
ലോകത്തിന് മാതൃകയായ  അടൽടണലിന്റെ  വിജയശിൽപ്പി പ്രതിരോധ മന്ത്രാലയത്തിനു  കീഴിലുള്ള ബോർഡർ  റോഡ്സ്  ഓർഗനൈസേഷനിലെ   ചീഫ്  എൻജിനിയറായ  മലയാളി  കെ.പി. പുരുഷോത്തമന്റെ  പ്രചോദിപ്പിക്കുന്ന  ജീവിതം
സമുദ്രാതിർത്തിയിൽ നിന്നും 10,000അടി മുകളിലുള്ള അടൽ തുരങ്കം ലോകത്തെ ഏറ്റവും നീളം കൂടിയ പർവത തുരങ്കപ്പാതയാണ്, ലോകത്തിലെ തന്നെ ഏറ്റവും ദുർഘടമായ തുരങ്കവും ഇതുതന്നെ. തുരങ്കനിർമ്മാണ രംഗത്ത് ഏറ്റവും മുന്നിലുള്ള രാജ്യമായ ഓസ്ട്രിയയുടെ ന്യൂ ഓസ്ട്രിയൻ ടണലിംഗ് മെത്തേഡ് വഴിയാണ് ഈ തുരങ്കനിർമ്മാണം സാദ്ധ്യമായത്. തുരങ്കത്തിന്റെ അകത്തുള്ള മണ്ണിന്റെ സ്വഭാവം വ്യത്യസ്തമാകുമ്പോഴാണ് സാധാരണയായി ഇങ്ങനെയുള്ള സാങ്കേതിക വിദ്യ ഉപയോഗിക്കുന്നത്. ഇതിന്റെ സപ്പോർട്ടിംഗ് സിസ്റ്റം സാഹചര്യങ്ങൾക്കനുസരിച്ച് ഇടയ്ക്ക് മാറിക്കൊണ്ടിരിക്കും. ഹിമാചലിലെ കുളു, ലാഹോൾ ജില്ലകളിൽ ഭൂനിരപ്പിൽ നിന്ന് 2000 മീറ്റർ താഴെയാണ് 9.02 കിലോമീറ്റർ നീളത്തിലുള്ള പാത പോകുന്നത്. ഇതിൽ 600 മീറ്റർ ദൂരം കല്ലുകൾ ഇളകി വീഴുന്ന ഷിയർ സോൺ ആയിരുന്നു. അതിൽ തന്നെ രണ്ടര കിലോമീറ്ററോളം ദൂരം വലിയ അപകടമേഖലയായാണ് കണക്കാക്കപ്പെടുന്നത്. മുകളിൽ നദിയും ഒഴുകുന്നുണ്ട്.
തുരങ്കത്തിന്റെ പണി തുടങ്ങുമ്പോൾ രണ്ടുവശങ്ങളിലും മഞ്ഞാണ്, തുടരെ മഞ്ഞ് വീണുകൊണ്ടിരിക്കും. മഞ്ഞുവീഴ്ച എന്നു പറഞ്ഞാൽ അവിടെ പോകാൻ പോലും പറ്റില്ല. നമ്മുടെ ജോലി തുടങ്ങുന്നത് രണ്ടുവശത്തുനിന്നുമായാണ്, സൗത്ത് പോർട്ടൽ എന്നും നോർത്ത് പോർട്ടൽ എന്നും പറയും. സൗത്ത് പോർട്ടലിൽ നമ്മൾ തുടർച്ചയായി ജോലി ചെയ്തു കൊണ്ടിരുന്നു. പക്ഷേ, നോർത്ത് പോർട്ടലിൽ അതുപറ്റില്ല. അത്രയധികം മഞ്ഞുവീഴ്ചയാണ്. അവിടെ ആറുമാസം മാത്രമേ ജോലി ചെയ്യാൻ കഴിയൂ, റോഡ് ഗതാഗതം പറ്റില്ല. മഞ്ഞുവീഴുന്നതിന് മുമ്പ് ജോലി ചെയ്യുന്ന ആളുകളെ തിരിച്ചുകൊണ്ടുവരണം, അവിടെ കുടുങ്ങിയാൽ പിന്നെ തിരിച്ചുകൊണ്ടുവരാൻ കഴിയില്ല. മൈനസ് 30 ഡിഗ്രി വരെ അന്തരീക്ഷ ഉഷ്മാവ് കുറഞ്ഞുകൊണ്ടിരിക്കും. അത്രയും തണുത്തകാലാവസ്ഥയും വെല്ലുവിളി ഉയർത്തുന്ന പ്രതിബന്ധങ്ങളെല്ലാം നേരിട്ട് മുന്നോട്ടുപോയ അനുഭവങ്ങളുള്ളതുകൊണ്ടു തന്നെ ഞങ്ങൾക്കിതെല്ലാം സ്വാഭാവികമായ കാര്യങ്ങളാണ്.