
ഓർക്കാപ്പുറത്ത് നിലച്ചപ്രിയമധുരഗാനം എസ്.പി.ബാലസുബ്രഹ്മണ്യത്തിന്റെ ഓർമ്മകളിലൂടെ ഒരു യാത്ര...
പതിനാറു ഭാഷകളിലായി നാൽപ്പതിനായിരത്തിലേറെ പാട്ടുകൾ... ഒരു മനുഷ്യായുസിന് ചിന്തിക്കാവുന്നതിനപ്പുറം ഗാനങ്ങളാണ് എസ്.പി.ബി എന്ന മൂന്നക്ഷരം പ്രേക്ഷകർക്ക് നൽകിയത്. ശ്രീപദി പണ്ഡിതരാദ്യുല ബാലസുബ്രഹ്മണ്യം എന്ന എസ്.പി ബാലസുബ്രഹ്മണ്യം, അടുപ്പക്കാരുടെ ബാലു... പ്രേക്ഷകരുടെ പ്രിയ എസ്.പി.ബി ഇനിയില്ല. ഇന്ത്യൻ സിനിമാ ലോകത്തിന്റെ ഒരു കാലഘട്ടമാണ് എസ്.പി.ബി തനിക്കൊപ്പം കൊണ്ടുപോയത്. എം.ജി.ആറിൽ തുടങ്ങി വിജയ് ആന്റണി വരെ എത്രയോ നായകന്മാർ ആ മാസ്മരിക ശബ്ദത്തിന് ചുവടുവച്ചു. ദൈവം സമ്മാനിച്ച പാട്ടുപെട്ടിയാണ് എസ്.പി ബാലസുബ്രഹ്മണ്യം. അത് ദൈവം തന്നെ തിരിച്ചെടുത്തു തികച്ചും അപ്രതീക്ഷിതമായി.
സംഗീതം ചിട്ടയായി പഠിക്കാതെ 'ശങ്കരാഭരണം" എന്ന മുഴുനീള സംഗീത സിനിമയിൽ പാടി ദേശീയ പുരസ്കാരം നേടിയ ചരിത്രം എസ്.പി.ബിയ്ക്കല്ലാതെ വേറെ ആർക്കുണ്ട്. പാട്ടിനൊപ്പം തന്നെ അഭിനയവും സംഗീത സംവിധാനവുമെല്ലാം നിർവഹിച്ചിട്ടുണ്ട്. ഇതിനുമപ്പുറം അധികമാരും അറിയാത്തൊരു ഇഷ്ടമേഖല കൂടി എസ്.പി.ബിയ്ക്കുണ്ടായിരുന്നു, ഡബ്ബിംഗ്. കമലഹാസൻ, രജനീകാന്ത് തുടങ്ങി സാക്ഷാൽ കിംഗ്സ്ലിക്കു വരെ എസ്.പി.ബി ശബ്ദം നൽകി. മികച്ച ഡബ്ബിംഗ് ആർട്ടിസ്റ്റിനുള്ള പുരസ്കാരവും നേടിയിട്ടുണ്ട്. കമലഹാസന്റെ 'ദശാവതാരം" എന്ന തമിഴ് ചിത്രത്തിന്റെ തെലുങ്ക് പതിപ്പിൽ ഒരേസമയം ഏഴ് കഥാപാത്രങ്ങൾക്കാണ് ബാലസുബ്രഹ്മണ്യം ശബ്ദം കൊടുത്തത്. ചിട്ടയായി പഠിക്കാതെ സംഗീതം ആലപിച്ചതു പോലെ തന്നെയായിരുന്നു അദ്ദേഹത്തിന്റെ ജീവിതവും. ശബ്ദമാധുര്യത്തിനായി പല ഗായകരും കഠിനശീലങ്ങൾ സൃഷ്ടിച്ചെടുത്തപ്പോൾ ഇഷ്ടമുള്ളതെല്ലാം കഴിച്ച് ബാലു അതിലും ബാലു ടച്ച് നിലനിറുത്തി. ഒന്നും അമിതമാകരുത് എന്നു മാത്രമേ താൻ കരുതിയിട്ടുള്ളൂ എന്നാണ് ഇതിന് ബാലുവിന്റെ വിശദീകരണം. ബാലു തന്റെ തടി പലപ്പോഴും ഒരു സറ്റയറിനായി ഒരുക്കി. ഇന്ത്യൻ മൈക്കിൾ ജാക്സൺ എന്നറിയപ്പെടുന്ന പ്രഭുദേവയ്ക്കൊപ്പം ചുവടുവയ്ക്കാനും