്തവണത്തെ പിറന്നാളിൽ നിറഞ്ഞു നിന്നത് മുഴുവൻ ‘അല്ലു അർജുൻ’ആയിരുന്നു. കേക്കിലും അലങ്കാരങ്ങളിലുമെല്ലാം അല്ലു അർജുന്റെ ചിത്രങ്ങൾ പതിപ്പിച്ചാണ് അജുവും ഭാര്യ അഗസ്റ്റീനയും മക്കളെ ഞെട്ടിച്ചത്. മക്കളിൽ ജെയ്ക്കാണ് അല്ലു അർജുന്റെ കടുത്ത ആരാധകൻ. മാത്രവുമല്ല, അല്ലുവിനൊപ്പമുള്ള ഒരു സെൽഫി കൂടി മക്കൾക്ക് നൽകിയാണ് അജു മക്കളുടെ പിറന്നാൾ ആഘോഷം ഗംഭീരമാക്കിയത്. അജുവിന്റെയും അഗസ്റ്റീനയുടെയും മൂത്ത കുട്ടികളും ഇരട്ടകളാണ്, ഇവാനും ജുവാനും. മക്കൾക്ക് ആശംസകളുമായി നിരവധി സിനിമാതാരങ്ങളും ആരാധകരും എത്തിയിരുന്നു..