
സിനിമയിലെത്തിയിട്ട് പതിനഞ്ച് വർഷങ്ങൾ, സിനിമയെക്കുറിച്ച്, ജീവിതത്തെക്കുറിച്ച് ഹണി റോസ് വിശേഷങ്ങൾ പങ്കുവയ്ക്കുന്നു...
ചെറുതും വലുതുമായ വേഷങ്ങളിലൂടെ മലയാളി പ്രേക്ഷകർക്ക് മുന്നിൽ തിളങ്ങി നിൽക്കുന്ന നടിയാണ് ഹണിറോസ്. കൃത്യമായി പറഞ്ഞാൽ പതിനഞ്ചുവർഷങ്ങൾക്ക് മുമ്പാണ് ഹണി കാമറയ്ക്ക് മുന്നിലെത്തുന്നത്. ഇക്കഴിഞ്ഞ വർഷങ്ങളിലെല്ലാം സ്വയം മിനുക്കിയെടുക്കുകയായിരുന്നു അവർ. സിനിമകളുടെ തിരഞ്ഞെടുപ്പിലും അഭിനയത്തിലും കാഴ്ചപ്പാടിലുമെല്ലാം ആ മാറ്റങ്ങൾ കാണാം. ഹണി സംസാരിക്കുന്നു.
കഥകൾ എഴുതാറുണ്ടോ?
എഴുതാറില്ല. പക്ഷേ കുറേ കഥകൾ മനസിലുണ്ട്.
കഥയെഴുത്തോ അതോ സംവിധാനമോ! എന്താണ് സിനിമയിലെ അടുത്ത പ്ളാൻ?
നമ്മളാരും പ്ളാൻ ചെയ്യുന്നതൊന്നുമല്ലല്ലോ ഇപ്പോൾ സംഭവിക്കുന്നത്. എങ്കിലും എനിക്ക് ഒരു സംവിധായികയാകണമെന്ന് മോഹമുണ്ട്. സംവിധാനമെന്നത് വലിയ ഉത്തരവാദിത്വമാണ്. ഒരുപാട് പേരെ ഒരുമിച്ച് കൺട്രോൾ ചെയ്യേണ്ട വലിയ ഒരു ജോലി. അഭിനയിച്ച് തുടങ്ങിയ കാലം മുതലേ ഞാൻ സംവിധായകരെ നിരീക്ഷിക്കാറുണ്ട്.
ഹണിറോസ് സംവിധാനം ചെയ്യുന്ന ചിത്രം ഏത് ശൈലിയിലുള്ളതായിരിക്കും?
ഉറപ്പായും ഒരു റിയലിസ്റ്റിക്ക് സിനിമയായിരിക്കും. ഒരു റിയൽ ലൈഫ് സ്റ്റോറി ചെയ്യണമെന്നൊക്കെയാണ് ആഗ്രഹം.

ലോക്ക് ഡൗൺ കാലം എങ്ങനെ ചെലവഴിക്കുന്നു?
ആരോഗ്യകാര്യങ്ങളിലൊക്കെ ശ്രദ്ധിക്കാൻ തുടങ്ങി. സിനിമയുടെ തിരക്കും മടിയുമൊക്കെ കാരണം മുടങ്ങിപ്പോയ വർക്കൗട്ട് വീണ്ടും തുടങ്ങി. കുറേ സിനിമകൾ കണ്ടു. പിന്നെ കൃഷി. വീട്ടിൽ മാവ്, പ്ളാവ്, പേര, ചാമ്പ, വിദേശയിനം ആത്തച്ചക്കയായ റൊളീനിയ അങ്ങനെ കുറേയുണ്ട്.ചക്കയുടെ സീസണായതുകൊണ്ട് വീട്ടിൽ ചക്ക കൊണ്ടുള്ള പല വിഭവങ്ങളും പരീക്ഷിച്ചു. ചക്കപ്പുഴുക്കും ചക്ക ഹൽവ, ചക്ക ഷേയ്ക്ക്, ചക്ക ഐസ്ക്രീം. മമ്മി ചക്കപ്പുഴുക്കുണ്ടാക്കാൻ മിടുക്കിയാണ്. ചക്കപ്പുഴുക്ക് ഞാനുണ്ടാക്കില്ല. ബാക്കി ചക്ക കൊണ്ടുള്ള ഏത് ഐറ്റവും ഉണ്ടാക്കും
ലോക്ക്ഡൗണായപ്പോൾ സിനിമ പോലെ ബിസിനസും ക്ഷീണിച്ചോ?
