
ചെറുപ്പത്തിൽ തീപ്പെട്ടി പടങ്ങൾ കീറിയെടുത്തു സൂക്ഷിച്ചുവയ്ക്കുന്നതിൽ തുടങ്ങിയ സന്തോഷിന്റെ കൗതുകം ഇന്നെത്തി നിൽക്കുന്നത് പുരാവസ്തുക്കളും  പ്രകൃതിയും അത്ഭുതം വിരിച്ചു നിൽക്കുന്ന  കൗതുക മ്യൂസിയത്തിലാണ്
തടിയിലും സിമന്റിലും പെയിന്റിലും അത്ഭുതങ്ങൾ വിരിയിക്കുന്ന ശില്പിയാണ് സന്തോഷ്. നാട്ടുകാർക്ക് ശിലാ സന്തോഷാണ് അദ്ദേഹം. സ്വന്തമായി വീട് നിർമ്മിച്ചപ്പോഴും ആ കൗതുകങ്ങൾ ഉൾപ്പെടുത്താൻ മറന്നില്ല. ശില്പകലയിലെ തന്റെ വൈഭവങ്ങൾ ഗേറ്റ് മുതൽ ബെഡ്റൂമിന്റെ ചുമരുകൾ വരെ നിറഞ്ഞു. ചെറുപ്പത്തിൽ തീപ്പെട്ടി പടങ്ങൾ കീറിയെടുത്തു സൂക്ഷിച്ചുവയ്ക്കുന്നതിൽ തുടങ്ങിയ കൗതുകം ഇന്നെത്തി നിൽക്കുന്നത് 2500ൽ പരം പുരാവസ്തുക്കളുടെ ശേഖരത്തിലാണ്. ഇവയിൽ ഏറെയും വീടിന്റെ കിടപ്പുമുറികളിലെ ഭിത്തികളിലാണ് ഇടം പിടിച്ചിരിക്കുന്നത്. മുറികളിൽ ഒതുങ്ങാതെ വന്നപ്പോൾ വീടിന്റെ ടെറസിൽ പ്രത്യേകം സൗകര്യമൊരുക്കി 'ശിലാ മ്യൂസിയം" എന്നു പേരുമിട്ടു. വർഷങ്ങൾക്ക് മുമ്പ് അമ്മയുടെ അസുഖത്തിന് ആയുർവേദ മരുന്ന് തിരക്കിയിറങ്ങിയപ്പോഴാണ് പണ്ട് നാട്ടിൽ സുലഭമായിരുന്ന പല ഔഷധ സസ്യങ്ങളും ഇന്ന് അന്യം നിന്നു പോയി എന്ന കാര്യം സന്തോഷ് മനസിലാക്കുന്നത്. മൂന്നുവർഷമായി ശേഖരിച്ചതിൽ 720ൽ പരം ആയുർവേദ സസ്യങ്ങളാണ്. ഓരോന്നും അപൂർവമായി മാത്രം കിട്ടുന്നവയും. ഗ്രോ ബാഗിലാക്കി വളർത്തുന്ന ചെടികളിൽ പ്രത്യേകം ടാഗ് കെട്ടി ഓരോ ചെടിയുടെയും ശാസ്ത്രനാമം, ഔഷധ ഗുണം എന്നിവയും രേഖപ്പെടുത്തിയിരിക്കുന്നു. അടൂർ തുവയൂർ മാഞ്ഞാലിയിലെ 'പുത്തൻ വീടാ"ണ് ഈ വിസ്മയങ്ങൾ വാരിവിതറുന്നത്.

 കൗതുകങ്ങൾ  ഒന്നൊന്നായി അറിയാം
കാണാനെത്തുന്നവർക്ക് തന്റെ വീടും മുറികളും മുറ്റവുമെല്ലാം സന്തോഷ് തുറന്ന് നൽകുന്നുണ്ട്. മാത്രമല്ല ഓരോ പുരാവസ്തുക്കളെ കുറിച്ചും ഔഷധസസ്യങ്ങളെ കുറിച്ചും എത്ര നേരം വേണമെങ്കിലും സംസാരിക്കാനും മടിയില്ല. കഴിഞ്ഞ മൂന്നുവർഷമായി വിദേശികളടക്കം ഒരു ലക്ഷത്തിലധികം ആളുകൾ സന്തോഷിന്റെ മ്യൂസിയത്തെയും ഔഷധ സസ്യ ശേഖരങ്ങളെയും കുറിച്ച് കേട്ടറിഞ്ഞ്ഈ വീട്ടിലെത്തി. ഇതിൽ കാനായി കുഞ്ഞിരാമൻ, ആർട്ടിസ്റ്റ് സുജാതൻ, ജനപ്രതിനിധികൾ, ഉന്നത ഉദ്യോഗസ്ഥർ മുതൽ സ്കൂൾ കുട്ടികൾ വരെയുണ്ട്. പത്തനംതിട്ട ജില്ലയിലെ ഒരു പ്രധാന സന്ദർശനസ്ഥലമായി ഇതിനോടകം സന്തോഷിന്റെ വീട് മാറി കഴിഞ്ഞു. പാപ്പിറസ് ചെടിയുടെ ഇലയിൽ വരച്ച അപൂർവ ചിത്രം, രണ്ടു കോടി വർഷം പഴക്കമുള്ള കൽമരം, യേശുവിനെ ഒറ്റിക്കൊടുത്ത വെള്ളിക്കാശ്, അലക്സാണ്ടറുടെ നാണയം, ടിപ്പു