
ഒരു നിമിഷം അവൾ തന്റെ വിറയ്ക്കുന്ന കൈകളിലേക്ക് നോക്കി നിന്നു പോയി. എല്ലാം നിശബ്ദമാവുന്നത് പോലെ. ചുവരുകൾ അവളിലെക്ക് അമരുകയാണ്. കാലുകൾ തളരുന്നതിന് മുമ്പ് തന്നെ അവൾ ഒരു കസേരയിൽ ഇരുന്നു. എപ്പോഴും കൂടെ കൊണ്ട് നടക്കാറുള്ള ഹാൻഡ് ബാഗിൽ നിന്നും ഒരു ചെറിയ കുപ്പി വെള്ളം എടുത്തു കുടിച്ചു നോക്കി. പക്ഷേ എന്തു ചെയ്തിട്ടും അവളുടെ മനസ് സ്വന്തം തീരുമാനങ്ങൾക്കും വഴങ്ങുന്നില്ലായിരുന്നു. ഒരു നിമിഷം ചുറ്റുമുള്ളതല്ലാം ഒന്നു കൂടി നോക്കി കണ്ടു. ഒരു ഹോസ്പിറ്റൽ. ഒരുപാട് രോഗികൾ. അവരുടെ ഉറ്റവർ. പരിചാരകർ. നഴ്സുമാർ. കണ്ണുകളിലേക്ക് ഇരുട്ട് കയറി തുടങ്ങി.
കണ്ണുകൾ മിഴിച്ചു നോക്കിയിട്ടും അവൾക്കുു ഒന്നും വ്യക്തമല്ലായിരുന്നു.ഭീതിയുടെ നിഴലിൽ നിന്നു പയ്യെപുറത്തു വന്നു, മുന്നിലൊരു ചിത്രം വ്യക്തമായി തുടങ്ങിയപ്പോൾ അവൾ അമ്പരന്നു. അവളുടെ കണ്ണുകൾ കാണുന്നത് ഹോസ്പിറ്റലോ ഡോക്ടർമാരോ ഒന്നും ആയിരുന്നില്ല. അവൻ മാത്രം. പൂർണ ഗർഭിണിയായ അവളെ തഴുകി അവൻ ചേർന്നു നിൽക്കുന്നു. ആ നിമിഷത്തിന്റെ ഉണർവിൽ എല്ലാം മറന്നുകൊണ്ട് അവളും.
മിഥുൻ ഒരുപാട് സംസാരിക്കുമായിരുന്നു, വളരെ ആധികാരികതയോടെ തന്നെ. അവളെക്കാൾ ഒരുപാട് ഇളയതായിരുന്നു അവൻ. പ്രത്യേകിച്ചു വിലാസം ഇല്ലാത്ത ഇല്ലാത്ത കടക്കാർക്കുവേണ്ടി ആഡ് ഫിലിംസിലായിരുന്നു അവന്റെ തൊഴിൽ. അവനുമായി എങ്ങനെ അടുപ്പമായി എന്നതിന് ദേവിക്ക് പൂർണ്ണമായ ഒരു ഉത്തരം ഉണ്ടായിരുന്നില്ല. അവർ തമ്മിൽ പരിചയമാവുന്നത് ഒരു ബസ് യാത്രയിൽ നിന്നാണ്. കനത്ത മഴയും വെള്ളപ്പൊക്കവും കാരണം ഒരുപാട് ട്രെയിനുകളും ഫ്ളൈറ്റുകളും റദ്ദാക്കിയ ഒരു ദിവസം വളരെ യാദൃശ്ചികമായി അടുത്തടുത്തുള്ള സീറ്റുകളിൽ ഇരുന്നു സഞ്ചരിക്കുകയായിരുന്നുഅവർ.
പ്രായം നാല്പതു കഴിഞ്ഞിരുന്നു എങ്കിലും ദേവി ഒരു സുന്ദരി ആയിരുന്നു. കേരളത്തിലേക്ക് അവൾ ഒരിക്കലും ബസിലോ ട്രെയിനിലോ യാത്ര ചെയ്യാറില്ലായിരുന്നു. പലപ്പോഴായി അവൾക്ക് ഉണ്ടായിട്ടുള്ള ദുരനുഭവങ്ങൾ തന്നെ ആയിരുന്നു കാരണം. കണ്ണുകൾ കൊണ്ടുള്ള റേപ്പിംഗ് ഇവിടെ ഉള്ളൂ എന്നു ദേവിയുടെ കൂടെ റിസർച്ച് ചെയ്തിരുന്ന ഒരു ചേച്ചി പറഞ്ഞിരുന്നത് അവൾ ഓർത്തു. പക്ഷേ മിഥുന്റെ ഭാഗത്ത് നിന്നും അങ്ങനെ ഒന്നും ഉണ്ടായില്ല. അവൻ നിശബ്ദയിരുന്നു. ആദ്യമായിട്ടാണ് ഒരു ചെറുപ്പക്കാരൻ മണിക്കൂറുകൾ കൂടെ ഇരുന്നിട്ടും അവളുമായി ഒരു ലഘുസംഭാഷണത്തിനു പോലും മുതിരാതിരുന്നത്. ഒരു പുഞ്ചിരി അല്ലാതെ മോശാമായ ഒരു നോട്ടം പോലും അവനിൽ നിന്നും ആ രാത്രി മുഴുവൻ ഉണ്ടായിട്ടില്ല. എന്തെങ്കിലും ചോദിച്ചാൽ മാത്രം ഉത്തരം പറയും. പഠിച്ചതും പഠിപ്പിക്കുന്നതും റിസർച്ച് നടത്തുന്നതും എല്ലാം സൈക്കോളജിയിൽ ആയത് കൊണ്ടാവാം അവന്റെ കണ്ണുകളിൽ അവൾക്കു രസകരമായ ഒരുപാട് കഥകൾ ഒളിച്ചു കിടക്കുന്നതു കാണാമായിരുന്നു.
