story

സുകുമാരൻ സാറിന്റെ മൃതശരീരം കടൽത്തീരത്ത് കാണപ്പെട്ടു. വാർത്ത കാട്ടുതീ പോലെ നാടാകെ പടർന്നു പലരും ആ മരണവാർത്ത അംഗീകരിക്കാൻ കൂട്ടാക്കാതെ വീണ്ടും വീണ്ടും ചോദ്യങ്ങൾ ഉന്നയിച്ചുകൊണ്ടിരുന്നു. സുകുമാരൻ സാറിന്റെ ഗ്രാമം വല്ലാതെ തേങ്ങി. ആ ഗ്രാമത്തിന്റെ സ്‌പന്ദനമായിരുന്നു സുകുമാരൻ സാർ. പാവപ്പെട്ടവരുടെ ദുരിതങ്ങൾ പങ്കുവയ്‌ക്കുക സാറിന്റെ ജീവിത ശൈലിയായിരുന്നു. അടിച്ചമർത്തപ്പെട്ടവരുടെ നീതിയ്‌ക്കു വേണ്ടി നിരന്തരം പടപൊരുതിയ ഒരു സമരജീവിതം. തന്റെ ചുറ്റും നിറഞ്ഞു പാർക്കുന്ന പട്ടിണിക്കാരായ കയർ കശുവണ്ടി തൊഴിലാളികളുടെ കാണപ്പെട്ട ദൈവമായിരുന്നു സുകുമാരൻ സാർ. കടൽത്തീരത്ത് നിന്ന് മൃതശരീരം സാറിന്റെ വീട്ടുമുറ്റത്ത് എത്തിച്ചവർ മാറി നിന്നു. നാടാകെ സുകുമാരൻ സാറിന്റെ ചേതനയറ്റ ശരീരം ഒരു നോക്കു കാണാൻ ജനം തിക്കി തിരക്കി നിറഞ്ഞു. അണപൊട്ടി ഒഴുകിയ ജനക്കൂട്ടം എല്ലാവരെയും അമ്പരപ്പിച്ചു.
സുദീർഘമായ തന്റെ രാഷ്ട്രീയ പ്രവർത്തനങ്ങൾക്കിടയിൽ ഒരിക്കൽപോലും പഞ്ചായത്തു മെമ്പർ പോലും ആകാതെ ഒരു സാധാരണക്കാരനായി ജീവിച്ചു വിടപറഞ്ഞ സുകുമാരൻ സാറിന് എങ്ങനെ ഇത്രയും ജനസ്വാധീനം സമ്പാദിക്കാൻ കഴിഞ്ഞുവെന്നത് ഒരു വിസ്‌മയമായി എല്ലാവർക്കും അനുഭവപ്പെട്ടു. കോടീശ്വരന്മാരായ വ്യവസായികളോ സമൂഹത്തിലെ സമ്പന്നരോ സാമുദായിക പ്രമാണിമാരോ മന്ത്രിമാരോ ഉന്നത ഉദ്യോഗസ്ഥന്മാരോ ആ വീട്ടുമുറ്റത്ത് എത്തിയില്ല. ആരവങ്ങളും ആചാരങ്ങളും വഴിമാറി നിന്ന സമയം സുകുമാരൻ സാറിന്റെ മൃതശരീരം ചിതയിലേയ്‌ക്ക് മാറ്റി. ഒരു വൻ ജന സമൂഹം സുകുമാരൻ സാറിന്റെ ചിത എരിഞ്ഞടങ്ങുന്നത് വിങ്ങിപ്പൊട്ടുന്ന മനസ്സുമായി നോക്കി നിന്നു.
ജനം പരസ്‌പരം ഇപ്രകാരം പറഞ്ഞു.

