 
പഴയ പുസ്തകങ്ങൾ തിരയുന്നതിനിടയിൽ പൊടിയടിച്ച് തുമ്മുന്നവരെയും തണുത്ത ആഹാരം കഴിക്കുമ്പോൾ നിറുത്താതെ തുമ്മുന്നവരെയും കണ്ടിട്ടില്ലേ. അലർജിയാണ് അവരുടെ പ്രശ്നം. ചില കാര്യങ്ങൾ ശ്രദ്ധിച്ചാൽ ആ തുമ്മലിൽ നിന്നും രക്ഷപ്പെടാം. മൂക്കൊലിപ്പ്, തുമ്മൽ, മൂക്കടപ്പ്, വാസനക്കുറവ് എന്നിവയാണ് സാധാരണ കണ്ടുവരുന്ന ലക്ഷണങ്ങൾ. ചിലരിൽ കഫക്കെട്ട്, ആസ്തമ, മൂക്കിലെ ദശയുടെ വളർച്ച എന്നിവയും ഉണ്ടാവാം.
എങ്ങനെ അലർജിയെ പ്രതിരോധിക്കാം? 
ചെറുപ്രാണികൾ വളരുവാൻ പറ്റാത്ത തരത്തിലുള്ള തുണിത്തരങ്ങളുപയോഗിച്ചുള്ള കിടക്കയോ തലയണയുറയോ ഉപയോഗിക്കുന്നത് നല്ലതാണ്. എല്ലാ ആഴ്ചയും വിരികൾ, പുതപ്പുകൾ എന്നിവ നല്ല ചൂടു വെള്ളത്തിലിട്ട് കഴുകണം.
	-  നിലങ്ങളിൽ പരവതാനിയുപയോഗിക്കാതിരിക്കുക, ഭാരമില്ലാത്ത തുണികൊണ്ടുള്ള കർട്ടനുപയോഗിക്കുന്നതും നല്ലതു തന്നെ.
-  നല്ല നിലവാരമുള്ള ഫിൽട്ടറുള്ള വാക്വം ക്ളീനറുപയോഗിച്ച് രണ്ടാഴ്ചയിൽ കൂടുമ്പോഴെങ്കിലും വീട് മൊത്തം വൃത്തിയാക്കണം.
- എല്ലാ പ്രതലങ്ങളും നനഞ്ഞ തുണികൊണ്ട് തുടയ്ക്കുക.
- തുണി കൊണ്ടുള്ള കളിപ്പാട്ടങ്ങളും ഇടയ്ക്കിടെ കഴുകുക.
- വായുസഞ്ചാരം ഉറപ്പുവരുത്തുക. ഇതിന് എക്സ്ഹോസ്റ്റ് ഫാൻ സഹായകരമാകും. വാതാവരണത്തിന്റെ ജലാംശം 50 ശതമാനത്തിൽ താഴെ കുറയ്ക്കുവാൻ വേണ്ടി ഡീ ഹ്യൂമിഡി ഫയർ ഉപയോഗിക്കുന്നതു നന്നായിരിക്കും. 
- വീടിനുള്ളിൽ സാധനങ്ങൾ വൃത്തിയോടുകൂടി വയ്ക്കുക. പാറ്റ പോലുള്ള ചെറുപ്രാണികൾ വീട്ടിനകത്ത് വരാതിരിക്കാൻ പ്രത്യേകം ശ്രദ്ധിക്കുക.
-  വളർത്തു മൃഗങ്ങളെ മുറിയിൽ കയറ്റാതിരിക്കുക.
- വീട് വൃത്തിയാക്കുന്ന അവസരങ്ങളിൽ തീർച്ചയായും വായും മൂക്കും മൂടിവയ്ക്കുക.
-  ചികിത്സയുടെ ഭാഗമായി വിസ്തരിച്ചുള്ള വിവരങ്ങൾ നിങ്ങളുടെ കുടുംബ ഡോക്ടർ അല്ലെങ്കിൽ ഫാമിലി മെഡിസിൻ സ്പെഷ്യലിസ്റ്റിന് നൽകുക. 
- തൊലി കുത്തിയുള്ള അലർജിയുടെ പരിശോധന, രക്തത്തിൽ എച്ച്.ബി, ഈസിനോഫിൽ കോശങ്ങളുടെ അളവ്, അലർജിയുണ്ടാക്കുന്ന പദാർത്ഥങ്ങൾ കൊണ്ടുള്ള ആഹ്വാനം എന്നീ പരിശോധനകൾ വഴി രോഗം സ്ഥിരീകരിക്കാം. 
- ഗുളികകൾ, മൂക്കിൽ വലിക്കുന്ന മരുന്നുകൾ, കുത്തിവയ്പുകൾ എന്നിവ ഉപയോഗിച്ച് അലർജിയുടെ പ്രശ്നം നിയന്ത്രണത്തിലാക്കാം. ഈ മരുന്നുകൾ നീർക്കെട്ട് കുറയ്ക്കുകയും മദ്ധ്യസ്ഥ പദാർത്ഥങ്ങളുടെ ഉൽപ്പാദനം കുറച്ച് ലക്ഷണങ്ങളിൽ നിന്നു മുക്തി നൽകുന്നു. രോഗനിവാരണത്തിനുള്ള മരുന്നുകളും എടുത്ത് രോഗപ്രതിരോധം നടത്താം.