ഒത്തൊരു ശരീരമോ വലിയ പുരുഷ ഗാംഭീര്യമോ ഇല്ലാത്ത മിഥുനെ അവൾ ശ്രദ്ധിച്ചു തുടങ്ങി, അവനെ കൂടുതൽ അറിയണം എന്നും തോന്നി. പിന്നീടുള്ള കാര്യങ്ങൾ അവൾക്കു വലിയ ഓർമ്മ ഇല്ല. മനഃപൂർവം അവനെ കണ്ടെത്തുകയായിരുന്നോ അതോ വളരെ യാദൃശ്ചികമായി പരസ്പരം വീണ്ടും കാണാനിടയാവുകയായിരുന്നോ എന്നൊന്നും അവൾ ഇപ്പോൾ ഓർക്കുന്നില്ല. പക്ഷേ,ഒരുപാട് വൈകാതെ തന്നെ അവർ പരസ്പരം അടുത്ത് തുടങ്ങിയിരുന്നു. അടുപ്പം സ്നേഹമായി. കുറഞ്ഞ സമയത്തിനുള്ളിൽ മിഥുൻ അവളുടെ ജീവിതത്തിലെ ഒരു ഭാഗമായി കഴിഞ്ഞു.
ഒരായിരം കഥകൾ അവൻ പറഞ്ഞിരുന്നു. ഒരുമിച്ച് ചെലവഴിച്ച രാത്രികളിൽ അവൾ ഉറങ്ങിയിരുന്നത് അവന്റെ കഥകൾ കേട്ടായിരുന്നു. പ്രായത്തിൽ കവിഞ്ഞ പക്വത അവന്റെ വാക്കുകളിൽ  നിറഞ്ഞിരുന്നു. അവനൊരിക്കലും ഒരു സ്നേഹബന്ധത്തിനു അവളെ നിർബന്ധിച്ചിട്ടില്ല. ഒരുപാട് രാത്രികൾ അവൻ ഒരു നല്ല സുഹൃത്തായി അവളുടെ കൂടെ ചെലവഴിച്ചിട്ടുണ്ട്. പക്ഷേ പിന്നീട് എപ്പോഴോ അവൾക്ക് അവനിൽ നിന്നു കൂടുതൽ എന്താക്കെയോ വേണം എന്നൊരു ആഗ്രഹം തോന്നി തുടങ്ങി. അങ്ങനെയാണ് അവർ പരസ്പരം സ്നേഹിച്ചു തുടങ്ങിയത്.
കാലം കടന്നതോടെ അവൾ അവനിൽ ഒരു ജീവിത പങ്കാളിയെ കണ്ടു തുടങ്ങി. ഇനിയുള്ള കാലം ഒരുമിച്ച് കഴിയണം എന്നു ഒരു മോഹം. അവന്റെ കുഞ്ഞിനും ജന്മം നൽകി ഒരു നല്ല അമ്മയും ഭാര്യയുമായി... അതൊരു പുതിയ ആഗ്രഹം ആയിരുന്നില്ല. ഇതിന് മുമ്പും പലപ്പോഴും ഒരു കുട്ടിയെ ദത്തെടുത്താലോ എന്നു അവൾ ചിന്തിച്ചിട്ടുണ്ട്. പക്ഷേ സ്വന്തമായി ഒരു കുഞ്ഞ് എന്ന മോഹം അവൾക്കു കൈവിടാൻ ആവുന്നില്ലായിരുന്നു. ഇത്തരമൊരു അവസരം എന്നെങ്കിലും അവളെ തേടി വരും എന്ന പ്രതീക്ഷയിലായിരുന്നു അവൾ ഇത്രയും കാലം. അവളുടെ ഒരു ആഗ്രഹങ്ങൾക്ക് എതിര് നിൽക്കാതിരുന്ന അവൻ എന്തു കൊണ്ടോ കുട്ടിയുടെ കാര്യത്തിൽ ചെറിയൊരു എതിർപ്പ് പ്രകടിപ്പിച്ചു. പക്ഷേ അവൾ പേടിച്ചത് പോലെ അവളുടെ പ്രായമോ അവളോടൊപ്പമുള്ള ജീവിതമോ അല്ലായിരുന്നു അവന്റെ പ്രശ്നം. മിഥുന് അവന്റെ കുടുംബത്തെ ചെറുപ്പത്തിലെ തന്നെ നഷ്ടമായിരുന്നു. അമ്മ ഒരു ആക്സിഡന്റിലും അച്ഛനെ രണ്ടാനമ്മയിലും. അവളുമായുള്ള ജീവിതം അവനൊരു പുത്തനുണർവായിരുന്നു. അവനതിൽ സന്തോഷമേ ഉണ്ടായിരുന്നുള്ളൂ, പക്ഷേ ദേവിയുടെ വീട്ടുകാർ... അവർ എന്തു പറയും.
