
കാർട്ടൂൺ എന്ന ഹാസ്യചിത്രീകരണരീതി ഇന്ന് നാം കാണുന്ന രീതിയിൽ വികസിക്കുന്നതിനും മുമ്പ് പ്രചാരത്തിലിരുന്ന ചിത്ര രീതിയാണ് കാരിക്കേച്ചർ. ഒരു വ്യക്തിയുടെ യഥാർത്ഥരൂപത്തെ വിലക്ഷണമായ രീതിയിൽ അവയവങ്ങളെ മുഴുപ്പിച്ചോ ചെറുതാക്കിയോ ചിത്രീകരിക്കുന്ന രീതിയാണല്ലോ നമുക്ക് ഇന്ന് പരിചിതമായ കാരിക്കേച്ചറുകൾ. വിശുദ്ധരും രാജാക്കന്മാരും സൗന്ദര്യമുള്ളവരുമൊക്കെ കഥാപാത്രങ്ങളായ യാഥാസ്ഥിതിക ചിത്രകലാരീതിയ്ക്ക് എതിരായ വിമതകല എന്ന നിലയിലാണ് പലപ്പോഴും ഇത്തരം വക്രീകരണസ്വഭാവമുള്ള ചിത്രങ്ങൾ പ്രത്യക്ഷപ്പെട്ടത്.
സ്വഭാവത്തെ സൂചിപ്പിക്കുന്ന 'കരാറ്റെറെ" (Carattere) എന്ന ഇറ്റാലിയൻ പദത്തിൽ നിന്നും അതിശയോക്തി കലർന്ന വിശദാംശങ്ങൾ കൊണ്ട് നിറയ്ക്കുക എന്നർത്ഥം വരുന്ന കാരിക്കാറ്റൂറാ (Caricatu'ra)എന്ന പദത്തിൽ നിന്നുമാണ് കാരിക്കേച്ചർ (Caricature) എന്ന വാക്കുണ്ടായത്. ഇറ്റാലിയൻ പെയിന്ററായ ആനിബേൽ കരാച്ചി (Annibale cannibale Caracci, 1560-1609) 2ആണ് ആദ്യത്തെ കാരിക്കേച്ചറിസ്റ്റായി അറിയപ്പെടുന്നത്ൽ പതിനെട്ടാം നൂറ്റാണ്ടിന്റെ പകുതി ആയപ്പോഴേയ്ക്കും വെറും ഹാസ്യചിത്രങ്ങൾ എന്നതിലപ്പുറം അടിക്കുറിപ്പുകൾ,സംഭാഷണങ്ങൾ എന്നിവ കൂടി ചേർന്ന് നാം ഇന്ന് കാണുന്ന കാർട്ടൂണുകൾക്ക് സമാനമായ രൂപത്തിലേക്ക് പതിയെ കാരിക്കേച്ചറുകൾ വികസിച്ചു. ഇന്നു നാം കാണുന്ന കാർട്ടൂണുകളിലേതുപോലെ ചിത്രങ്ങളിലൂടെ വിമർശനസ്വഭാവത്തിലുള്ള ആശയങ്ങൾ പ്രചരിപ്പിക്കുന്ന രീതിയ്ക്ക് നവോത്ഥാന മതനവീകരണകാലത്തോളം പഴക്കമുണ്ട്.യൂറോപ്പിൽ പോപ്പിനും കത്തോലിക്കാസഭയ്ക്കും എതിരെ ജർമ്മനിയിലെ മാർട്ടിൻ ലൂഥർ (Martin Luther 1483-1546) നയിച്ച പ്രക്ഷോഭങ്ങളിൽ മരപ്പലകകളിലും ലഘുലേഖകളിലും ആലേഖനം ചെയ്യപ്പെട്ട നിലയിൽ ഹാസ്യ ചിത്രീകരണങ്ങൾ ഉപയോഗിച്ചു.