ബാലുവിന് രണ്ടാമതൊന്നു കൂടി ആലോചിക്കേണ്ടി വന്നില്ല. നെല്ലൂരിൽ ജനിച്ച ബാലസുബ്രഹ്മണ്യം മദ്രാസിലെത്തിയത് എൻജിനീയറിംഗ് പഠിക്കാൻ വേണ്ടിയാണ്. അന്ന് പതിനേഴുകാരനായ ബാലു ഒരു സംഗീത മത്സരത്തിൽ പാടി. അതുകേട്ട ഗായിക എസ്. ജാനകിയാണ്, നല്ല ശബ്ദമാണ് സിനിമയിൽ ശ്രമിക്കൂ എന്ന് ഉപദേശിച്ചത്. രണ്ടു മൂന്നു വർഷം അതിനു വേണ്ടി നടന്നെങ്കിലും ഫലമുണ്ടാകാത്തതിനാൽ ഉപേക്ഷിച്ചു. വീണ്ടും ഒരു സംഗീത മത്സരത്തിനിടെയാണ് സംഗീത സംവിധായകൻ കോദണ്ഡപാണി കാണുന്നതും അവസരം നൽകുന്നതും. തെലുങ്കും ഹിന്ദിയും ഇംഗ്ളീഷും മാത്രമായിരുന്നു അന്ന് അറിയാവുന്ന ഭാഷകൾ. ആദ്യ ഗാനം കേട്ട് അവസരമെത്തിയത് കന്നഡത്തിൽ. ഒരക്ഷരം പോലുമറിയാത്ത കന്നഡയിൽ പാടിയത് ഒരു വീണവിദ്വാൻ നൽകിയ ആത്മവിശ്വാസത്തിലായിരുന്നു.

തമിഴ് സരിയാക്കി വാ
പിന്നെയും അഞ്ചു വർഷങ്ങൾക്കു ശേഷമാണ് തമിഴിൽ ആദ്യ ഗാനം പാടിയത്. ഒരു പാട്ടിനു വേണ്ടി സംഗീത സംവിധായകൻ എം.എസ്. വിശ്വനാഥനു മുൻപിൽ പലതവണ പാടിയിട്ടുണ്ട്. പക്ഷേ അപ്പോഴൊക്കെ പോയി തമിഴ് നന്നായി പഠിച്ചിട്ടു വാ എന്നാണ് ഉപദേശിച്ചത്. അത്തരം ഉപദേശങ്ങൾ ശിരസാവഹിച്ചതാണ് തന്നിലെ ഗായകനെ ഒരു പെർഫെക്ഷനിസ്റ്റാക്കിയതെന്ന് എസ്.പി.ബി പറയുന്നു.
തൊണ്ട പ്രശ്നത്തിലാക്കിയ  കമൽ
കമലഹാസൻ തെലുങ്കിൽ ഒരുക്കിയ 'ഇന്ദ്രഡു ചന്ദ്രഡു" എന്ന ചിത്രത്തിൽ പാട്ടു പാടാൻ പോയ എസ്.പി.ബിക്ക് അവസാനം തൊണ്ടയ്ക്ക് സർജറി ചെയ്യേണ്ടി വന്നു. അതിൽ 'നച്ചിന ഫുഡു വെച്ചിന ബെഡ്ഡു" എന്ന പാട്ട് ഒരൽപ്പം കനത്ത ശബ്ദത്തിലാണ് പാടിയത്. കമലിന്റെ അഭ്യർത്ഥന പ്രകാരമായിരുന്നു അത്തരമൊരു സാഹസം. അടുത്ത ദിവസം മണിരത്നത്തിന്റെ 'അഞ്ജലി" എന്ന ചിത്രത്തിനു വേണ്ടി 'രാത്തിരി നേരത്തിൽ രാക്ഷസ വേടത്തിൽ" എന്ന ഗാനവും കനത്തശബ്ദത്തിലായിരുന്നു. ഇത് കഴിഞ്ഞ് തൊണ്ട പണിമുടക്കി. പിന്നീട് ഗത്യന്തരമില്ലാതെ സർജറി നടത്തി മൂന്നു മാസം വിശ്രമവും കഴിഞ്ഞാണ് എസ്.പി.ബി വീണ്ടും മൈക്കിനു മുന്നിലെത്തിയത്. തൊണ്ടയിൽ സർജറി ചെയ്യരുതെന്ന് ഉപദേശിച്ച് പലരും രംഗത്തെത്തിയിരുന്ന കഥയും എസ്.പി.ബി പങ്കുവച്ചിട്ടുണ്ട്.

