
ശാസ്ത്രാവബോധവും പ്രായോഗിക ജ്ഞാനവും മാവേലിക്കരക്കാരന്റെ കൂടെപ്പിറപ്പായ സഹൃദയത്വവും ഒരുമിച്ച് ചേർന്നാണ് പി.എം മാത്യുവിനെ രൂപപ്പെടുത്തിയത്. ഓണാട്ടുകരയ്‌ക്ക് ഹൃദ്യമായ നർമ്മബോധത്തിന്റെ നീരൊഴുക്കുണ്ട്. അതിഗഹനമായ മന:ശാസ്ത്ര വിഷയങ്ങൾ കൈകാര്യം ചെയ്യുമ്പോഴും ഡോക്‌ടർ പി.എം. മാത്യുവിന്റെ രസികത്തം അവയ്‌ക്ക് ഹൃദ്യമായ അനുഭവഭംഗി നല്‌കുന്നു.
ഞങ്ങൾ നല്ല സ്നേഹിതരായിരുന്നു. ' മത്തായിച്ചന്റെ വേർപാട് എന്റെ മനസിൽ കണ്ണീർ വീഴ്‌ത്തുന്നു . ഒരു വർഷം മുൻപാണ് ചാരാച്ചിറയിലെ വീട്ടിൽ ഞാൻ മത്തായിച്ചനെ അവസാനമായി കാണാനെത്തിയത് . അവശനിലയിൽ കിടപ്പിലായിരുന്നെങ്കിലും അദ്ദേഹം ഹൃദയപൂർവം സംസാരിച്ചു.
ഞാനോർക്കുകയാണ്, ഡോ. പി.എം മാത്യുവിനെ കണ്ടുമുട്ടിയത് എന്നാണ് ? കേരള സർവകലാശാലയിൽ നിന്ന് മന:ശാസ്ത്രത്തിൽ ഡോക്‌ടറേറ്റും ക്ളിനിക്കൽ സൈക്കോളജിയിൽ ഡിപ്ളോമയും നേടിയ ശേഷം വെല്ലൂർ ക്രിസ്‌ത്യൻ മെഡിക്കൽ കോളജിൽ അദ്ദേഹം ഉദ്യോഗത്തിൽ പ്രവേശിച്ചു. അവിടെ സേവനം അനുഷ്‌ഠിച്ചതുകൊണ്ടാണ് പി.എം. മാത്യു വെല്ലൂർ എന്ന് അറിയപ്പെട്ടത്. ' വെല്ലൂർ ' എന്നത് അഭിമാനത്തിന്റെ അടയാളമായി അദ്ദേഹം എന്നും സൂക്ഷിച്ചിരുന്നു. 1970 ൽ നന്തൻകോടിനടുത്ത് ചാരാച്ചിറയിൽ അദ്ദേഹം സൈക്യാട്രിക് ക്ളിനിക് ആരംഭിച്ചു. മാനസിക പ്രശ്‌നങ്ങളുള്ള ധാരാളം ആളുകൾ ചികിത്സയ്‌ക്കും സാന്ത്വനത്തിനുമായി ഡോക്‌ടർ മാത്യുവിനെ തേടിയെത്തിയിരുന്നത് എനിക്കറിയാം. തന്റെ അടുക്കൽ വന്നെത്തുന്നവരെ എത്ര ഹൃദയപൂർവമാണ് അദ്ദേഹം സ്വീകരിച്ചിരുന്നത്. ! വ്യക്തിപരമായ പ്രശ്‌നങ്ങളും ദു:ഖങ്ങളും അദ്ദേഹത്തെ വ്യഥിത ചിത്തനാക്കിയിട്ടുണ്ട് . പക്ഷേ , ആത്മദു:ഖങ്ങൾ വിസ്‌മരിച്ച് മറ്റുള്ളവർക്ക് പ്രകാശം പരത്തുന്ന വാക്കുകളാണ് അദ്ദേഹത്തിൽ നിന്ന് പുറപ്പെട്ടിരുന്നത്.
