 
മസൂറിയിൽ നിന്ന് ട്രെക്കിംഗിനായി ഹർ-കി-ദൂൺ; ഗ്രൂപ്പിൽ കുറി വീണു. പുറപ്പെടുമ്പോൾ വഴി നീളെ പെരുമഴ. മണ്ണിടിച്ചിലിൽ ഭീകര ഗർത്തങ്ങൾ വശങ്ങളിലുള്ള വളഞ്ഞു പുളഞ്ഞ റോഡുകളിലൂടെ ഒരു പകൽ ബസ് യാത്ര. പൈൻ കാടുകൾക്കിടയിലെ ഇടുങ്ങിയ വഴിയിലേക്ക് ബസ് കടന്ന് മോറി എത്തുമ്പോൾ മുതൽ കുതിച്ചു പായുന്ന ടോൺസ് നദിയുമുണ്ട്. സാംക്രിയിലെ ബേസ് ക്യാമ്പിൽ രാത്രി തങ്ങി. പിറ്റേന്നു വെളുപ്പിനു തന്നെ താലൂക്കയിലെത്തി. അവിടെ നിന്ന് ഗ്രൂപ്പിന്റെ ഗൈഡായ ഐ.ടി.ബി.പി യിലെ ഹവിൽദാർ ബച്ചൻ സിംഗ് ഒപ്പം.
ജംഗിൾ ബൂട്ട്സ് നനഞ്ഞു കാലിലേക്കു വെള്ളമിറങ്ങി തണുത്തു തുടങ്ങിയാൽ ബുദ്ധിമുട്ടാകും. അതുകൊണ്ട് മെഴുകുതിരി ഉരുക്കി മെഴുകു തേച്ച് ജംഗിൾ ബൂട്ട്സ്  'വാട്ടർ പ്രൂഫ് " ആക്കി. ചാറ്റൽ മഴ നനയാതെ നേരിയ പ്ലാസ്റ്റിക് ഷീറ്റ് കൊണ്ടുളള ആവരണം തലയ്ക്കും റക്സാക്കിനും മുകളിലൂടെ ഇട്ട് നടത്തം. വഴി നീളെ ബിച്ചു ബൂട്ടിച്ചെടികളുണ്ട്. അവ ദേഹത്തു തട്ടിയാൽ മേലാകെ ചൊറിഞ്ഞു തിണർക്കും. പേരറിയാത്ത എത്ര ചെടികളും പൂക്കളും! ബച്ചൻ സിംഗ്ജിയോടു ഞാൻ ചട്ടംകെട്ടി... ഉച്ചഭക്ഷണം കഴിക്കാനായി ഏറ്റവും ഭംഗിയുളള സ്ഥലത്തു വേണം ഇരിക്കാൻ. കളകളമൊഴുകുന്ന നദിയും ഒരായിരം മഴവില്ലുകൾ വിരിഞ്ഞതുപോലെ പൂക്കളുമുളള സ്ഥലം തന്നെ അതിനു കണ്ടെത്തി.
വീണ്ടും നടന്നു തുടങ്ങിയപ്പോൾ ചെമ്മരി ആട്ടിൻ പറ്റങ്ങളെ മേയ്ച്ചു കൊണ്ട് ഷെർപ്പകൾ. അവരോടു ഗ്രാമ വിശേഷങ്ങളൊക്കെ ചോദിച്ച് നടത്തം. രാത്രി ക്യാമ്പ് ചെയ്ത തടിക്കെട്ടിടത്തിൽ വൈദ്യുതിയില്ല. തണുപ്പകറ്റാനായി കുറച്ചു വിറകു പെറുക്കി തീ ഒരുക്കി. നനഞ്ഞ വിറകുകൾ കത്തിക്കാൻ പാടുപെട്ടു.