ദേവിക്ക് അങ്ങനെ ഒരു ചിന്തയേ ഉണ്ടായിരുന്നില്ല. പ്രായപൂർത്തിയായ കാലം മുതൽ അവൾ സമൂഹം നിശ്ചയിച്ച രീതികൾക്കും ആചാരങ്ങൾക്കും എതിരായിരുന്നു. മെഡിസിൻ പഠിക്കണമെന്ന വീട്ടുകാരുടെ നിർബന്ധത്തിന് വഴങ്ങാതെ സൈക്ക്യാട്രി ഐശ്ചിക വിഷയമായി എടുത്തു പഠനം പൂർത്തിയാക്കിയതും അവളുടെ നിശ്ചയദാർഢ്യം കൊണ്ടുതന്നെ ആയിരുന്നു. എങ്കിലും വീട്ടുകാരുടെ നിര്ബ്ന്ധത്തിൽ വഴങ്ങി അവളൊരുവന്റെ മുന്നിൽ കഴുത്ത് നീട്ടാൻ തയ്യാറായി. അവളെ പോലെയൊരു ചിത്രശലഭത്തെ കൂട്ടിലടയ്ക്കാൻ കഴിയില്ല എന്നു അയാൾക്ക് തിരിച്ചറിയാൻ കഴിഞ്ഞില്ല. ഒരുപാട് സഹനങ്ങൾക്കും സങ്കടങ്ങൾക്കും ഒടുക്കം വിവാഹമോചനവും കഴിഞ്ഞു യാതൊരു സങ്കോചവും ഇല്ലാതെ മറ്റൊരു വിവാഹ ആലോചനയുമായി അവളുടെ മുന്നിൽ വന്ന വീട്ടുകാരോട് അവൾ തീർത്തു പറഞ്ഞു. നിങ്ങൾക്ക് വേണ്ടി ഞാൻ ഒരിക്കൽ കഴുത്ത് നീട്ടി. ഇനി ഒരു കയറു മുറുകുകയാണെങ്കിൽ അത് എനിക്കു വേണ്ടി മാത്രം.
അവൾ തയ്യാറായി കഴിഞ്ഞിരുന്നു. മിഥുനുമായി ഒരു ജീവിതത്തിനു അവളുടെ മനസ് തുടിച്ചു തുടങ്ങിയിരുന്നു. അവളുടെ ജീവിതത്തിൽ എത്രത്തോളം ഒരു ഭാഗമാവണം എന്നു തീരുമാനിക്കാനുള്ള സ്വാതന്ത്ര്യം അവൾ അവന് കൊടുത്തിരുന്നു. അവൻ ചെറുപ്പമാണ്. ഒരു ഭർത്താവായി അവളുടെ കൂടെ മുഴുവൻ സമയവും ഉണ്ടാവുക എന്നത് അവനോടു ചെയ്യുന്ന ഒരു ക്രൂരതയാണ് എന്നു അവൾ വിശ്വസിച്ചിരുന്നു. അങ്ങനെയാണ് സമൂഹം അനുശാസിച്ച യാതൊരു നിബന്ധനകളും ഇല്ലാത്ത ഒരു ദാമ്പത്യജീവിതം അവർ തുടങ്ങിയത്. ഒരു താലിയുടെ ബന്ധന പോലും ഇല്ലാത്ത ഒരു സ്നേഹബന്ധം.
കണ്ണുകൾ തുറക്കുമ്പോ ദേവി സോഫയിൽ കിടക്കുകയായിരുന്നു. അവളുടെ ലിവിംഗ് റൂമാണ്. സുപരിചതമായ ഗന്ധം, സുപരിചതമായ കാഴ്ചകൾ. എഴുന്നേറ്റ് ആദ്യം ശ്രദ്ധിച്ചത് അവളുടെ വയറാണ് ഇപ്പോഴും വീർത്ത് തന്നെ ഇരിക്കുന്നു. അവൾ കണ്ടത് ഒരു സ്വപ്നം മാത്രമാവാം. ഫാന്റം പ്രഗ്നൻസി എന്ന  ഒരു പേടിസ്വപ്നം മാത്രമാവാം. ഒരു നിമിഷം പ്രതീക്ഷകൾ അവളുടെ ഹൃദയത്തിലേക്ക് വീണ്ടും ഒലിച്ചിറങ്ങി. മനസ് ശാന്തമായി. ഹൃദയമിടിപ്പുകൾ താളത്തിലായി. അപ്പോഴാണ് അവൾ മുന്നിൽ ശ്രീജേഷിനെ കാണുന്നത്. അവൾ കിടന്നിരുന്ന സോഫയുടെ മുന്നിൽ ഒരു കസേര ഇട്ടു അവിടെ ഇരിക്കുകയാണ്. അവനാണ് അവളെ ആശുപത്രി പടിക്കൽ എത്തിച്ചത്. അവിടെ വച്ചാണ് അവൾ അവസാനമായി അവനെ കണ്ടത്.