''നമ്മുടെ സുകുമാരൻ സാർ പോയി. ഇത് പോലെ കറകളഞ്ഞ ഒരു കമ്മ്യൂണിസ്റ്റുകാരനെ ഇനി നമുക്ക് എന്നു കിട്ടും?.""
സംഭവബഹുലമായിരുന്നു സാറിന്റെ ജീവിതം. വിദ്യാർത്ഥി ജീവിതകാലം മുതൽ പ്രക്ഷോഭകാരിയായിരുന്നു. നിലവിലുള്ള സാമൂഹ്യ വ്യവസ്ഥിതികളോട് എന്നും കലഹിച്ചു നടന്നതായിരുന്നു തന്റെ വിദ്യാർത്ഥി ജീവിതം. ദേശീയ സ്വാതന്ത്ര്യ സമരത്തിന്റെയും, സാമൂഹ്യ നീതിയ്‌ക്കുവേണ്ടിയുള്ള നവോദ്ധ്വാന പ്രസ്ഥാനത്തിന്റെയും അലയടിച്ചുയർന്ന സ്‌ഫോടനാത്മകമായ രാഷ്ട്രീയകാലാവസ്ഥയിൽ തന്റെ വിദ്യാഭ്യാസം പൂർത്തിയാക്കി രാഷ്ട്രീയ രംഗത്ത് നില ഉറപ്പിക്കാനാഗ്രഹിച്ചെങ്കിലും ഒരു സർക്കാർ ജോലി സ്വീകരിക്കാൻ നിർബന്ധിതനായി. താനാഗ്രഹിച്ചതു പോലെ സാറിനെ കമ്മ്യൂണിസ്റ്റ് മുദ്രകുത്തി സർക്കാർ പിരിച്ചു വിട്ടു.
''എനിക്ക് അതൊരനുഗ്രഹമായി തീർന്നു. ബന്ധനങ്ങളെല്ലാം പൊട്ടിച്ചുകൊണ്ട് ഒരു കൊടുങ്കാറ്റു പോലെ രാഷ്ട്രീയ രംഗത്ത് കടന്നു കയറാൻ ഞാനാഗ്രഹിച്ചു.""

പിൽക്കാലത്ത് തന്റെ സഹപ്രവർത്തകരോട് അനുഭവങ്ങൾ പങ്കുവയ്‌ക്കുമ്പോൾ സുകുമാരൻ സാർ തന്റെ ജീവിതാനുഭവങ്ങൾ ഓർത്തെടുക്കുകയായിരുന്നു.
പട്ടിണി പാവങ്ങൾക്കായി അവസാനം നിമിഷംവരെ സമരം ചെയ്യുക. എല്ലാ പേർക്കും സാമൂഹ്യ നീതി ഉറപ്പാക്കുന്ന ഒരു വ്യവസ്ഥിതി കെട്ടിപ്പടുക്കുക. ഈ വഴികളെല്ലാം കനൽ വഴികളാണെന്ന് സാർ മനസിലാക്കിയിരുന്നു. എങ്കിലും വഴി മാറി നടക്കാൻ സാർ കൂട്ടാക്കിയില്ല. ഒരു സാധാരണ മനുഷ്യ ജീവിതത്തിൽ സ്വാഭാവികമായി സംഭവിക്കാവുന്ന വിവാഹം, കുട്ടികൾ, ഇതെല്ലാം സുകുമാരൻ സാറിന്റെ ജീവിതത്തിലും യാഥാർത്ഥ്യങ്ങളായി മാറി. ആ ഗ്രാമത്തിൽ ആഡംബരങ്ങളും ആർഭാടവുമില്ലാത്ത ഒരു കൊച്ചുവീട്ടിൽ സാറിന്റെ ജിവിതം മുന്നോട്ടു നീങ്ങി, എത്രയോപകലുകൾ നിശബ്ദമായി എരിഞ്ഞടങ്ങി. എത്രയോ സൂര്യോദയങ്ങൾ കടന്നു പോയി. സാറിന്റെ വഴികളിലൂടെ സഞ്ചരിക്കുന്ന സ്‌നേഹസമ്പന്നയായ ഭാര്യയും വാത്സല്യനിധിയായ അമ്മയും ഒരു മകൻ, ഒരു മകൾ, കൊച്ചു കുടുംബം. ആ കൊച്ചു ലോകത്ത് ജീവിച്ചു കൊണ്ട് സാർ സർവരാജ്യ തൊഴിലാളി വർഗത്തിന്റെ മോചനത്തിന് വേണ്ടിയുള്ള സമരപഥങ്ങളിലേയ്‌ക്ക് യാത്ര ആരംഭിച്ചു.
തന്നോടൊപ്പം പ്രസ്ഥാനത്തിൽ നിന്നവരല്ലൊം പലതും നേടി. അധികാരസ്ഥാനങ്ങളിലെത്തി. പ്രസ്ഥാനത്തിൽ തന്നെ ഉന്നതപദവികൾ അവർക്ക് നേടാൻ കഴിഞ്ഞു. പണവും പ്രതാപവും കൊണ്ടു വെട്ടിത്തിളങ്ങുന്ന വഴികൾ തേടി പോകുന്നുവരെ കണ്ട് സാറിന്റെ ഹൃദയം നീറി. തന്റെ പ്രസ്ഥാനം പാവപ്പെട്ടവരിൽ നിന്ന് മെല്ലെ മെല്ലെ അകന്നു പോകുന്നതിൽ മനസുനീറി. ആദർശജീവിതം ആധുനിക ലോകത്ത് ഒരു പരാജയമാണെന്ന് പലപ്പോഴും തോന്നി. എങ്കിലും തന്റെ ആദർശങ്ങളിൽ മുറുകെ പിടിച്ചുകൊണ്ട് ജിവിത ക്ലേശങ്ങളെല്ലാം മറക്കാൻ ശ്രമിച്ചു.
എന്നാൽ തന്റെ പ്രസ്ഥാനത്തിൽ മാത്രമല്ല, തന്റെ കുടുംബത്തിലും താൻ ഒരധികപ്പറ്റാണെന്ന് തോന്നിയ നിമിഷങ്ങളിൽ തന്റെ മനസ് വല്ലാതെ നീറി പിടഞ്ഞു. മകളുടെ വിവാഹാലോചനകൾ നടന്നു. വിവാഹത്തിനാവശ്യമായ ആഭരണങ്ങൾ, വസ്ത്രം, വിവാഹ ചെലവ് എന്നീ കാര്യങ്ങൾ അമ്മയും മക്കളുമായി നടന്ന സംഭാഷണങ്ങൾക്കിടയിൽ ഇടപെട്ടു കൊണ്ട് സാർ ചോദിച്ചു.

