
കൊവിഡ് കാലത്ത് ചിരിവിടരും സന്ദേശങ്ങളും ഓർമ്മപ്പെടുത്തലുകളുമായി കേരളത്തെ ബോധവത്കരിച്ച വരകളുടെ നായകൻ മനോജ് മത്തശ്ശേരിയിൽ സംസാരിക്കുന്നു
കേരളത്തിന്റെ  കാർട്ടൂൺ കലാവീഥിയിലെ നായകനിരയിൽ മനോജ് മത്തശ്ശേരിൽ എന്നൊരു കലാകാരനെ  നാളെ നാം കണ്ടുമുട്ടുമ്പോൾ അതിശയിക്കേണ്ടതില്ല. മികച്ച കാർട്ടൂണിനുള്ള കേരള സർക്കാറിന്റെ പുരസ്കാരം രണ്ടു തവണയും, 'മാവേലി കണ്ട കേരളം" എന്ന ഇതിവൃത്തം ചാതുര്യമായി ആവിഷ്കരിച്ച് സംസ്ഥാനതലത്തിൽ നടന്ന ഏറെ പ്രശസ്തമായ മറ്റൊരു മത്സരത്തിൽ ഒന്നാം സമ്മാനവും തുടർച്ചയായി നേടിയ മനോജ്, പാതയോരങ്ങളിലെ മതിലുകളിൽ കൊവിഡ് 19 ബോധവൽക്കരണ സന്ദേശങ്ങൾ ചിത്രീകരിച്ചുകൊണ്ടിരിക്കുന്നതു കാണുമ്പോൾ അടിവര വീഴുന്നത് സ്വാഭാവികമായും ആ പ്രതീക്ഷയ്ക്കാണ്!
ഇലക്ട്രോണിക്  ലോകത്തെ വിശ്രുത വചനമായ എസ്.എം.എസിന്, മനോജ്  ഇതാ തന്റെ വരയിൽ പുതിയ മാനം കൊടുത്തിരിക്കുന്നു, സോപ്പ്, മാസ്ക്, സോഷ്യൽ ഡിസ്റ്റൻസ്. ഏറ്റവും  ലളിതമായ  വരകളാൽ ഏറ്റവും ശക്തിയേറിയ സന്ദേശം പ്രേക്ഷകരിലേക്കെത്തിക്കുന്ന കലയാണ്  കാർട്ടൂൺ. സംസ്ഥാന സർക്കാറിന്റെ കീഴിലുള്ള കേരള സോഷ്യൽ സെക്യൂരിറ്റി മിഷനും  (കെ.എസ്.എസ്.എം) മുന്നൂറോളം മികച്ച കലാകാരന്മാർ അംഗങ്ങളായുള്ള  കേരള കാർട്ടൂൺ അക്കാഡമിയും (കെ.സി.എ) സംയുക്താടിസ്ഥാനത്തിൽ നടത്തുന്ന കൊവിഡ്  പ്രതിരോധ അവബോധ പ്രവർത്തനങ്ങളിൽ സംസ്ഥാനത്ത്  ഏറ്റവുമധികം ജനശ്രദ്ധ ആകർഷിച്ചുകൊണ്ടിരിക്കുന്ന രണ്ടു ചുമർദൃശ്യങ്ങളാണ് മനോജിന്റെ എസ്.എം.എസും അദ്ദേഹം തന്നെ വിഭാവനം ചെയ്ത അതിന്റെ മലയാള രൂപവും. ആകർഷകമായ ഈ രചനകൾ കാലൻ കൊറോണയുടെ കോലച്ചിരി നമ്മുടെ പുഞ്ചിരിയാക്കുന്നു. കാർട്ടൂണിസ്റ്റും ചിത്രകാരനും എഴുത്തുകാരനും കലാദ്ധ്യാപകനും കെ.സി.എ അംഗവും കൂടിയായ മനോജ് തന്റെ വൈവിദ്ധ്യമാർന്ന അനുഭവങ്ങൾ ഇവിടെ പങ്കുവയ്ക്കുന്നു.