ശ്രീജേഷ് അവളെ നിരീക്ഷിക്കുകയായിരുന്നു എന്നു അവൾക്കു മനസിലായി. അവന്റെ കയ്യിൽ കല്യാണ കുറിയുണ്ട്. രണ്ടാം വിവാഹത്തിന് ക്ഷണിക്കാനാണ് അവൻ ഇവിടെ വന്നത്. ഇവിടെ വന്നപ്പോൾ വളരെ സന്തോഷത്തോടെ അമ്മയാവാൻ തയ്യാറായി തുളുമ്പി നിൽക്കുന്ന ദേവിയെയാണ് അവൻ കണ്ടത്. അതൊരിക്കലും അവന് സഹിക്കാവുന്നതായിരുന്നില്ല. അസൂയ തോന്നിക്കും വിധം സന്തോഷകരമായി ജീവിക്കുന്ന ദേവിയുടെ സമാധാനം തല്ലിക്കെടുത്തണം എന്നു അവന് തോന്നിയിരിക്കാം. അങ്ങനെയാണ് അവൻ അവളുടെ ഗർഭത്തെപ്പറ്റി സംശയം പ്രകടിപ്പിച്ചു തുടങ്ങിയത്. തേർഡ് ട്രൈമെസ്റ്റർറിന്മുന്നേ ഗർഭിണി കാണിക്കേണ്ട ലക്ഷണങ്ങൾ അവളിൽ കാണുന്നില്ല എന്ന് അവൻ പറഞ്ഞു. അവനും ഒരു ഡോക്ടർ ആണല്ലോ. അവളുടെ ഉള്ളിൽ ഒരു കുഞ്ഞില്ല എന്നു ഒരിക്കലും അവൻ തുറന്നു പറഞ്ഞില്ല. പക്ഷേ ഒരു വിശദ പരിശോധന വേണം എന്നു നിർബന്ധിച്ചു. അവളെ ഹോസ്പിറ്റലിൽ എത്തിച്ചു. പയ്യേ കിടപ്പിൽ നിന്നു എഴുന്നേറ്റ് അവൾ അവനെ നോക്കി കൊണ്ടുതന്നെ നേരെ ഇരുന്നു. ഇപ്പോഴും ഒരു ശ്രദ്ധ വയറ്റിലേക്ക് പോവുന്നുണ്ട് അറിയാതെ. കുഞ്ഞിനു ഒന്നും സംഭവിക്കാൻ അനുവദിക്കാതെ കാലുകൾ പയ്യെ വളച്ച്. ചെയ്തത് എന്താണ് എന്നു മനസ്സിലായതും അവളുടെ ഹൃദയം ഒന്നു പിടഞ്ഞു. പക്ഷേ അവന്റെ മുന്നിൽ സങ്കടം കാണിക്കാൻ അവളുടെ മനസ് അനുവദിച്ചില്ല.
''തനിക്കറിയാല്ലോ, ഇതൊരു വലിയ കാര്യമല്ല. ഒരുപാട് സ്ത്രീകൾ ഇങ്ങനെ... താൻ ഒന്നു ആലോചിച്ചു നോക്ക്. തേർഡ് ട്രൈ മെസ്റ്റർ ആവുന്ന സമയത്ത് ഗർഭിണിയുടെ വയർ ഇത്രയേ ഉണ്ടാവുള്ളോ. ഐ മീൻ... താൻ റിസർച്ച് ചെയ്യുന്നത് മനഃശാസ്ത്രം ആണെങ്കിലും താനുമൊരു സയന്റിസ്റ്റ് അല്ലേ... സ്കാനിംഗിൽ ഗർഭപാത്രത്തിൽ കുട്ടിയെ കണ്ടില്ല, പോട്ടെ ഫെല്ലോപ്പിയൻ ട്യൂബിലും കണ്ടില്ല. എന്നിട്ടും താൻ ഒരു ഡോക്ടറെ എന്തു കൊണ്ട് കൺസൾട്ട് ചെയ്തില്ല. തന്റെ ഫ്രസ്ട്രേഷൻ എനിക്കു മനസിലാവും. പക്ഷേ യാഥാർത്ഥ്യം നമ്മൾ മനസിലാക്കണ്ടേ...""