''എന്തൊക്കയായി ഒരുക്കങ്ങൾ?""
''ദയവു ചെയ്ത് നിങ്ങൾ ഞങ്ങളെ ഉപദ്രവിക്കരുത്. ഞാനെങ്ങനെയെങ്കിലും ഈ കുട്ടിയെ ഒരുത്തന്റെ കൂടെ പറഞ്ഞയ്‌ക്കട്ടെ.""
സാറിന്റെ ഭാര്യ ടീച്ചർ, തുടർന്ന് ''നിങ്ങളുടെ കൂടെ നടന്നവരെല്ലാം മന്ത്രിമാരായി, എം.എൽ.എ.മാരായി, ഉന്നതങ്ങളിലെത്തി. നിങ്ങളെന്തിനാ ഈ സഞ്ചിയും തൂക്കി നടക്കുന്നു. ഒരച്‌ഛന്റെ സ്ഥാനത്ത് നിന്ന് നിങ്ങൾക്ക് എന്തെങ്കിലും ചെയ്യാൻ കഴിഞ്ഞോ? ആദർശം കൊണ്ടു മാത്രം കുടുംബം പോറ്റാനാവില്ല.""
സുകുമാരൻ സാറിന്റെ ജിവിതത്തിലാദ്യമായി താൻ തോറ്റുപോയി എന്നു തോന്നി.

''ടീച്ചറുടെ പരാതി ഒരമ്മയുടെ വേദനയാണ്, നിലവിളിയാണ്.""

സാർ നിശബ്‌ദനായി. തന്റെ മുന്നിൽ ഇരുൾ പടരുന്നതായി തോന്നി. ജീവിതത്തിന്റെ സായാഹ്നത്തിൽ ഇനി എങ്ങോട്ടു പോകും? എല്ലാ വഴികളിലും ഇരുൾ പടർന്ന ആ സന്ധ്യയിൽ സാർ വിടിന്റെ പടികളിറങ്ങി. നടന്നു നടന്നു സമുദ്രതീരത്തെത്തി. സമുദ്രം സുകുമാരൻ സാറിനെ ഇരുകരങ്ങളും നീട്ടി സ്വീകരിച്ചു. തീരത്താർത്തു വന്ന തിരമാലകൾ ഒന്നുമറിയാത്ത ഭാവത്തിൽ സാറിനെയും കൊണ്ട് മടങ്ങി പോയി. നിലയ്‌ക്കാത്ത തിരമാലകൾ വീണ്ടും വീണ്ടും തീരത്തടിഞ്ഞു കൊണ്ടിരുന്നു. സമുദ്രത്തിന്റെ ആഴങ്ങളിൽ മറയുന്ന ആ സന്ധ്യയുടെ കണ്ണുകൾ ഈറനണിഞ്ഞിരിക്കാം.