ഡോ. പി.എം. മാത്യു സർവവിജ്ഞാനകോശം ഇൻസ്‌റ്റിറ്റ്യൂട്ടിൽ മന:ശാസ്‌ത്രവിഭാഗം കൈകാര്യം ചെയ്‌തിരുന്ന എഡിറ്ററായിരുന്നു. അവിടെ നിന്ന് അദ്ദേഹം സ്വയം വിരമിച്ച് വർഷങ്ങൾക്ക് ശേഷമാണ് സർവവിജ്ഞാനകോശം ഡയറക്‌ടറായി ഈ ലേഖകൻ ചുമതലയേൽക്കുന്നത്. ഡോ. മാത്യു പില്‌ക്കാല ലക്കങ്ങൾക്ക് വേണ്ടി തയാറാക്കിയിരുന്ന ലേഖനങ്ങൾ പരിശോധിക്കാൻ ഇടവന്നപ്പോൾ അദ്ദേഹത്തിന്റെ ശാസ്‌ത്രജ്ഞാനവും ഭാഷാനൈപുണിയും പ്രശംസനീയമായി അനുഭവപ്പെട്ടിട്ടുണ്ട്.
ഇരുപതോളം പുസ്തകങ്ങൾ ഡോ. പി.എം. മാത്യു വെല്ലൂർ രചിച്ചു. ലൈംഗിക വിജ്ഞാനത്തെക്കുറിച്ച് ഡോ. പി.എം മാത്യു രചിച്ച രതിവിജ്ഞാനകോശം ആ രംഗത്ത് ഇതപര്യന്തമുണ്ടായിട്ടുള്ള ഏറ്റവും മികച്ച പഠനമാണ്. മന:ശാസ്‌ത്രം, കുടുംബജീവിതം എന്നിങ്ങനെ രണ്ട് മാസികകളുടെ പത്രാധിപരായും സേവനമനുഷ്‌ഠിച്ചു.
പണ്‌ഡിതോചിതമായ ലേഖനങ്ങൾ എഴുതിയതോടൊപ്പം മനസിന്റെ മന്ദഹാസമായി എപ്പോഴും നിലകൊള്ളുന്ന സരസമായ രചനകളും വേദിയുടെ ആകർഷണമായ പ്രഭാഷണങ്ങളും ഡോ. പി.എം.മാത്യുവിന്റേതായുണ്ട്. തിരുവനന്തപുരം കേന്ദ്രമാക്കി ആരംഭിച്ച നർമ്മകൈരളി എന്ന സംഘടനയുടെ സജീവപ്രവർത്തകനും വേദിയുടെ മുഖ്യ ആകർഷണവുമായിരുന്നു ഡോ. മാത്യു. ധാരാളം ടെലിവിഷൻ പരിപാടികളിൽ പങ്കെടുത്തു. സഹൃദയരെ ആകർഷിച്ച പ്രോഗ്രാമുകളായിരുന്നു അവയെല്ലാം. വേദിയിൽ അദ്ദേഹം അവതരിപ്പിച്ച നാടക കഥാപാത്രങ്ങൾ ആകർഷകമായിരുന്നു. മൂന്ന് ചലച്ചിത്രങ്ങളിലും ഡോ. മാത്യു അഭിനയപാടവം കാഴ്ചവച്ചു. ലെനിൻ രാജേന്ദ്രന്റെ രാത്രിമഴ, അടൂർ ഗോപാലകൃഷ്‌ണന്റെ നിഴൽക്കൂത്ത്, കെ.ജി. ജോർജിന്റെ ഈ കണ്ണി കൂടി എന്നിവയാണ് ആ ചലച്ചിത്രങ്ങൾ.
വിവിധ മേഖലകളിൽ സജീവമായി പ്രവർത്തിക്കുകയും വലിയ സംഭാവനകൾ അർപ്പിക്കുകയും ചെയ്‌ത ഡോ. പി.എം. മാത്യു വെല്ലൂരിനെ നാം ഓർമ്മിക്കുക, എക്കാലത്തെയും നല്ല സ്‌നേഹിതൻ എന്ന നിലയ്‌ക്കാവും. അഹന്തയോ ആരോടും പരിഭവമോ ഇല്ലാതെ തന്റെ ഏകാന്ത വഴിയിലൂടെ കുളിർകാറ്റു പോലെ എല്ലാവർക്കും സ്നേഹസ്‌പർശം നല്‌കി കടന്നുപോയ സഹൃദയനായ, കലാരസികനായ, ശാസ്ത്രജ്ഞനായ പ്രതിഭാശാലിയാണ് ഡോ. പി.എം മാത്യു വെല്ലൂർ.