ദേവി ഒന്നും മിണ്ടാതെ കേട്ടിരിക്കുകയാണ്. അവളെ ആദ്യമായിട്ടാണ് ശ്രീജേഷിന് ഇങ്ങനെ നിശബ്ദമായി കിട്ടുന്നത്. ഭാര്യഭർത്താക്കന്മാരായി കഴിഞ്ഞിരുന്ന കാലമത്രയും ദേവിയെ ഇങ്ങനെ നിശബ്ദമായി ഇരുത്താൻ അവന് സാധിച്ചിട്ടില്ല.ഇന്ന് അവൾക്ക് വാക്കുകൾ കിട്ടുന്നില്ലായിരുന്നു. അവൾ വേദനയോടെ എല്ലാം കേട്ടിരുന്നു. അവളുടെ മനസ് മുഴുവൻ മിഥുനായിരുന്നു. അവനോടു ഇതെല്ലാം എങ്ങനെ പറയും. എന്നും രാവിലെ അവൻ ആ വയറിൽ ചുംബിച്ചിരുന്നു. കുഞ്ഞിനോട് സംസാരിച്ചിരുന്നു. ഇതൊരു ഫാന്റം പ്രഗ്നൻസി ആണെന്ന് ശ്രീജേഷ് സ്ഥാപിക്കുമ്പോഴും ഇത്രയും നാൾ അത് തിരിച്ചറിയാത്ത അവളെ കുറ്റപ്പെടുത്തുമ്പോഴും എല്ലാം അവളുടെ മനസിൽ ഒരു ചോദ്യമേ ഉണ്ടായിരുന്നുള്ളൂ. മിഥുനോട് എന്തു പറയും.
ശ്രീജേഷ്  മിഥുനെ പരിചയപ്പെട്ടിരുന്നില്ല. തന്നെക്കാൾ ഒരുപാട് ചെറുപ്പമാണ് മിഥുൻ എന്നു ഒരു സൂചന അവൾ ശ്രീജേഷിന് നേരത്തെ കൊടുത്തിരുന്നു. അതൊന്നും പക്ഷേ അയാൾ കാര്യമാക്കിയില്ല. ഒരു കുട്ടിയെ നോക്കാനുള്ള പക്വത അവന് ഉണ്ടോ എന്നു മാത്രം ചോദിച്ചു. ഉണ്ട് എന്നു അഭിമാനത്തോടെ അവൾ മറുപടി പറഞ്ഞു. അത്രയും മതി എന്നു ശ്രീജേഷ് മറുപടി പറഞ്ഞു. ഒത്തു പോവാൻ ആയില്ലെങ്കിലും ശ്രീജേഷും  ദേവിയെ പോലെ തന്നെ തുറന്ന ചിന്താഗതി ഉള്ള ഒരു വ്യക്തിയായിരുന്നു.
ദേവിയുടെ മനസ് ഇപ്പോഴും അവൾക്ക് തിരിച്ചുകിട്ടിയിരുന്നില്ല. ഒടുവിൽ ദേവി പൊട്ടിക്കരഞ്ഞു. ശ്രീജേഷ് പറഞ്ഞ കാര്യങ്ങൾ കേട്ടിട്ട് ആയിരുന്നില്ല. ഒന്നിച്ചുള്ള അവരുടെ ജീവിതത്തിൽ അവന്റെ കുറ്റപ്പെടുത്തലുകളും കുത്തുവാക്കുകളും അവൾ ഒരുപാട് കേട്ടു കഴിഞ്ഞിരുന്നു. അവളുടെ മനസ് മുഴുവൻ മിഥുനായിരുന്നു. ഇതെങ്ങനെ അവനെ മനസിലാക്കുമെന്ന് അവൾക്ക് അറിയില്ലായിരുന്നു. സ്വന്തം മനഃ സാന്നിധ്യത്തിൽ ഒത്തിരി അഹങ്കരിച്ചിട്ടുള്ള താൻ തന്നെ ഇങ്ങനെ... ഫാന്റം പ്രഗ്നൻസി എന്നത് 40 വയസുകഴിഞ്ഞ യുവതികൾക്കിടയിൽ കണ്ടു വരുന്ന ഒരു മനോരോഗം ആണ്. ഇനി ഒരിക്കലും ഒരു അമ്മയാവാൻ കഴിയില്ല എന്ന വിശ്വാസത്തിൽ നിന്നു ഉണ്ടാകുന്ന ഒരു വിഭ്രാന്തി. ഗർഭധാരണത്തിന് മുന്നേ തന്നെ താൻ ഒരു കുട്ടിയെ വയറ്റിൽ പേറി നടക്കുകയാണെന്ന തോന്നൽ. ഫാന്റം പ്രഗ്നൻസി അനുഭവിക്കുന്ന യുവതികൾ ഗർഭധാരണത്തിന്റേതായ എല്ലാ ലക്ഷണങ്ങളും കാണിച്ചു പോരും. ചിലപ്പോൾ വയർ വീർക്കുകയും ചെയ്യും. അതുകൊണ്ട് തന്നെ അവരെ മറിച്ച് വിശ്വസിപ്പാൻ വളരെ ബുദ്ധിമുട്ടാണ്. ഇത്തരം പ്രഗ്നൻസി കേസുകളെ പറ്റി ദേവി പഠിച്ചിട്ടുണ്ട്, സെമിനാറുകൾ എടുത്തിട്ടുണ്ട്. പക്ഷേ ഒരിക്കലും തന്റെ മനസ് തന്നെ ഇങ്ങനെ കബളിക്കും എന്നു അവൾ കരുതിയില്ല.