യേശുക്രിസ്തുവും പോപ്പും തമ്മിലുള്ള വ്യത്യാസം കാണിക്കുന്ന വുഡ് കട്ടുകൾ തൊട്ടടുത്ത് ചേർത്തു വച്ചാണ് കത്തോലിക്കാസഭയ്ക്കെതിരായ പ്രചരണം ശക്തമാക്കിയത്. യേശുക്രിസ്തു കച്ചവടക്കാരെ ദേവാലയത്തിൽ നിന്ന് ചാട്ട ചുഴറ്റി പുറത്താക്കുന്ന ചിത്രത്തിനു സമീപം പോപ്പ് ജനങ്ങളിൽ നിന്ന് പണം സ്വീകരിക്കുന്ന ചിത്രം കൂടി ചേർത്തുവച്ച് തയ്യാറാക്കിയ വുഡ് കട്ടുകൾ പൊതുജനങ്ങൾക്കിടയിൽ പ്രദർശിപ്പിക്കുക വഴി അക്ഷരാഭ്യാസമില്ലാത്തവരിലേക്കുകൂടി കത്തോലിക്കാസഭയ്ക്കെതിരായ തങ്ങളുടെ ആശയങ്ങൾ പ്രചരിപ്പിക്കാൻ പ്രൊട്ടസ്റ്റന്റ് വിപ്ലവകാരികൾക്കായി. പതിനേഴാം നൂറ്റാണ്ടിന്റെ അവസാനകാലത്ത് കാരിക്കേച്ചർ സ്വഭാവത്തിലുള്ള വിമർശന ചിത്രങ്ങൾക്ക് പ്രോത്സാഹനം ലഭിച്ചുതുടങ്ങി. ഫ്രഞ്ച് ചക്രവർത്തി ലൂയി പതിനഞ്ചാമനെതിരായി ഡച്ച് ചിത്രകാരനായിരുന്ന റൊമെയ്ൻ ഡി ഹൂഗെ (Romeyn De Hooge 1645-1708) വരച്ച ഹാസ്യചിത്രങ്ങൾ ഇംഗ്ലണ്ടിലെ വില്യം ഒഫ് ഓറഞ്ച് (വില്യം മൂന്നാമൻ) പ്രചരിപ്പിച്ചു. ഇങ്ങനെ രാഷ്ട്രീയ എതിരാളികളെ അവഹേളിക്കാനും വിമർശിക്കുന്നതിനും പല രാജാക്കന്മാരും ഹാസ്യചിത്രകാരന്മാരെ ഉപയോഗിച്ചു.
പതിനെട്ടാം നൂറ്റാണ്ടിന്റെ പകുതി ആയപ്പോഴേയ്ക്കും വെറും ഹാസ്യചിത്രങ്ങൾ എന്നതിലപ്പുറം അടിക്കുറിപ്പുകൾ,സംഭാഷണങ്ങൾ എന്നിവകൂടി ചേർന്ന് നാം ഇന്ന് കാണുന്ന കാർട്ടൂണുകൾക്ക് സമാനമായ രൂപത്തിലേയ്ക്ക് കാരിക്കേച്ചറുകൾക്ക് മാറ്റം വന്നുതുടങ്ങി. പണ്ട് ബ്രിട്ടീഷ് കോളനിയായിരുന്ന അമേരിക്കയുടെ ദേശീയസമരത്തിൽ നിർണായക പങ്കുവഹിച്ചത് ഇത്തരം ചിത്രങ്ങളിലൊന്നായിരുന്നു.

പരസ്പരം കലഹിക്കുന്ന അമേരിക്കയിലെ ബ്രിട്ടീഷ് കോളനികളെക്കുറിച്ച് 1754 മെയ് 9 ന് പെൻസിൽവേനിയ ഗസറ്റിൽ പ്രസിദ്ധീകരിച്ച മുഖപ്രസംഗത്തിനൊപ്പം ജോയിൻ ഓർ ഡൈ എന്ന തലക്കെട്ടിൽ എട്ടുകഷണങ്ങളായി മുറിഞ്ഞുകിടക്കുന്ന ഒരു പാമ്പിന്റെ ചിത്രം കൂടി ഉണ്ടായിരുന്നു. എട്ടു കോളനികളെയായിരുന്നു കഷണങ്ങളായി ചിത്രീകരിച്ചിരുന്നത്. ഒരു പാമ്പിനെ കഷണങ്ങളാക്കി കൃത്യമായി ചേർത്തുവച്ചാൽ സൂര്യൻ അസ്തമിക്കും മുമ്പ് അതിന് ജീവൻ തിരിച്ചുകിട്ടും എന്ന് ജനങ്ങൾക്കിടയിൽ നിലനിന്നിരുന്ന അന്ധവിശ്വാസത്തെ അടിസ്ഥാനമാക്കിയായിരുന്നു ആ ചിത്രം. കോളനികൾ ഒന്നിച്ചുനിന്നാൽ അമേരിക്ക എന്ന പാമ്പിന് ജീവൻ കിട്ടുമെന്ന് വ്യംഗ്യമായി സൂചിപ്പിച്ച ആ ചിത്രം പിന്നീട് പല പത്രങ്ങളും പുനഃപ്രസിദ്ധീകരിച്ചു. പെൻസിൽവേനിയ ഗസറ്റിന്റെ പത്രാധിപരായിരുന്ന ബഞ്ചമിൻ ഫ്രാങ്ക്ളിൻ വരച്ച ഈ ചിത്രം അമേരിക്കയിലെ ആദ്യ രാഷ്ട്രീയ കാർട്ടൂൺ ആയാണ് പരിഗണിക്കുന്നത്. ഒരുപക്ഷേ ലോകത്തിലെ ആദ്യത്തെ രാഷ്ട്രീയ കാർട്ടൂണും ഇതുതന്നെ ആയിരിക്കും.
(ടി.കെ. സുജിത്തിന്റെ ഫോൺ: 9349320281)