
പുരോഗമനവാദികളും സമുദായസ്നേഹികളും ആദർശവാദികളുമൊക്കെയുണ്ട് സഹപ്രവർത്തകരിൽ. പക്ഷേ കിമ്പളം വീതിക്കുന്ന സമയമാകുമ്പോൾ എല്ലാവരും ഒറ്റക്കെട്ടാണ്. കൈക്കൂലി കിട്ടാനുള്ളതിൽ ഒരുചില്ലിക്കാശുപോലും നഷ്ടപ്പെടാൻ ആരും സന്നദ്ധരാകില്ല...
വറ്റിവരണ്ട താമരക്കുളം പൂവും കായുമില്ലാത്ത പാഴ് മരച്ചില്ല. സർവീസിൽ നിന്ന് വിരമിക്കുമുമ്പ് എപ്പോഴെങ്കിലും ഇതൊക്കെ ചിന്തിക്കണം. കാരണം അതിനുശേഷവും ഭൂമിയിൽ നിന്ന് വിരമിക്കുംവരെ ജീവിക്കണമല്ലോ. സതികുമാർ ഇടയ്ക്കിടെ സഹപ്രവർത്തകരെ ഓർമ്മിപ്പിക്കുമായിരുന്നു. നല്ല കിമ്പളസാദ്ധ്യതയുള്ള ഒരു വകുപ്പിലായിരുന്നു ജോലി. ആ പാപത്തിൽ ഒരുതരിപോലും തനിക്ക് വേണ്ടെന്ന് സ്ഥലം മാറിവന്ന വേളയിൽതന്നെ അദ്ദേഹം നിലപാട് വ്യക്തമാക്കിയിരുന്നു. മണ്ടത്തരമാണ്. പൂക്കാലവും മഴക്കാലവുമൊക്കെ ദീർഘനാൾ ഉണ്ടാവില്ല. ഓഫീസിൽ കയറിവരുന്ന മഹാലക്ഷ്മിയെ പുറം കാൽകൊണ്ട് തൊഴിക്കരുത്. നമ്മൾ ശുദ്ധമായിരുന്നാലും നമുക്ക് മുകളിലുള്ളവരുടെ കൈകൾ ശുദ്ധമാണോ? സഹപ്രവർത്തകരിൽ കാശുകൊതിയന്മാർ  ഓരോ ന്യായവാദങ്ങൾ തട്ടിവിടുമ്പോൾ മൗനം കൊണ്ടാവും സതികുമാർ അതിനെ പ്രതിരോധിക്കുക.
പുരോഗമനവാദികളും സമുദായ സ്നേഹികളും ആദർശവാദികളുമൊക്കെയുണ്ട് സഹപ്രവർത്തകരിൽ. പക്ഷേ കിമ്പളം വീതിക്കുന്ന സമയമാകുമ്പോൾ എല്ലാവരും ഒറ്റക്കെട്ടാണ്. കൈക്കൂലിയാണെങ്കിലും കിട്ടാനുള്ളതിൽ ഒരുചില്ലിക്കാശുപോലും നഷ്ടപ്പെടാൻ ആരും സന്നദ്ധരാകില്ല. എല്ലാം നോക്കി സതികുമാർ പുഞ്ചിരിക്കും. ആരോടും പരിഭവമില്ല. ആരെയും ശാസിക്കാറില്ല. പഞ്ചസാരലായനി നിത്യവും ഒഴിച്ചാലും കാഞ്ഞിരക്കയ്പ്പ് മാറില്ലെന്നു അറിവുള്ളവർ മുമ്പേ പറഞ്ഞിട്ടുണ്ടല്ലോ. അനർഹമായ ഒരുരൂപ പോലും കൈപ്പറ്റാത്തതിനാൽ ഉള്ളിന്റെയുള്ളിൽ എല്ലാവർക്കും വല്ലാത്ത മതിപ്പും സ്നേഹവുമുണ്ടായിരുന്നു സതികുമാറിനോട്.
പഴയ ഒരു സീനിയർ ഉദ്യോഗസ്ഥന്റെ മരണവാർത്ത ഒരു സുഹൃത്ത് വിളിച്ചുപറഞ്ഞു. കെ.എസ്.ആർ.ടി.സി ബസിൽ കയറി സംസ്കാരചടങ്ങിനുമുമ്പേ സതികുമാറെത്തി. സ്വന്തം കാറുകളുണ്ടെങ്കിലും പലരും വൈകിയാണെത്തിയത്. നാട്ടുകാരൊക്കെ പിരിഞ്ഞപ്പോൾ സതികുമാറും പഴയ സഹപ്രവർത്തകരും പരേതന്റെ ഭാര്യയെ കാണാൻ മുറിയിലെത്തി. പഴയ സഹപ്രവർത്തകരിൽ പലരും പേരും വഹിച്ചിരുന്ന പദവിയും പറഞ്ഞപ്പോൾ ഭാര്യ എല്ലാവരെയും നോക്കി കൈകൂപ്പി. സതികുമാറിനെ നോക്കി അവർ ബഹുമാനത്തോടെ പറഞ്ഞു: സതികുമാർ സാറിനെ ഇവിടത്തെയാളിന് വല്ലാത്ത ആരാധനയും ആദരവുമായിരുന്നു. പറയാത്ത ദിവസങ്ങളില്ല. താൻ നേടിയതൊക്കെ എങ്ങോട്ടുപോയി എന്ന കുറ്റബോധമുണ്ടായിരുന്നു. ചികിത്സയ്ക്കായും പോയി ലക്ഷങ്ങൾ. സൽപ്പേരിനോളം വരില്ല കോടികൾ. കേട്ടുനിന്ന സുഹൃത്തുക്കൾ ആരാധനയോടെ നോക്കുമ്പോൾ ഒന്നും സംഭവിക്കാത്ത ഭാവത്തിലായിരുന്നു സതികുമാർ.
സുഹൃത്തിന്റെ വിലകൂടിയ കാറിൽ മടങ്ങുമ്പോൾ സുഹൃത്ത് പറഞ്ഞു: അവർ പറഞ്ഞത് എത്ര ശരിയാണ്. സൽപ്പേര് ഒരു തിരിച്ചറിയൽ കാർഡാണ്. ഭൂമിയിൽ നിന്ന് റിട്ടയർ ചെയ്താലും അതിന് വിലയുണ്ട്.
(ഫോൺ: 9946108220)