അവളുടെ മുഖത്തെ കണ്ണുനീർ കണ്ടിട്ടാവാം ശ്രീജേഷിന് കൂടുതൽ ഒന്നും പറയാൻ കഴിയുന്നില്ലായിരുന്നു. അവളുടെ വേദന എന്തു കൊണ്ടോ അവന് മനസിലാവുന്നുണ്ടായിരുന്നു. എത്ര അഭിപ്രായ വത്യാസങ്ങൾ ഉണ്ടായിരുന്നെങ്കിലും അവളുടെ കഴിവിൽ ശ്രീജേഷിന് യാതൊരു സംശയവും ഉണ്ടായിരുന്നില്ല. ഈ കാലമത്രയും ഇത്രയും ചിന്താശേഷി ഉള്ള ഒരു വ്യക്തിയെ അയാൾ കണ്ടിട്ടുണ്ടായിരുന്നില്ല. പലപ്പോഴും അവളുടെ ബുദ്ധിസാമർത്ഥ്യത്തിന് മുന്നിൽ തോൽക്കുന്നത് തന്നെ കാണേണ്ടി വന്നിരുന്നു. അവളുടെ ശക്തമായ മനസ് തന്നെ ആയിരുന്നു ശ്രീജേഷ് ആദ്യം പ്രണയിച്ചത്. ആ മനസ് തന്നെ പിന്നീട് അവരുടെ ജീവിതത്തിനു വിനയാവുകയായിരുന്നു. അവരുടെ ജീവിതത്തിലെ ഓരോ തീരുമാനങ്ങളും ദേവി ഓരോ കേസ് സ്റ്റഡി ആക്കുകയായിരുന്നു. കൗതുകത്തോടെ ആദ്യമൊക്കെ നോക്കി കണ്ടുവെങ്കിലും  ജീവിതം വളരെ വേഗം തന്നെ അസ്വസ്ഥമാവുകയായിരുന്നു.
ശ്രീജേഷ് അവളോടു കിടന്നു കൊള്ളാൻ പറഞ്ഞു. താൻ ഇറങ്ങുകയാണെന്നും അവൾ സമ്മതിക്കുകയാണെങ്കിൽ മിഥുനെ ഇതെല്ലാം താൻ തന്നെ അറിയിച്ചു കൊള്ളാം എന്നും അവളോടു പറഞ്ഞു. പക്ഷേ അത് ദേവിക്ക് അംഗീകരിക്കാൻ ആവില്ലായിരുന്നു. അവളുടെ  ഈഗോ അത് അനുവദിക്കുന്നില്ലായിരുന്നു. ദേവിയെ കട്ടിലിൽ കിടത്തി അരികിൽ കുറച്ചു വെള്ളവും വച്ച് അവൻ തിരികെ സോഫയിൽ കുറച്ചു നേരം ഇരുന്നു. അവളെ അവിടെ ഒറ്റയ്ക്ക് കിടത്തിയിട്ട് ഇറങ്ങാൻ അവന് ചെറിയ മടിയുണ്ട്. എന്തൊക്കെ ആയാലും ഒരുപാട് വർഷങ്ങൾ അവളെ സ്നേഹിച്ചതല്ലെ. മിഥുനെ വിളിച്ചാലോ എന്നായി ശ്രീജേഷിന്റെ ആലോചന. അവനെ വിളിച്ച് വരുത്തിയാൽ കുറച്ചു സമാധാനമായി ഇറങ്ങാമായിരുന്നു. അങ്ങനെ ഒന്നു കൂടി ആലോചിച്ച ശേഷം അവളുടെ ഫോൺ എടുത്തു. അത് ലോക്ക് ചെയ്തിരുന്നു. ഒന്ന് മടിച്ച ശേഷം അവളുടെ വിരൽ വച്ച് ഫോൺ അൺ ലോക്ക് ചെയ്തു. അപ്പോഴേക്കും അവൾ ഉറങ്ങിയിരുന്നു.