സുൽത്താന്റെ നാണയം, വിജയനഗര നാണയം, തിരുവിതാംകൂർ നാണയങ്ങൾ, ലോകത്തിലെ ഏറ്റവും ചെറിയ നാണയങ്ങൾ, ലോകത്തിലെ ഏറ്റവും വലിയ നോട്ട്, ലോകത്തിലെ ഏറ്റവും ചെറിയ നോട്ട്, തുണികൊണ്ടുള്ള നോട്ട്,  കല്ലുകൊണ്ടുള്ള നാണയം, മരക്കഷണം കൊണ്ടുള്ള നാണയം, കായംകുളം വാൾ, പല്ലവ വാൾ, തഞ്ചാവൂർ രാജാവ് ഉപയോഗിച്ച വാൾ, ആനയുടെ കാൽ വെട്ടുന്ന കത്തി, അഞ്ചൽ കുന്തം,  ലോകത്തിലെ ആദ്യത്തെ സ്റ്റാമ്പ്, ഇന്ത്യയുടെ ആദ്യത്തെ സ്റ്റാമ്പ്, കാളവണ്ടിയുടെ ലൈസൻസ്, വിക്ടോറിയ രാജ്ഞിയുടെ തുകലിൽ വരച്ചെടുത്ത ചിത്രം, പഴയ കാലത്ത് പായ്ക്കപ്പലിൽ ഉപയോഗിച്ച തോൽ, ബുദ്ധനാദം, ഹാരപ്പൻ സംസ്കാര കാലഘട്ടത്തിൽ മണ്ണിൽ ചുട്ട കാളയുടെ രൂപം,  കല്ലുമാലാ സമരത്തിലെ കല്ലുമാല, ലോകത്തിലെ ഏറ്റവും ചെറിയ ആറൻമുളക്കണ്ണാടി, ലോകത്തിലെ ഏറ്റവും ചെറിയ പുസ്തകം, ലോകത്തിലെ ഏറ്റവും ചെറിയ ചർക്ക, കൂടതെ 280 കാർട്ടൂണിസ്റ്റുകൾ വരച്ച 2800 ൽ അധികം കാർട്ടൂണുകളും 1890 കാലഘട്ടം മുതലുള്ള അറുന്നൂറ്റമ്പതിലധികം പത്രങ്ങളും ഈ വീട്ടിലെ മ്യൂസിയത്തിന്റെ ഭാഗമാണ്.

പച്ചപ്പും  അമൂല്യസമ്പത്താണ്
പലയിടങ്ങളിൽ നിന്നായി  ശേഖരിച്ച  ഔഷധസസ്യങ്ങളാണ് സന്തോഷിന്റെ മറ്റൊരു സമ്പത്ത്. ഏതാണ്ട് 720 ഔഷധസസ്യങ്ങൾ ഇവിടെ നട്ട് പരിപാലിക്കുന്നുണ്ട്. പലതരത്തിലുള്ള തുളസി, ഇഞ്ചി, കപ്പ, മഞ്ഞൾ, കാച്ചിൽ എന്നിവയ്ക്ക് പുറമേ എല്ലൊടിയൻ, എല്ലൂറ്റി, മഞ്ഞ കയ്യോന്നി, വെള്ളമുരുക്ക്, വെള്ളമുക്കുറ്റി, വെള്ളചമത, ശിവകുണ്ഡലം, നാഗ വയമ്പ്, ശിവനാർ വയമ്പ്, കൽരുദ്രാക്ഷം, ചന്ദ്രമുഖി രുദ്രാക്ഷം, കായാമ്പൂ, കോഴി മുഞ്ഞ, കരിവള്ളിക്കോൽ, ആടു തീണ്ടാ പാലാ, ലോകത്തിൽ ഏറ്റവും കൂടുതൽ വെള്ളം ശേഖരിക്കുന്ന ബയോ ബമരം, കരിമരം, ഫെവിക്കോൾമരം, മരവുരി, എലിച്ചുഴിയൻ, ചക്കരക്കൊല്, വള്ളികാഞ്ഞിരം, അർബുദനാശിനി, ജലം തെരണ്ടി, പാപ്പിസ് ചെടി, അഗ്നിപത്രി അങ്ങനെ വിവിധങ്ങളായ അത്യപൂർവ ഔഷധസസ്യങ്ങളുമുണ്ട്. പഴമയെ സ്നേഹിക്കുകയും  പുരാവസ്തുക്കളെ ശേഖരിക്കുകയും ചെയ്യുന്നത്   കണക്കിലെടുത്ത് 2018 ലെ അറേബ്യൻ ബുക്ക് ഒഫ് വേൾഡ് റെക്കോർഡ് സന്തോഷിനെ തേടിയെത്തിരുന്നു. പത്തനംതിട്ടയിലെ  വീട്ടിലേക്ക് എത്തുവാൻ പ്രയാസമുള്ളവർക്കായി കേരളത്തിലും ഇന്ത്യയിലുമായി പലയിടങ്ങളിലും സന്തോഷ് പുരാവസ്തുപ്രദർശനവും ഔഷധസസ്യപ്രദർശനവും നടത്താറുണ്ട്. തായ്ലൻഡിൽ വച്ച് പുരാവസ്തുക്കളുടെ പ്രദർശനം നടത്താൻ കഴിഞ്ഞത് ജീവിതത്തിലെ ഏറ്റവും വലിയ സന്തോഷമായിട്ടാണ് സന്തോഷ് കാണുന്നത്.
(ലേഖകന്റെ ഫോൺ:
9495 251000)