
കുബേര ദിക്കെന്നു കരുതി മോശം വാസ്തുവിൽ വടക്കോട്ട് വീട് പണിതാൽ യാതൊരു നല്ല ഫലവും ഉണ്ടാവുകയില്ല. വീടിന്റെയായാലും വസ്തുവിന്റെയായാലും വടക്ക് കിഴക്കിൽ കൂടുതൽ സ്ഥലം വരുന്ന വിധത്തിലാവണം വീടും വസ്തുവും സജ്ജമാക്കേണ്ടത്. വസ്തുവിന്റെ വടക്ക് കിഴക്ക് ഭാഗം തള്ളി നിൽക്കുന്നത് നല്ല ഗുണം ചെയ്യും. എന്നാൽ വീടിന്റെ വടക്കു കിഴക്ക് തള്ളി നിൽക്കാതെ പ്രത്യേകം ശ്രദ്ധിക്കണം. ഇറക്കുകൾ ചെയ്ത് വർക്ക് ഏരിയ പോലെയുള്ളതൊക്കെ വീടുകളിൽ ക്രമീകരിക്കുമ്പോൾ വടക്കോ വടക്കു കിഴക്കോ തള്ളി നിൽക്കുകയോ മുറിഞ്ഞു നിൽക്കുകയോ ചെയ്യുന്നത് കാണാറുണ്ട്. ഇങ്ങനെ ചെയ്യരുത്. ഇത് ബന്ധുക്കളെ ശത്രുക്കളാക്കി മാറ്റും. ഫാഷനുവേണ്ടി നിർമ്മിക്കുന്ന ആധുനിക വീടുകളിൽ ഇത്തരത്തിൽ വീടുകളുടെ വടക്ക് കിഴക്കും മറ്റുസ്ഥലങ്ങളും തള്ളി നിർത്തുന്ന പ്രവണത ഏറി വരുകയാണ്. അത് ദുരിതമല്ലാതെ മറ്റൊന്നും തരില്ലെന്ന് ഓർക്കുക. തള്ളി നിൽക്കുന്ന ഫാഷൻ നിർബന്ധമാണെങ്കിൽ ഓരോ തള്ളലിലും ഊർജ ബാധയൊഴിവാക്കാൻ മൊത്തം ഫൗണ്ടേഷനിൽ ഇത് ലയിപ്പിക്കുക തന്നെ വേണം. അങ്ങനെ ലയിപ്പിക്കുമ്പോൾ വടക്കു കിഴക്കും കിഴക്കും വാതിൽ നിർബന്ധമാണ്. തെക്കിലും തെക്കു കിഴക്കിലും തെക്കു പടിഞ്ഞാറിലും പരമാവധി വാതിലും ജനാലകളും കുറയ്ക്കുകയും വേണം.
വീട് പണി തീർന്നിട്ടേ സെപ്ടിക് ടാങ്കിന് സ്ഥാനം കാണാവൂ. വീടിന്റെ മൂലകളിലോ കോണുകളിലോ സെപ്ടിക് ടാങ്ക് വന്ന കയറാതെ നോക്കേണ്ടതുണ്ട്. സ്ഥലം ലഭ്യമെങ്കിൽ സെപ്ടിക് ടാങ്ക് തെക്ക് വടക്ക് നീളത്തിൽ തീർക്കുന്നതാവും ഉത്തമം. വടക്ക് കിഴക്ക് ഭാഗത്ത് യാതൊരുകാരണവശാലും മലിനജലക്കുഴിയോ സെപ്ടിക് ടാങ്കോ വരാതെ നോക്കണം. ഇവിടെ റോഡുള്ളത് നല്ല ഫലം തരും. മഴവെള്ളം ഇതുവഴി ഒഴുകി പോകുന്നത് നല്ലതാണ്. വടക്കു കിഴക്കായി തോടോ ഓടയോ ഉണ്ടെങ്കിൽ അതും നല്ലതാണ്. ഇത് വരുമാനത്തെ ഉയർത്തും. കൂടുതൽ സ്ഥലമുള്ള വീടാണെങ്കിൽ വടക്കു കിഴക്കിലെ കിണറിൽ നിന്നുമാറി അൽപം അകലെയായി കിഴക്കോ വടക്കോ വടക്കുകിഴക്കോ ചെറിയ കുളം നിർമ്മിക്കുന്നത് നല്ല ഫലം പ്രദാനം ചെയ്യും. മറ്റുവശങ്ങളിൽ തോടോ ഓടയോ ഉണ്ടെങ്കിൽ അത് ദോഷഫലമാണ്.