മിഥുന്റെ നമ്പർ തന്നെ ആയിരുന്നു റീസെന്റ് കോൾസിൽ ആദ്യം. ഒരുപാട് തവണ വിളിച്ചത് കാണാമായിരുന്നു. ഒരു നിമിഷം മനസിൽ അസൂയ തോന്നിയെങ്കിലും ഒന്നു ആലോചിച്ചപ്പോൾ അവൾക്ക് നല്ലൊരു ജീവിതം കിട്ടിയതിൽ കുറച്ചു സന്തോഷം തോന്നി. ശ്രീജേഷ് മിഥുന്റെ നമ്പർ ഡയൽ ചെയ്തു. ഫോൺ നിലവിലില്ല എന്നു പറഞ്ഞു കൊണ്ടേ ഇരുന്നു. ഒടുവിൽ അവൻ നംബർ ഒന്നു പരിശോധിച്ചു. ശ്രീജേഷ് തെല്ല് സംശയത്തോടെ അവളുടെ വാട്സാപ്പ് തുറന്നു നോക്കി. മിഥുന്റെ ചാറ്റ് ആയിരുന്നു ഏറ്റവും ആദ്യം. അവളയച്ച ഒരുപാട് മെസേജുകൾ ഡെലിവർ ആവാതെ കിടക്കുന്നു. തിരികെ മെസേജ് ഒന്നും വന്നിട്ടില്ല. ശ്രീജേഷ് സോഫയിൽ ഇരുന്നു. അവൻ പയ്യെ എഴുന്നേറ്റ് അവളുടെ ഫ്ളാറ്റ് മുഴുവൻ പരിശോധിച്ചു. അവിടെ മിഥുന്റേതായ ഒന്നും കാണുന്നില്ലായിരുന്നു. അങ്ങനെ ഒരാൾ അവിടെ ജീവിച്ചിരുന്നതായി ഒരു തെളിവും അവന് കിട്ടിയില്ല. അവളുടെ അലമാരയിൽ പുരുഷന്റെ ഒരു വസ്ത്രം പോലും ഉണ്ടായിരുന്നില്ല. അവളുടെ അടുക്കളയിൽ ഒരാൾ കഴിച്ച പാത്രം മാത്രമേ ഉണ്ടായിരുന്നുള്ളൂ. തെല്ലു സംശയത്തോടെ അവൻ കഴുകാൻ വെച്ചിരിക്കുന്ന വസ്ത്രങ്ങൾ ഇട്ടിരിക്കുന്ന കൊട്ടയിൽ പരിശോധിച്ചു. അവിടെയും അവളുടെ വസ്ത്രങ്ങൾ മാത്രം. സംശയത്തോടെ തിരിഞ്ഞതും പുറകിൽ ദേവി നിൽക്കുന്നുണ്ടായിരുന്നു. ചെറുതായി ഞെട്ടിയെങ്കിലും അവൻ പതറിയില്ല. അവൾ അവനെ ദേഷ്യത്തോടെ നോക്കുകയാണ്.
''വാട്ട് ഇസ് ദിസ്""
ദേവി ആക്രോശിക്കുകയാണ്.
ശ്രീജേഷ് ഒന്നു പരുങ്ങി. അവന് നല്ലൊരു മറുപടി ഇല്ലായിരുന്നു പറയാൻ. എന്തു തന്നെ ആയാലും അവരുടെ മുഷിഞ്ഞ വസ്ത്രങ്ങൾ പരിശോധിക്കാൻ മാത്രം അടുപ്പം അവന് ഈ കുടുംബത്തോടില്ല.
''തന്നെ ഇവിടെ ഒറ്റയ്ക്ക് ഇരുത്തി പോവാൻ തോന്നിയില്ല. മിഥുനെ വിളിക്കാം എന്നു കരുതി തന്റെ ഫോൺ നോക്കി പക്ഷേ ആ നമ്പർ...""
''ഡിഡ് യു ടേക് മൈ ഫോൺ. എന്റെ ഫോൺ എടുത്തോ""
അവൾ വളരെ ദേഷ്യത്തിലായിരുന്നു.
''യു നെവർ അണ്ടർസ്റ്റൂഡ് ദി മീനിംഗ് ഒഫ് പ്രൈവസി.""
ക്ഷുഭിതയായി അവൾ വലതു വശത്തേക്ക് ഒന്നു മയത്തിൽ നോക്കി.
''വേണ്ട മിഥുൻ. ഇത് ഞാൻ ഹാൻഡിൽ ചെയ്തോളാം.""
''സോറി. ഞാൻ. എന്തോ...""
എന്നു പറഞ്ഞതിന് ശേഷം ഒരു നിമിഷം ശ്രീജേഷ് ഒന്നു അമ്പരന്നു. ദേവി അവസാനം പറഞ്ഞത് അവൻ ശ്രദ്ധിച്ചില്ലായിരുന്നു. ശ്രീജേഷ് അമ്പരന്നു ഇരിക്കുകയാണ്. അവന് മനസിലാവുന്നില്ല.
''ദേവി ഞാൻ മിഥുന്റെ നമ്പർ ഒരുപാട് തവണ വിളിച്ചു. അത് തെറ്റായ നവംബർ ആണ്... ഐ മീൻ ഇറ്റ്സ് ജസ്റ്റ്... അതൊരു.. അങ്ങനെ ഒരു നമ്പർ എങ്ങനെ...""
ശ്രീജേഷ് പരമാവധി വിവരിക്കാൻ ശ്രമിച്ചു.
''പ്ലീസ് ടെൽ മി ദി ട്രൂത്ത്. സത്യത്തിൽ അങ്ങനെ ഒരാൾ...""
ദേവി അവളുടെ വലതു വശത്തേക്കു ഒന്നു നോക്കി.
'''നിന്റെ ഫോണിതു വരെ ശരിയാക്കിയില്ലേ. എത്ര നാളായി ഞാൻ പറയുന്നു.""
''ദേവി നീ എന്താ ഈ പറയുന്നെ? നീ ആരോടാ?""