കാർട്ടൂണിലൂടെ കൊവിഡ് അവബോധം
ലോകചരിത്രത്തിൽ ഇതുവരെയുണ്ടായ മഹാമാരികൾ ആവിഷ്കാര ചിന്തകളെ സ്വാധീനിക്കുകയും, ക്ലാസിക്കുകളെന്ന് വിലയിരുത്തപ്പെട്ട സൃഷ്ടികൾക്ക് കാരണമാകുകയും ചെയ്തിട്ടുണ്ട്. കൊവിഡ്  കാലത്ത് കാർട്ടൂണിന്റെ ശക്തികൂടി ഉപയോഗപ്പെടുത്തുകയാണ്  കെ.സി.എ. ലോകത്ത്  ഇതുവരെ എട്ടു ലക്ഷത്തോളം മനുഷ്യരുടെ ജീവൻ  ഈ മാരകവ്യാധി അപഹരിച്ചു കഴിഞ്ഞു. രോഗബാധിതരുടെ എണ്ണം രാജ്യത്തും സംസ്ഥാനത്തും കുത്തനെ കൂടിക്കൊണ്ടുമിരിക്കുന്നു. കൊറോണക്കു കടിഞ്ഞാണിടാൻ, എല്ലാ ആവിഷ്കരണ കലകളുടെയും സാദ്ധ്യതകൾ ആരായേണ്ട സമയമാണിത്. ആക്ഷേപഹാസ്യമാണ് കാർട്ടൂൺ. പക്ഷേ, അതിന്റെ ഭാഷ പ്രേക്ഷകർക്ക് പെട്ടെന്നു മനസിലാകുന്ന ഒന്നാണ്. കാർട്ടൂണിന്റെ ഈ പ്രത്യേകതയാണ് കൊവിഡ് ബോധവൽക്കരണത്തിനായി ഞങ്ങൾ ഉപയോഗപ്പെടുത്തുന്നത്. എസ്.എം.എസ് എന്നൊരു പ്ലോട്ട് മാത്രമല്ല ഞാൻ വരച്ചിട്ടുള്ളത്. സോപ്പും മാസ്കും സാമൂഹികഅകലവും എങ്ങനെ രോഗബാധ ഒഴിവാക്കുന്നുവെന്ന് വ്യക്തമാക്കുന്ന നിരവധി കാർട്ടൂണുകൾ വെവ്വേറെയും വരച്ചുകഴിഞ്ഞു. ചിരിപ്പിക്കുന്നതിലേറെ മനുഷ്യരെ ചിന്തിപ്പിക്കുന്നവയാണ് ഈ വക രചനകൾ! ഏറെ 'അടുപ്പമുള്ള"  കമിതാക്കൾ അനുസരണയോടെ സാമൂഹിക 'അകലം"  പാലിച്ചു നിൽക്കുന്ന എന്റെയൊരു വര യുവജനങ്ങളാണ് ഏറ്റെടുത്ത് വൈറലാക്കിയത്.  'എസും എമ്മും എസും" പ്രത്യേകം പ്രത്യേകമായി വിശദീകരിക്കുന്ന കുറെ പുതിയ വരകൾ പണിപ്പുരയിലുമുണ്ട്. എല്ലാം ശരിക്കും 'ഷോർട്ട് മെസേജ് സർവീസുകൾ"  (എസ്.എം.എസ്) തന്നെയാണ്.
കാർട്ടൂൺ അക്കാഡമി ഏറെ സജീവം
കേരളത്തിന് ഏകദേശം നൂറു വർഷത്തെ കാർട്ടൂൺ ചരിത്രമുണ്ട്. കെ.സി.എയിൽ അംഗത്വം ലഭിക്കുന്നതിനുപോലും ഒരാൾ തന്റെ പ്രതിഭ തെളിയിക്കണം. സെമിനാറുകളും ശിൽപശാലകളും പ്രദർശനങ്ങളും പഠനയാത്രകളും പതിവായി സംഘടിപ്പിക്കുന്നുണ്ട്. കൊവിഡിനു തൊട്ടുമുന്നെ ഊന്നൽ കൊടുത്തിരുന്നത് പുതിയ തലമുറയ്ക്ക് കാർട്ടൂൺ ആസ്വാദനത്തിനും ആവിഷ്കാരത്തിനും ആവശ്യമായ നിർദ്ദേശകരേഖകൾ കൊടുക്കാനായിരുന്നു. ലോക കാർട്ടൂണിസ്റ്റ് ദിനമായ മേയ് അഞ്ചിന്  'കാർട്ടൂൺ 2017"എന്ന ദേശീയ കാർട്ടൂൺ മേള കൊച്ചിയിൽ അരങ്ങേറിയപ്പോഴാണ് ശ്രദ്ധയാകർഷിച്ചത്.