 കരാറിൽ  എഴുതി ചേർത്ത  വിഷ്ണുവർദ്ധൻ
തന്റെ ഗാനങ്ങൾ എസ്.പി.ബി തന്നെ പാടണമെന്ന് കരാർ ഒപ്പിടുമ്പോൾ തന്നെ അതിൽ എഴുതിച്ചേർത്തിരുന്ന നടനായിരുന്നു തെലുങ്ക് താരം വിഷ്ണുവർദ്ധൻ. മറ്റൊരാൾ പാടിയ ട്രാക്ക് ഉപയോഗിച്ചു പോലും ചിത്രീകരണം നടത്താൻ വിഷ്ണുവർദ്ധൻ തയാറായിരുന്നില്ല. അത്രമാത്രം ആ ശബ്ദം വിഷ്ണുവർദ്ധനെ കീഴടക്കിയിരുന്നു.
എന്നും  കുസൃതിക്കാരൻ
പാടാനായി മൈക്കിനു മുന്നിലെത്തിയാൽ ആ പാട്ട് ഒന്നുകൂടി മികച്ചതാക്കാൻ വേണ്ട പൊടിക്കൈകൾ എസ്.പി.ബി ചേർത്തിട്ടുണ്ടാകും. ആ കുസൃതി പാട്ടുപാടാൻ സ്റ്റേജിലോ സ്റ്റുഡിയോയിലോ നിൽക്കുമ്പോഴും അദ്ദേഹം നിലനിറുത്തിയിരുന്നു. തന്നിലെ പാട്ടുകാരനെ എന്നും അകമഴിഞ്ഞ് പ്രോത്സാഹിപ്പിച്ചവരും സഹിച്ചവരുമാണ് സഹപാട്ടുകാരെന്ന് ബാലു തന്നെ പല അഭിമുഖങ്ങളിലും വ്യക്തമാക്കിയിട്ടുണ്ട്. എസ്. ജാനകിയ്ക്ക് പാട്ടു പാടുമ്പോൾ രണ്ട് ശീലങ്ങളുണ്ട്. കൈയിൽ ഒതുങ്ങുന്ന ഒരു കുഞ്ഞ് ബുക്കിലാണ് ജാനകി പാട്ട് മുഴുവൻ കുറിച്ചു വയ്ക്കുക. അത് മൈക്കിനു മുന്നിൽ വച്ചാൽ പിന്നെയുള്ള ശീലം മറുകൈയിൽ ഒരു കർചീഫാണ്. അത് മുറുകെ പിടിച്ചേ പാടൂ. അന്ന് ഇളയരാജയുടെ മനോഹരമായ ഒരു പാട്ടിന്റെ റെക്കോഡിംഗ് നടക്കുകയായിരുന്നു. എസ്. ജാനകിയ്ക്ക് ഒപ്പം പാടിയതോ എസ്.പി.ബിയും. ഇരുവരും പിന്നെ ഓർക്കസ്ട്രയുമൊക്കെ റെഡിയായി. ജാനകി ബുക്ക് തുറന്ന് പിടിച്ചു. കർചീഫുമെടുത്തു. പാടാൻ സംഗീതസംവിധായകന്റെ സിഗ്നൽ ലഭിച്ചുടൻ എസ്.പി.ബി പതുക്കെ ആ കർചീഫ് പിടിച്ചുവാങ്ങി. കർച്ചീഫ് നഷ്ടപ്പെട്ടതോടെ എസ്. ജാനകിയുടെ പാട്ടും നിന്നു. എന്തു പറ്റിയെന്ന് ചോദിച്ച ഇളയരാജയോട് ''ഇൗ ബാലസുബ്രഹ്മണി ശല്യപ്പെടുത്തുന്നു"" എന്നു മാത്രമാണ് ജാനകി മറുപടി നൽകിയത്. ബാലുവിന്റെ കുസൃതി അറിയാമായിരുന്ന രാജ ''എന്താ ബാലു ഇത്. പാട്ട് കഴിയട്ടെടാ അനങ്ങാതെ നിൽക്ക്"" എന്ന് മറുപടി നൽകി. ബാലു വളരെ നിഷ്കളങ്കനായി ''അയ്യോ എനിക്കൊന്നും അറിയില്ലേ"" എന്ന് കുസൃതിയൊളിപ്പിച്ച ഉത്തരവും നൽകി. കർചീഫില്ലെങ്കിൽ പാടാൻ കഴിയില്ലേ എന്നും ചോദ്യത്തിന് സാരിയുടെ മുന്താണി പിടിച്ച് പാടിയാണത്രേ എസ്. ജാനകി ആ ഗാനം പൂർത്തിയാക്കിയത്.