ശ്രീജേഷ് ആകെ ഭയന്നിരിക്കയാണ്.
''ആർ യു ബ്ലൈന്റ്. തനിക്ക് കണ്ണു കാണില്ലേ?""
ദേഷ്യത്തോടെ ശ്രീജേഷിനോട് ആക്രോശിച്ചു അവൾ വലതു വശത്തേക്ക് നോക്കി സ്നേഹത്തോടെ
'''സോറി മിഥുൻ. ഐ പ്രോമിസ് യു. ഇയാൾ ഇപ്പോ ഇങ്ങനെ ഒക്കെ ആണ് എന്നു അറിഞ്ഞിരുന്നെങ്കിൽ ഞാൻ ഇവിടെ റെസ്റ്റ് എടുത്തോളാൻ പറയില്ലായിരുന്നു.""
ശ്രീജേഷ് വളരെ വേദനയോടെ അവളുടെ വലതു വശത്തേക്ക് ഒന്നു നോക്കി നിന്നു പോയി. അവിടെ ആരും ഉണ്ടായിരുന്നില്ല. പക്ഷേ ദേവി... എന്തു പറയണം എന്നു അവനറിയില്ലായിരുന്നു. എങ്ങനെ അവളെ മനസിലാക്കിക്കണം എന്നും. ഒരു പക്ഷേ തനിക്ക് ശ്രദ്ധിക്കാമായിരുന്നു,തിരിച്ചറിയാമായിരുന്നു. അവളെ സ്നേഹിച്ചു നടന്ന കാലമത്രയും അവളെ മനസ്സിലാക്കാമായിരുന്നു. അവളുടെ ആത്മവിശ്വാസത്തിനും മനസ്സാന്നിദ്ധ്യത്തിനും മറവിൽ ഒരു നിക്ഷ്കളങ്കത ഉണ്ടായിരുന്നു എന്നു അവൻ കരുതിയില്ല.അവൻ പയ്യെ എഴുന്നേറ്റു. ചെയ്ത കാര്യങ്ങൾക്കു അവളോടു മാപ്പ് പറഞ്ഞു. മനസിൽ ഒരുപാട് ചോദ്യങ്ങൾ അവനെ അലട്ടി കൊണ്ടിരുന്നു. അവളോടു യാത്ര പറഞ്ഞു അവൻ പുറത്തേക്കിറങ്ങി. ദിയയുടെ കോൾ അവന് വരുന്നുണ്ടായിരുന്നു. ശ്രീജേഷ് കല്യാണം കഴിക്കാനിരിക്കുന്ന കുട്ടിയാണ് ദിയ. അവൻ എവിടെയാണെന്ന് വളരെ ഗൗരവത്തോടെ അവൾ ചോദിച്ചു. ഒരു കോളേജ് പ്രൊഫസറുടെ ഗാംഭീര്യം ശബ്ദത്തിലുണ്ട്. ഒരു കൂട്ടുകാരന്റെ വീട്ടിലാണ്. കല്യാണം വിളിക്കാൻ വന്നതാണ്. ഇപ്പോ തിരികെ പോവുന്നു എന്നു മറുപടി.
മിഥുൻ വളരെ വിഷമത്തിലായിരുന്നു. ശ്രീജേഷ് അവനെ കണ്ടതായി പോലും ഭാവിച്ചില്ല. തന്റെ പ്രായം ആവാം പ്രശ്നം എന്നു അവൻ പറഞ്ഞു. ചെറുതായി മുന്നറിയിപ്പ് കൊടുത്തിരുന്നെങ്കിലും ശ്രീജേഷ് ഇത്രയും പ്രതീക്ഷിച്ചു കാണില്ല എന്നു അവൾ അവനെ ആശ്വസിപ്പിച്ചു. മറ്റുള്ളവർ എന്തു കരുതും എന്നു കരുതിയല്ലല്ലോ ഈ ബന്ധം തുടങ്ങിയത്. പിന്നെന്തിന് ഇതോർത്തു വിഷമിക്കണം എന്നു അവൾ അവനോടു ചോദിച്ചു. പക്ഷേ ശ്രീജേഷിന്റെ അവഗണനയുടെ കാരണം അവന് വ്യക്തമായി അറിയാമായിരുന്നു. അവളെ ചുംബിച്ചു കൊണ്ട് അവൻ പറഞ്ഞു. മുഖത്ത് ഒരു ചിരിയും ഉണ്ട്.
''അസൂയ ആടീ.""
അവളും ചിരിച്ചു. പെട്ടന്നു വയറ്റിൽ ചെറിയൊരു അനക്കം അവൾക്ക് അനുഭവപ്പെട്ടു. ഒരു കസേരയിൽ ഇരുന്നു അവനോടു വയറിൽ തല ചായ്ക്കാൻ പറഞ്ഞു. അവരുടെ കുഞ്ഞിന്റെ കൊച്ചു അനക്കങ്ങളും ഞരക്കങ്ങളും ആസ്വദിച്ച് അങ്ങനെ അവർ ഇരുന്നു...