തനതായ കാർട്ടൂണിംഗ് സ്ട്രോക്കുകൾ
ഓരോ കലാകാരനും തന്റേതായ ഒരു വീക്ഷണമുണ്ട്, വരയുടെ ധാരണയുമുണ്ട്. അവർ ഉപയോഗിക്കുന്ന ചില മോഡുകളും ഡയലോഗുകളുണ്ട്. എന്നാൽ, തികച്ചും വ്യക്തിഗതമായ കാർട്ടൂണിംഗ് സ്ട്രോക്കുകളുമുണ്ട് എന്നതാണ് വാസ്തവം. പെൻസിൽ കൊണ്ടോ, പേനകൊണ്ടോ ബ്രഷുകൊണ്ടോ ആർട്ടിസ്റ്റ് നമ്പൂതിരി ഒരു കൊച്ചുവര വരച്ചാൽ പോലും നമുക്കറിയാം അത് അദ്ദേഹം വരച്ചതാണെന്ന്! സൂക്ഷ്മമായ സ്ട്രോക്ക് ശൈലി ഒരു കലാകാരന്റെ സ്വഭാവമാണ്.
കാർട്ടൂണിലെ ഐക്കണോഗ്രാഫി
ദൃശ്യബിംബങ്ങളും പ്രതീകാത്മകരൂപങ്ങളും ദൃഷ്ടാന്തങ്ങളും മറ്റേതൊരു ആവിഷ്കാര കലയിലുള്ളതിനേക്കാളേറെ കാർട്ടൂൺ രചനകളിൽ ഉപയോഗിക്കുന്നുവെന്ന നിരീക്ഷണം ശരിയാണ്. എന്നാൽ, പലപ്പോഴും അതൊരു ബിംബമായി കരുതിക്കൂട്ടി കൊണ്ടുവരുന്നതല്ല. കാർട്ടൂൺ വളരെ ശക്തിമത്തായൊരു കലയായതിനാൽ ഐക്കണോഗ്രാഫി ഇവിടെ കൂടുതൽ ശ്രദ്ധിക്കപ്പെടുന്നെന്നു മാത്രം. പട്ടികളെയും പൂച്ചകളെയും എലികളെയും കണ്ടാലുടനെ പ്രേക്ഷകർ പറയും ഇത് വരച്ചത് ടോംസ് ആണെന്ന്. ആണുങ്ങൾക്ക് ഉയരവും പെണ്ണുങ്ങൾക്ക് രൂപലാവണ്യവും ഇത്തിരി കൂടുതലായി കണ്ടാൽ അത് നമ്പൂതിരിയുടെ വരയാണ്. എം. വി. ദേവന്റെ വരകളിലെല്ലാം കുള്ളൻ കഥാപാത്രങ്ങളാണ്. ടോംസിന്റെ മനുഷ്യർക്ക് ഉണ്ടക്കണ്ണുകളാണ്. 'കോമൺ മാനെ"  കണ്ടാലറിയാം അത് ആർ. കെ. ലക്ഷ്മണിന്റെ സൃഷ്ടിയാണെന്ന്! ജി. അരവിന്ദന്റെ  'ചെറിയ മനുഷ്യരും വലിയ ലോകവും", അല്ലെങ്കിൽ, നമ്പൂതിരിയുടെ 'നാണിയമ്മയും ലോകവും" പരിശോധിക്കുന്ന പക്ഷം ഈ പോക്കറ്റ് കാർട്ടൂണുകളിൽ ബിംബങ്ങളോ കഥാപാത്രങ്ങളോ ഒരേ രൂപത്തിലും ഭാവത്തിലും ആവർത്തിക്കപ്പെടുന്നതായി കാണാം.

പ്രവചനസ്വഭാവമുള്ള കാർട്ടൂൺ
നടന്നിട്ടില്ലാത്ത ഒരു സംഭവം കാർട്ടൂണിൽ ആവിഷ്കരിക്കാൻ പ്രയാസമാണ്.  കലാകാരൻ ജീവിക്കുന്ന കാലഘട്ടത്തിലെ സാമൂഹ്യ വ്യവസ്ഥിതിയുടെയും രാഷ്ട്രീയ മാറ്റങ്ങളുടെയും നേർക്കാഴ്ചകളാണ് രചനകളായി രൂപാന്തരപ്പെടുന്നത്. പ്രവചന സ്വഭാവമുള്ള ഒരു സംഭവം കാർട്ടൂണായി വിഭാവനം ചെയ്യുന്നത് അസാധാരണമാണ്. ജവഹർലാൽ നെഹ്റുവിന്റെ നിര്യാണത്തിനു 10 ദിവസം മുന്നെ, 1964ൽ, ഇന്ത്യൻ കാർട്ടൂൺ കുലപതി എന്ന് അറിയപ്പെടുന്ന ശങ്കർ വരച്ച പ്രവചന സ്വഭാവമുള്ള ഒരു കാർട്ടൂൺ സഹൃദയർ ഓർക്കുന്നുണ്ടാകും. ഒരുപാട് ചൂടുപിടിച്ച രാഷ്ട്രീയ ചർച്ചകൾക്ക് ഇന്ധനം നൽകിയ ഒരു ആവിഷ്കാരമായിരുന്നു അത്. 'എന്നെ വിടരുത്, ശങ്കർ" എന്ന് നെഹ്റു തന്നെ ഈ വരയെക്കുറിച്ച് അഭിപ്രായപ്പെട്ടിരുന്നു.