മറ്റൊരു രസകരമായ സംഭവം നമ്മുടെ വാനമ്പാടിയായ കെ.എസ്. ചിത്രയുമായി ബന്ധപ്പെട്ടാണ്. ചിത്ര തെലുങ്ക് ചിത്രത്തിൽ പാടാനായി എത്തിയതായിരുന്നു. ചിത്രയ്ക്ക് അന്ന് തെലുങ്ക് എഴുതാനും വായിക്കാനും അറിയില്ല. സ്വന്തം ഭാഷയിലാണ് എഴുതി ആലപിക്കുന്നത്. ആ പാട്ട് പറഞ്ഞുകൊടുക്കാനായി എത്തിയ അസി. ഡയറക്ടറോട് എസ്.പി.ബി പറഞ്ഞു ചിത്രയ്ക്ക് ഞാൻ പാട്ട് പഠിപ്പിച്ചു കൊടുക്കാം. വാക്കുകളൊക്കെ കൃത്യമായി പറഞ്ഞ് പ്രൊനൗൺസ് രീതിയൊക്കെ പഠിപ്പിച്ച് ഇരുവരും മൈക്കിനു മുന്നിൽ നിന്ന് പാടി. ചിത്ര പാടിത്തുടങ്ങിയതും ക്രൂ മുഴുവൻ ചിരി തുടങ്ങി. റെക്കോഡിംഗ് പോലും നിറുത്തിവച്ച് ചിരിച്ചു. ഇതെന്താ ഇവർ ചിരിക്കുന്നതെന്ന ആശങ്കയിലായ പാവം ചിത്ര കാരണം എസ്.പി.ബിയോട് ചോദിച്ചു. ഒന്നുമറിയാത്ത ഭാവത്തിൽ എസ്.പി.ബിയും അതെ ഇവരെന്താ ഇങ്ങനെ ചിരിക്കുന്നതെന്ന് തിരികെ ചോദിച്ചു. ചിത്രത്തിന്റെ സംവിധായകൻ ഉടൻ ചിത്രയോട് ചോദിച്ചു, ''ഞങ്ങളെ ഇങ്ങനെ തെലുങ്കിൽ വഴക്കു പറയേണ്ടതുണ്ടോ? അതും പാട്ടിന്റെ രൂപത്തിൽ."" പാവം ചിത്രയാകെ ഭയന്നുപോയി. അയ്യോ... എനിക്കൊന്നും അറിയില്ല. അണ്ണനാണ് പാട്ട് പഠിപ്പിച്ചു തന്നത് എന്നു പറഞ്ഞു. ഓ... ബാലൂ ഇതൊക്കെ നിന്റെ പണിയാണല്ലേ എന്നായിരുന്നു സംവിധായകന്റെ കമന്റ്. റെക്കോഡിംഗ് കഴിഞ്ഞിട്ടും ചിത്രയുടെ ടെൻഷൻ മാറിയിരുന്നില്ലെന്നാണ് എസ്.പി.ബി തന്നെ ഒരു പരിപാടിയിൽ പറഞ്ഞത്.

 അജിത്തിനെ  ശുപാർശ ചെയ്തു
തമിഴിലെ സൂപ്പർസ്റ്റാർ അജിത്തിന് ആദ്യമായി സിനിമയിൽ അവസരം വാങ്ങിക്കൊടുത്തത് എസ്.പി.ബിയാണ്. അജിത്തും എസ്.പി.ബിയുടെ മകൻ ചരണും സുഹൃത്തുക്കളാണ്. ഒരിക്കൽ മകനൊപ്പം വീട്ടിലെത്തിയ കുട്ടിയെ എസ്.പി.ബിയ്ക്ക് വളരെയധികം ഇഷ്ടമായി. ആ സമയത്ത് പരിചയക്കാരനായ സംവിധായകൻ പുതുമുഖങ്ങളെ തേടുകയായിരുന്നു. അന്ന് മനസിൽ ഓടിയെത്തിയ മുഖം മകന്റെ സുഹൃത്തിന്റേതായിരുന്നു. പിന്നീട് ആ പുതുമുഖ നടൻ തിരക്കുള്ള താരമായി വളരുകയും ചെയ്തു.