ട്രെക്കിംഗ് പാതയിൽ ഒരു കൊച്ചു കുഞ്ഞിനെയും പുറത്തു വച്ചുകെട്ടി രണ്ടു സഹോദരന്മാർ കുന്നിറങ്ങി വരുന്നു.കുഞ്ഞിനു സുഖമില്ല. അതിനെയും കൊണ്ടു സാംക്രിയിലേക്കു പോവുകയാണത്രേ. കുഞ്ഞിനെ തൊട്ടു നോക്കിയപ്പോൾ നന്നായി പനിക്കുന്നു. അതിനു പകുതി ക്രോസിൻ ഗുളിക കൊടുത്തു. കുട്ടിയുടെ കാലിൽ ഈച്ചയാർക്കുന്ന പഴുത്ത മുറിവ് വ്യത്തിയാക്കി മരുന്നു വച്ചു കെട്ടി. ദിവസങ്ങൾ നടന്നാൽ മാത്രം ആശുപത്രിയിലെത്താൻ കഴിയുന്ന ഗ്രാമങ്ങൾ... എത്ര സുന്ദരമായ പ്രദേശമാണെങ്കിലും ഈ വൈരുദ്ധ്യം മുളളായി മനസിൽ തറച്ചു. സഹോദരന്മാർക്ക് കൈവശമുണ്ടായിരുന്ന ബിസ്കറ്റ് പാക്കറ്റും അത്യാവശ്യം പണവും നൽകി യാത്രയാക്കി.
കുറച്ചുനേരം മുന്നോട്ടു നടക്കുമ്പോൾ രണ്ടു കുട്ടികൾ. അവർക്ക് കൈയിലുണ്ടായിരുന്ന ബിസ്കറ്റു നൽകിയപ്പോൾ മുഖത്തുണ്ടായ സന്തോഷം! നല്ല വിശപ്പുണ്ടായിരുന്നിരിക്കണം. ഒറ്റയടിയ്ക്ക് അവരതു തീർത്തു. ഞങ്ങളുടെ കൈയിലുണ്ടായിരുന്ന മിഠായി പാക്കറ്റു കൂടി കൊടുത്തപ്പോൾ എന്തെന്നില്ലാത്ത സന്തോഷം. റക്സാക്കിന്റെ ഭാരം കുറയ്ക്കാനായി ചുരുക്കം ഭക്ഷണ സാധനങ്ങളേ കരുതാറുള്ളൂ. അതിൽ വലിയ സങ്കടം തോന്നി. കുട്ടികൾ സന്തോഷപൂർവം ഏറെ ദൂരം നടന്നു വന്നു ഓസ്ലയിലെ ദുര്യോധന ക്ഷേത്രം കാണിച്ചു തന്നു. തടികൊണ്ട് നിർമ്മിച്ചതാണ് ക്ഷേത്രം. പാണ്ഡവരെ തേടി എത്തിയ ദുര്യോധനൻ ഈ പ്രദേശത്തിൽ ആകൃഷ്ടനായി ഇവിടെ കുറച്ചുനാൾ പാർത്തുവത്രേ. ആ ഗ്രാമീണർ ദുര്യോധനനോടുളള ആരാധനയിൽ പണിതതാണത്രേ ക്ഷേത്രം. ടോൺസ് നദി ദുര്യോധനന്റെ ആരാധകർ അദ്ദേഹം കൊല്ലപ്പെട്ടപ്പോൾ ഒഴുക്കിയ കണ്ണീരാണെന്നാണു വിശ്വാസം. ദെറാദൂണിന് ആ പേരു ലഭിച്ചതും 'ദുര്യോധനൻ" എന്ന പേരിൽ നിന്നാണെന്നു വിശ്വാസമുണ്ട്.