കാർട്ടൂണിലെ ആക്ഷേപം
കേരളത്തിലെ പ്രാചീന അവതരണ കലകളായ ചാക്യാർക്കൂത്തിലും ഓട്ടൻ തുള്ളലിലുമുള്ള ആക്ഷേപഹാസ്യം മാത്രമേ കാർട്ടൂണിലുമുള്ളൂ. പണ്ട് ചാക്യാർക്കും തുള്ളൽക്കാരനും  എങ്ങനെ വേണമെങ്കിലും ആരെയും വിമർശിക്കാമായിരുന്നു, പക്ഷേ ഇന്ന് രാഷ്ട്രീയക്കാരുടെ കിടമത്സരം കാർട്ടൂണിസ്റ്റുകൾക്ക് ആ സ്വാതന്ത്ര്യം നിഷേധിക്കുന്നുവെന്നതാണ് സത്യം!ചില സംഘടനകളുടെ ശക്തമായ ഇടപെടൽ മൂലം ധാർമ്മിക സന്ദേശമുള്ളൊരു കാർട്ടൂണിന്റെ  ആവിഷ്കാര മികവ് വിലയിരുത്തി  ഉന്നത സമിതി പ്രഖ്യാപിച്ച പുരസ്കാരം പോലും പിൻവലിക്കപ്പെടുന്നു. ഇക്കൊല്ലം  മികച്ച കാർട്ടൂൺ സൃഷ്ടിക്ക് അംഗീകാരവുമില്ലത്രെ. കലാകാരൻ എന്ന നിലയിൽ ഒരാളെയും വ്യക്തിപരമായി ആക്ഷേപിക്കാൻ ഒരു കാർട്ടൂണിസ്റ്റിനും താൽപര്യമില്ല. മാന്യമായ ഒരു പ്ളാറ്റ്ഫോമിൽ നിന്നുകൊണ്ട് ഒരു യാഥാർത്ഥ്യത്തിന്റെ നർമ്മം കലർത്തിയുള്ള സാമൂഹിക വിശകലം മാത്രമാണ് കലാകാരൻ ചെയ്യുന്നത്. ചെറിയ ഡയലോഗുകളാലും അതിലും ചെറിയ കുറച്ചു വരകളാലും ഒരു ദൃശ്യം നിർമ്മിക്കേണ്ടതുണ്ട്. ഇക്കാരണത്താൽ പെയിന്റിംഗിനേക്കാളും വളരെ ദുഷ്കരമാണ് കാർട്ടൂൺ രചന. ചുമർചിത്രങ്ങളും അക്രിലിക് വർക്കുകളും നൈഫ് വർക്കുകളും ഞാൻ ചെയ്യാറുണ്ട്. വരയിൽ ഒരു ഇന്റർനേഷണൽ പുരസ്കാരവും (Art Mastro Award) നേടാനായിട്ടുണ്ട്. 