വടക്ക് കിഴക്കിൽ ധാരാളം തുറപ്പുകൾ വേണം. അത് ചെറിയ പൈപ്പു കൊണ്ട് ചെയ്യരുത്. മുഷ്ടിയുടെ വലിപ്പമെങ്കിലും ഓരോ തുറപ്പിനും വേണം. വീട്ടിൽ നിന്ന് വടക്കു കിഴക്കായി എന്നും നടക്കാനായി ഒരു നടപ്പാത ക്രമീകരിക്കുന്നത് നല്ല ഫലം തരും. കുട്ടികളുടെ ഉയർച്ചയിൽ ഇത് വലിയ ഗുണം ചെയ്യും. ഇവിടെ പ്രത്യേകം ശ്രദ്ധിക്കേണ്ടത് വീടിന്റെ വടക്കു കിഴക്ക് നിന്നുവേണം വസ്തുവിന്റെ വടക്കിലേയ്ക്ക് നടക്കാൻ. അല്ലാതെ വീട്ടിലെ അഗ്നിമൂലയിൽ നിന്ന് വടക്ക് കിഴക്കോട്ടല്ല നടവഴി വയ്ക്കേണ്ടത്. അത് വീട്ടിൽ വിവാഹം പോലെയുള്ള കർമ്മങ്ങൾക്ക് താമസം സൃഷ്ടിക്കാറുണ്ട്. വീടിന്റെ തെക്ക് കിഴക്ക് കേന്ദ്രീകരിച്ച് പ്രധാന സ്വിച്ച് ബോർഡോ വൈദ്യുതി നിയന്ത്രിത സംവിധാനങ്ങളോ ഉണ്ടെങ്കിൽ വടക്ക് വൈദ്യുത മീറ്റർ വയ്ക്കുന്നതുകൊണ്ട് ദോഷം വരില്ല. റോഡിന്റെ കിടപ്പുവച്ച് ചിലപ്പോൾ വടക്കോ കിഴക്കോ വടക്കു കിഴക്കോ ഒക്കെ വൈദ്യുതി മീറ്റർ വയ്ക്കേണ്ട സ്ഥിതി വരാറുണ്ട്. അത് വാസ്തു ദോഷമായി കണക്കാക്കേണ്ടതില്ല. പക്ഷേ വടക്കു കിഴക്കായി വെള്ള ടാങ്ക് യാതൊരു കാരണവശാലും വയ്ക്കരുത്. പ്രത്യേക വർക്ക് ഏരിയ വേണമെങ്കിൽ വീടിനെയോ മതിലിനേയോ തൊടാതെ വേണം ചെയ്യാൻ. വടക്കു കിഴക്കോ, വടക്കോ, തെക്കു കിഴക്കായോ സ്റ്റെയർ വരാനും പാടില്ല. അത് ദോഷം ചെയ്യും. വീടിന്റെ വടക്കു പടിഞ്ഞാറുവഴിയുളള വഴി ഒഴിവാക്കണം. വസ്തുവിന്റെ വടക്കു കിഴക്ക് ഏറ്റവും താഴ്ന്നതായിരിക്കണം. വീടിന്റെയും അങ്ങനെ വേണം. വീടിനോട് ചേർന്ന് വടക്കു കിഴക്കിൽ പോർച്ച് നിർമ്മിച്ച്  ഈ താഴ്ച ഉറപ്പാക്കാം. വടക്കുകിഴക്കിൽ വാഹനം വന്നു പോകുന്നത് ഊർജ ഒഴുക്കിനെ വർദ്ധിപ്പിക്കും. അത് ഏറെ സദ്ഫലങ്ങൾ സമ്മാനിക്കും.
സംശയങ്ങളും മറുപടിയും
വീടിനുപുറത്ത് തെക്കുകിഴക്കായി കോണിപ്പടിയും അതിനോടടുത്ത് സെപ്ടിക് ടാങ്കും പണിയാമോ?
താമരാക്ഷൻ, 
പെരുന്ന.
തെക്ക് കിഴക്കിൽ വീടിന് പുറത്തായാലും അകത്താലയാലും കോണിപ്പണി കെട്ടാൻ പാടില്ല. തെക്ക് കിഴക്കിൽ സെപ്ടിക് ടാങ്കും കിണറോ കുഴിയോ ഉണ്ടാക്കാനും പാടില്ല.