xmas

ക്രിസ്മസ് എന്ന് കേൾക്കുമ്പോൾ നമ്മുടെ മനസ്സിൽ ആദ്യം ഓടിയെത്തുന്നത് സാന്റാക്ളോസിന്റെ മുഖമാണ്. തോളിലെ സഞ്ചിയിൽ നിറയെ സമ്മാനങ്ങളുമായെത്തുന്ന ക്രിസ്മസ് അപ്പൂപ്പനെ ഇഷ്ടമില്ലാത്തതായി ആരാണുള്ളത്. യഥാർത്ഥ ക്രിസ്മസ് കഥകളുമായി ബന്ധമില്ലെങ്കിലും ക്രിസ്മസ് കഥകളിലെ ഏറ്റവും പ്രധാന ആൾ സാന്റാ ക്ലോസ് തന്നെയാണ്. സാന്റാക്ലോസിന്റെ പിറവിക്ക് പിന്നിൽ നിരവധി കഥകൾ പ്രചാരത്തിലുണ്ട്. എന്നാൽ സാന്റാക്ളോസ് വില്ലേജിനെ പറ്റി കേട്ടുകേൾവി വളരെ കുറവാണ്.

ക്രിസ്മസിനു കുട്ടികൾക്കു സമ്മാനങ്ങൾ നൽകുന്നയാളായാണ് സാന്റാക്ലോസ്. മഞ്ഞ് നിറഞ്ഞ താഴ്വരയിലാണ് ക്രിസ്മസ് ഫാദർ താമസിക്കുന്നത് എന്നാണ് പൊതുവിലുള്ള വിശ്വാസം. എന്നാൽ അമേരിക്കൻ സാന്റാക്ലോസിന്റെ താമസം ഉത്തരധ്രുവത്തിലും,​ ഫാദർ ക്രിസ്മസിന്റേത് ഫിൻലന്റിലെ ലാപ്‌ലാന്റിലുമാണ്.ഫിൻലന്റിലെ ലാപ്‌ലന്റിലെ റോവാനെമി എന്ന ഗ്രാമത്തിലാണ് പ്രശസ്തമായ സാന്റാ ക്ലോസ് വില്ലേജ് സ്ഥിതി ചെയ്യുന്നത്. ലോകമെമ്പാടുമുള്ള കുട്ടികളും സാന്റാ ക്ലോസ് ആരാധകരും ജീവിതത്തിൽ ഒരിക്കലെങ്കിലും പോയി കാണാൻ ഇഷ്ടപ്പെടുന്ന ഇടമാണിത്. വർഷം മുഴുവൻ സാന്റാ ക്ലോസിനെ കാണുവാൻ സാധിക്കുന്ന ഒരേഒരിടമാണിത്. കുട്ടികളെ ഒരു കൗതുക ലോകത്തേയ്ക്ക് കൂട്ടിക്കൊണ്ടുപോകുന്ന ഈ ഗ്രാമം യഥാർത്ഥത്തിൽ ഒരു അമ്യൂസ്മെന്റ് പാർക്കാണ്.

ക്രിസ്മസ് പകരുന്ന സ്നേഹവും സന്തോഷവും കുട്ടികളിലൂടെ ലോകമെങ്ങും എത്തിക്കുക എന്നതാണ് സാന്റാക്ലോസിന്റെ ലക്ഷ്യം. സാന്റാ ക്ലോസിന്റെ മാന്ത്രിക എൽഫുകളെയും അദ്ദേഹത്തിന്റെ വണ്ടി വലിക്കുന്ന റെയ്ൻഡിയറുകളെയുമൊക്കെ ഇവിടെ കാണാൻ കഴിയും. സാന്റാക്ലോസ് വില്ലേജിലെ ഏറ്റവും രസകരമായ ഇടങ്ങളിലൊന്നാണ് സാന്റാഗിഫ്റ്റ് ഹൗസ്. ഇവിടുത്തെ ഏറ്റവും ചരിത്രപരമായ കെട്ടിടങ്ങളിൽ ഒന്നായ ഗിഫ്റ്റ് ഹൗസ്,​ ഗ്രാമത്തിനു നടുവിലായാണ് സ്ഥിതി ചെയ്യുന്നത്. ആർടിക് സർക്കിൾ ലൈൻ മുറിച്ചുകടക്കുന്നത് ചരിത്ര സ്മാരകമായ ഈ കെട്ടിടത്തിലൂടെയാണ്. ഈ ഗ്രാമത്തിലെ ഏറ്റവും തിരക്കേറിയ ഫോട്ടോ സ്പോ‌ട്ട് കൂടിയാണിത്.