കാർട്ടൂണിന്റെ പരിഷ്കൃതി
കാർട്ടൂണിനുമാത്രമല്ല, ഒരു പുരോഗമന ആവിഷ്ക്കാര രൂപത്തിനും അതിന്റെ കലാപരവും ശാസ്ത്രീയവുമായ സങ്കീർണ്ണത പ്രാചീന രൂപത്തിൽ കാത്തുസൂക്ഷിക്കാൻ കഴിയില്ല. ഇംഗ്ലണ്ടിലെ 'പഞ്ച്" വാരികയാണ്, 1841ൽ, കാർട്ടൂൺ എന്ന നർമ്മചിത്രകലാ ശാഖക്കു തുടക്കമിട്ടത്. ഫ്രഞ്ച്  കാരിക്കേച്ചർ മാഗസീനായ 'ലെ ശരിവാരി" ആദരിച്ചുകൊണ്ടിതിനെ 'ദ ലണ്ടൻ ശരിവാരി" എന്നു വിളിച്ചു. ഒരുകാലത്ത്, കഥയറിയാതെ, കിരീടത്തിന്റെയും മുഖമെഴുത്തിന്റെയും വർണപ്പകിട്ട് മാത്രം നോക്കിയിരുന്നവർ കാലക്രമേണ കഥകളിയുടെ വലിയ ആരാധകരായി മാറി.  കഥകളിയെന്ന ദൃശ്യകല ലോക പ്രസിദ്ധി കൈവരിക്കാനുള്ള പ്രധാന കാരണം പുരോഗമനപരമായ ലളിതവൽക്കരണങ്ങളാണ്. കാർട്ടൂണിലും ഇതുപോലെയുള്ള ജനകീയവൽക്കരണങ്ങൾ വന്നിട്ടുണ്ട്. പക്ഷെ, ഈ കലയുടെ പരിഷ്കൃതിയിൽ സാരമായ വിട്ടുവീഴ്ചകൾ നടന്നിട്ടില്ലയെന്നാണ് ഞാൻ കരുതുന്നത്.
ചിരിപ്പിക്കുന്ന ഒന്നോ രണ്ടോ സിനിമാ ഫ്രെയിമുകൾ ഡയലോഗുകൾ സഹിതം ചേർത്തുവച്ചുണ്ടാക്കുന്ന സാധനങ്ങൾ സമൂഹമാദ്ധ്യമങ്ങളിൽ നിറഞ്ഞോടുന്നു. ഒരു ആവിഷ്കാരത്തിനു ലഭിക്കുന്ന പൊതുസ്വീകാര്യതയും ആ സൃഷ്ടിയുടെ പരിഷ്കൃതിയും തമ്മിലുള്ള ബന്ധം പഠന വിധേയമാക്കേണ്ടതുണ്ട്.

സാമൂഹിക ഇടപെടലുകൾ
കാൻസർ ആശുപത്രികൾ, അനാഥാലയങ്ങൾ, വൃദ്ധസദനങ്ങൾ മുതലായ ഇടങ്ങളിൽ സ്വന്തം നിലയിൽ പോയി അവർക്കുവേണ്ടി എന്തെങ്കിലും വരക്കാറുണ്ട്. വേദന തിന്നു ജീവിക്കാൻ വിധിക്കപ്പെട്ടവർക്ക് അൽപ നേരത്തെക്കെങ്കിലും അതിൽനിന്നൊരു ഒഴിവ് കൊടുക്കേണ്ടത് കർത്തവ്യമാണെന്ന് തോന്നുന്നു. ലോക്ക് ഡൗണിനുമുന്നെ എല്ലാ ഞായറാഴ്ചകളിലും നിർഭാഗ്യവാൻന്മാരെ തിരക്കിയുള്ള സന്ദർശനങ്ങൾ പതിവായിരുന്നു. ഇതുപോലെയുള്ള ഇടപെടലുകളും കാർട്ടൂൺ കാമ്പയിനുകളും ഏറെ സംതൃപ്തി നൽകുന്നു. കൊച്ചു കലാകാരന്മാർക്ക് കാർട്ടൂൺ കൂടാതെ, ചിത്രരചനാ ക്ലാസുകളും എടുക്കുന്നുണ്ട്. സാമൂഹിക പ്രതിബദ്ധതയുള്ളൊരു കലാകാരനാകാനാണ് സദാ ശ്രമം. ചരിത്രത്തിലാദ്യമായി, ഒരു പകർച്ചവ്യാധിക്കെതിരെയുള്ള ബോധവൽക്കരണത്തിന് കാർട്ടൂണിന്റെ  സാദ്ധ്യതകൾ  ഉപയോഗിച്ചുകൊണ്ടിരിക്കുന്നതും ആ ചുമതലാബോധം ഉള്ളിൽ ഉള്ളതുകൊണ്ടാണ്. ഹൈക്കു കവിത രചനകളും  ഇത്തിരി എഴുത്തും ഒരു  സിനിമാ നിർമ്മാണത്തിനുള്ള തയ്യാറെടുപ്പിലുമാണ് ഇപ്പോൾ. പ്രോത്സാഹന വാക്കുകൾ പറയുന്ന പത്നി അനുവും  എപ്പോഴും വരച്ചുകൊണ്ടിരിക്കുന്ന പുത്രൻ ഭരതും എന്റെ സർഗശക്തി.