'ഹണീസ് ബാത്ത് സ്ക്രബ്" എന്ന പ്രോഡക്ടാണ് ഞങ്ങളുണ്ടാക്കിയിരുന്നത്. രാമച്ചം കൊണ്ടുള്ള ഉല്പന്നങ്ങൾ. ആയുർവേദ ഉല്പപന്നങ്ങൾക്കൊപ്പം സോപ്പ് പോലെയുള്ള സിന്തറ്റിക് വേർഷനും കൂടി പുറത്തിറക്കാൻ പ്ളാനുണ്ടായിരുന്നു. അപ്പോഴാണ് ലോക്ക് ഡൗൺ വന്നത്. ഇപ്പോൾ പ്രൊഡക്ഷൻ നിറുത്തി വച്ചിരിക്കുകയാണ്.

ലോക്ക്ഡൗൺ പഠിപ്പിച്ച പാഠങ്ങൾ എന്തൊക്കെയാണ്?
പ്രകൃതിയോട് ഇണങ്ങി ജീവിക്കാൻ കഴിഞ്ഞത് തന്നെയാണ് ഏറ്റവും വലിയ മാറ്റം. സിനിമ പോലും മറ്റ് പ്ളാറ്റ്ഫോമുകളിലേക്ക് മാറാൻ ഒരുങ്ങുകയാണ്. തിരക്കെന്ന കാരണം പറഞ്ഞ് നമ്മൾ മാറ്റി വച്ച പല കാര്യങ്ങൾക്കും സമയം കണ്ടെത്താനായിയെന്നതാണ് ലോക് ഡൗൺ കൊണ്ടുണ്ടായ ഒരു നേട്ടം. ഒരു വൈറസ് വിചാരിച്ചാൽ മതി നമ്മൾ മനുഷ്യരെ ഒന്നടങ്കം ഇല്ലാതാക്കാൻ സാധിക്കുമെന്ന് മനസിലായി.വലിയവരെന്നോ ചെറിയവരെന്നോ ഉള്ള വ്യത്യാസമില്ലാതെയായി. രോഗത്തിന് മുന്നിൽ എല്ലാവരും തുല്യരാണെന്ന തിരിച്ചറിവുണ്ടായി. പ്രളയം വന്നപ്പോഴും നമ്മളിതൊക്കെ പറഞ്ഞതാ. തിരിച്ചറിവ് വന്നുവെന്ന്! എന്നിട്ട് വന്നോ!
സിനിമയിലെത്തിയിട്ട് പതിനഞ്ച് വർഷമാകുകയാണല്ലോ?