ട്രെക്കിംഗിനിടെ കണ്ട ഒരു മരത്തിന്റെ പുറം തോൽ പൊളിച്ചെടുത്താൽ കടലാസു പോലെയാണ്. അതിൽ ദ്രൗപദി തന്റെ വനവാസകാലത്തെ ദുഃഖങ്ങൾ ശ്രീക്യഷ്ണനെ എഴുതി അറിയിച്ചു എന്നൊരു കഥയുണ്ട്. അതിലൊരു കഷണം അടർത്തിയെടുത്ത് ഞാനെന്റെ റക്സാക്കിൽ സുവനീറായി കരുതി. വിശന്നു വലഞ്ഞാണ് ഞങ്ങൾ രാപ്പാർക്കാൻ ടെന്റൊരുക്കുമെന്നു പറഞ്ഞ സ്ഥലത്തെത്തിയത്. എന്നാൽ കൊടും മഴ കാരണം ഐ.ടി.ബി.പിക്കാർക്ക് അവിടെ എത്താനായില്ലത്രേ. ഒരു കൊച്ചു ചായക്കടയാണ് ആകെയുളളത്. കുറച്ചു റോട്ടിയും ഉള്ളിയും തരാമെന്ന് അവർ പറഞ്ഞു. ചൂടു ചപ്പാത്തിയും ഓരോ കഷണം ഉള്ളിയും. എങ്കിലും ലോകത്തേറ്റവും സ്വാദുളള ഭക്ഷണമാണതെന്നു തോന്നി. കൂട്ടത്തിൽ ഏറ്റവും വിശന്നുപോയ കൃഷ്ണയുടെ കമന്റ്... ഒരാനക്കുട്ടിയെ തിന്നാനുളള വിശപ്പുണ്ട്. ചപ്പാത്തിയെങ്കിലും കിട്ടിയല്ലോ...
കോരിച്ചൊരിയുന്ന മഴയിൽ അടുപ്പിന്റെ ചൂടിനടുത്തു പതിനഞ്ചു മിനിറ്റിരുന്ന ആശ്വാസം! ബാക്കി ദൂരം മുഴുവൻ നടന്ന് ഹർ-കി-ദൂണിലെത്തുകയേ നിവ്യത്തിയുളളൂ...വിശപ്പ്  വല്ലാതെ അലട്ടുന്നുണ്ട്. വഴിയിൽ ചില ഭംഗിയുളള പഴങ്ങൾ കണ്ട് ലക്ഷ്മിയും ഞാനും അവ പറിച്ചുതിന്നു... ആഹാ എന്തൊരു രുചി! ധാരാളം കഴിച്ചു കഴിഞ്ഞപ്പോൾ ഞങ്ങൾ വിചാരിച്ചു.. ഇനി ഇവയ്ക്കു വിഷമാണെങ്കിലും വേണ്ടില്ല... വിശന്നു മരിക്കുന്നതിലും ഭേദമല്ലേ. ഇരുൾ പരന്നതിനൊപ്പം ചാറ്റൽ മഴയിൽ നിലാവു തെളിഞ്ഞു. ഇടയ്ക്കു കരടിയോ പുലിയോ നടപ്പാതയിൽ കണ്ടേക്കാം എന്ന മുന്നറിയിപ്പു കൂടി ബച്ചൻ സിങ്ജി തന്നിരുന്നതിനാൽ ചെറിയ പേടിയില്ലാതില്ല. നടപ്പിനു വീണ്ടും വേഗം കൂട്ടി... ഒടുവിൽ താമസസ്ഥലത്തെ മുനിഞ്ഞ വെട്ടം അകലെ തെളിഞ്ഞു.
നനഞ്ഞു കുതിർന്ന വസ്ത്രം മാറ്റി ചൂടു കട്ടൻ ചായയും കുടിച്ചു തീകായുമ്പോഴാണ് തെളിഞ്ഞ നിലാവും നക്ഷത്രങ്ങളും ആകാശഗംഗയും മഞ്ഞു മൂടിയ കൊടുമുടികളും കൊണ്ടു മനോഹരമായ സ്വർഗഭൂമിയുടെ സൗന്ദര്യം മനസിൽ പതിയുന്നത്. ഒടുവിലങ്ങനെ യുധിഷ്ഠിരൻ സ്വർഗ്ഗത്തിലേക്കു പ്രവേശിച്ചെന്നു കരുതപ്പെടുന്ന ദൈവത്തിന്റെ താഴ്വരയിൽ!