അതെ. കുറേ നല്ല സിനിമകളുടെ ഭാഗമാകാൻ സാധിച്ചു. ഇനിയും നല്ല സിനിമകൾ ചെയ്യണം. ജീവിതത്തിന്റെ അവസാനം വരെ സിനിമ കൂടെയുണ്ടാവണമെന്നാണ് ആഗ്രഹം. എന്റെ ജോലിയിൽ ഞാൻ നന്നായി കഠിനാദ്ധ്വാനം ചെയ്യുന്നുണ്ട്. ഓരോ വർഷം കഴിയുന്തോറും സിനിമ മാറിക്കൊണ്ടിരിക്കുകയാണ്. നല്ല കഥാപാത്രങ്ങൾ വരുമെന്ന ആത്മവിശ്വാസമുള്ളത് കൊണ്ടും അവ ചെയ്യാനുള്ള ഫയർ ഉള്ളതുകൊണ്ടുമാണ് ഇത്രയും കാലം നിലനിൽക്കാൻ കഴിഞ്ഞത്. എന്നെ തേടിവരുന്ന ചില സിനിമകളോട് പൊരുത്തപ്പെടാൻ പറ്റാതെ ഒഴിവാക്കേണ്ടി വന്നിട്ടുണ്ട്. കമ്മിറ്റ് മെന്റുകൾ കാരണം ചില സിനിമകൾ ചെയ്യേണ്ടി വന്നിട്ടുമുണ്ട്. നമുക്ക് ഗുണം ചെയ്യുമെന്ന് പ്രതീക്ഷിച്ച് ചെയ്യുന്ന ചില സിനിമകൾ തിയേറ്ററിൽ ശ്രദ്ധിക്കപ്പെട്ടില്ലെന്ന് വരാം.
സോഷ്യൽ മീഡിയയിലെ മോശം കമന്റുകളോട് എങ്ങനെയാണ് പ്രതികരിക്കുന്നത്?
അത് അവഗണിക്കാറാണ് പതിവ്. സോഷ്യൽ മീഡിയയിൽ മോശമായി കമന്റ് ചെയ്യുന്നവരുടെ ഐഡി ഫേക്കായിരിക്കും. അവരുടെ ഭാഷയും വാക്കുകളുമൊക്കെ കേട്ടാൽ അറയ്ക്കും. അക്കൂട്ടത്തിൽ കൊച്ചുകുട്ടികൾ പോലുമുണ്ടെന്നാണ് എനിക്ക് തോന്നുന്നത്. ഒരാളൊരു ചീത്തവാക്ക് ഉപയോഗിച്ചാൽ അടുത്തയാൾ അതേ വാക്ക് ആവേശത്തോടെ ഏറ്റെടുക്കുകയാണ്. നിയമപരമായി അവർക്കെതിരെ നടപടികളെടുക്കുന്നത് അത്ര ഫലപ്രദമല്ലെന്നാണ് എനിക്ക് തോന്നുന്നത്. ആയിരുന്നെങ്കിൽ അവരാ തെറ്റ് ആവർത്തിക്കില്ലല്ലോ. അവരുടെ അക്കൗണ്ട് റിപ്പോർട്ട് ചെയ്ത് പൂട്ടിക്കുന്നതോടൊപ്പം അത്തരക്കാർക്കെതിരെ ശക്തമായ ഫലപ്രദമായ നിയമ നടപടികളും സ്വീകരിക്കണം. 'ചങ്ക്സ്" എന്ന സിനിമ സത്യത്തിൽ എന്റെ റീച്ച് കൂട്ടിയിട്ടേയുള്ളൂ. ആ സിനിമ കഴിഞ്ഞ് ഞാനെത്രയോ ഉദ്ഘാടനങ്ങൾ ചെയ്തു. നമ്മൾ വന്നാൽ ആളു കൂടുമെന്നുള്ളത് കൊണ്ടല്ലേ ഫംഗ്ഷനുകൾക്കൊക്കെ വിളിക്കുന്നത്.
പുതിയ സിനിമകൾ?
വി.കെ. പ്രകാശ് സംവിധാനം ചെയ്യുന്ന സിനിമയിലായിരുന്നു ഇപ്പോൾ അഭിനയിക്കേണ്ടിയിരുന്നത്. ലോക്ക് ഡൗൺ കാരണമാണ് ആ സിനിമ നീണ്ടുപോയത്. നായികാ പ്രാധാന്യമുള്ള സിനിമയാണത്. അഭിനേതാവും മോഡലുമായ ഉസൈൻ പട്ടേലാണ് ആ സിനിമയിലെ നായകൻ. ചെറിയ സിനിമയാണ്. ലിമിറ്റഡ് ക്രൂവിനെ വച്ച് ചെയ്യുന്ന സിനിമ.